ഹൗസ് ഡ്രൈവർ ഉൾപ്പെടെയുള്ള വീട്ടുജോലി വിസകളിൽ നിയന്ത്രണം; ഇനി മുതൽ പ്രവാസികൾക്ക് സ്വന്തം രാജ്യക്കാർക്ക് വിസ അനുവദിക്കില്ല

സൗദി അറേബ്യയിലെ പ്രവാസികൾക്ക് സ്വന്തം രാജ്യങ്ങളിൽ നിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ അനുവദിക്കില്ലെന്ന് മുസാനെദ് പ്ലാറ്റ്ഫോം അറിയിച്ചു. എന്നാൽ മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരെ ഗാർഹിക തൊഴിലാളികളായി കൊണ്ടുവരാൻ പ്രവാസികൾക്ക് വിസ അനുവദിക്കുമെന്നും മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് (MHRSD) കീഴിലുള്ള മുസാനെദ് പ്ലാറ്റ്ഫോം വ്യക്തമാക്കി.

https://musaned.com.sa/terms/faq_reg എന്ന ലിങ്ക് സന്ദർശിച്ചുകൊണ്ട് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട്‌ ചെയ്യുന്നതിനുളള നിയമങ്ങളും നിയന്ത്രണങ്ങളും മനസിലാക്കാം. കൂടാതെ വിസ നേടുന്നതിന് ആവശ്യമായ സാമ്പത്തിക ശേഷിയും പരിശോധിക്കാൻ മുസാനെദ് പ്രവാസികളോട് അഭ്യർത്ഥിച്ചു.

പ്രവാസികൾക്ക് മറ്റൊരു രാജ്യത്ത് നിന്നുള്ള ഗാർഹിക തൊഴിലാളിയെ റിക്രൂട്ട് ചെയ്യുന്നതിന് വിസ അനുവദിക്കും. എന്നാൽ അതിന്  ബാങ്ക് രേഖ സമർപ്പിച്ച് സാമ്പത്തിക ശേഷി തെളിയിക്കണം. ഒരു തൊഴിലാളിക്ക് വേണ്ടി വിസ അനുവദിക്കാൻ അപേക്ഷകനായ പ്രവാസിക്ക് 1,00,000 റിയാൽ ബാങ്ക് ബാലൻസ് നിർബന്ധമാണ്. കൂടാതെ അപേക്ഷകനായ പ്രവാസിക്ക് കുറഞ്ഞത് 10,000 റിയാൽ ശമ്പളമുണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്.

രണ്ടാമത്തെ തൊഴിലാളിക്ക് വേണ്ടി വിസക്ക് അപേക്ഷിക്കുമ്പോൾ 2,00,000 റിയാൽ ബാങ്ക്  ബാലൻസും, 20,000 റിയാലിൽ കുറയാത്ത ശമ്പളവും നിർബന്ധമാണ്. ബാങ്ക് ബാലൻസ് തെളിയിക്കുന്നതിനായവശ്യമായ രേഖകളും, പ്രതിമാസ വേതനം തെളിയിക്കുന്നതിനായി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (GOSI) നൽകുന്ന സർട്ടിഫിക്കറ്റും സാമ്പത്തിക ശേഷി തെളിയിക്കുന്നതിനായി  സമർപ്പിക്കേണ്ടതാണ്. ഇത് വിസയ്ക്ക് അപേക്ഷ സമർപ്പിച്ച തീയതി മുതൽ 60 ദിവസത്തിൽ കൂടാൻ പാടില്ല.

ഗാർഹിക സേവനങ്ങൾക്കും ഹോം എംപ്ലോയ്‌മെന്റ് പ്രോഗ്രാമുകൾക്കുമായി മുസാനെദ് പ്ലാറ്റ് ഫോമാണ് മന്ത്രാലയം നിശ്ചയിച്ചിട്ടുള്ളത്. കൂടാതെ റിക്രൂട്ട്‌മെന്റ് യാത്ര മെച്ചപ്പെടുത്തുന്നതിനും സുഗമമാക്കുന്നതിനും നിരവധി സേവനങ്ങൾ ഇതിൽ  ലഭിക്കും.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

Share
error: Content is protected !!