സൗദിയിലെ കടകളിൽ കയറി ‘വിലമാറ്റിയിടൽ’ തട്ടിപ്പ്; മലയാളികൾ സിസിടിവിയിൽ കുടുങ്ങി, അറസ്റ്റ്
സൗദിയിലെ സൂപ്പർ മാർക്കറ്റുകളില്‍ വിലകൂടിയ സാധനത്തിന് മേൽ വില കുറഞ്ഞ സാധനങ്ങളുടെ പ്രൈസ് സ്റ്റിക്കർ പതിച്ച് തട്ടിപ്പിന് ശ്രമിച്ച മലയാളികൾ കുടുങ്ങി. സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നവരെ കണ്ടെത്തിയത്. ചെറിയ ലാഭത്തിന് വേണ്ടി ഇത്തരത്തിൽ കുറ്റകൃത്യം ചെയ്താൽ വലിയ വില കൊടുക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകുകയാണ് റിയാദിലെ സാമൂഹിക പ്രവർത്തകനും ഇന്ത്യൻ എംബസി ജീവകാരുണ്യവിഭാഗം വൊളന്റിയറുമായ സിദ്ദീഖ് തുവ്വൂർ. റിയാദിലെ പ്രമുഖ സൂപ്പർ മാർക്കറ്റിൽ നിന്ന് കുറഞ്ഞ വിലയുള്ള സാധനങ്ങളുടെ സ്റ്റിക്കർ ഇളക്കിയെടുത്ത ശേഷം വില കൂടിയ സാധനത്തിൽ പതിപ്പിച്ച് തട്ടിപ്പ് നടത്താൻ ശ്രമിച്ച് ജയിലിലകപ്പെട്ട മലയാളിയുടെ കേസ് രണ്ടാഴ്ച മുൻപാണ് പുറത്ത് വന്നത്.
വ്യാപാരസ്ഥാപനങ്ങളിലും മറ്റും വില പരസ്പരം മാറ്റി തട്ടിപ്പ് നടത്തി പണം ലാഭിക്കാൻ ശ്രമിച്ച് ശിക്ഷ അനുഭവിക്കേണ്ടി വന്ന ഒട്ടേറെ പേരുണ്ടെന്നും അത്തരത്തിൽ നടന്ന ചെറുതും വലുതുമായ പല സംഭവങ്ങളും കണക്കിലെടുത്താണ് വിവരങ്ങൾ പങ്കുവയ്ക്കുന്നതെന്നും സിദ്ദീഖ് പറയുന്നു. സ്റ്റിക്കർ മാറ്റി പതിപ്പിച്ച സംഭവങ്ങളും പണം നൽകാതെ സാധനങ്ങളുമായി മുങ്ങുന്നതുമായ നിരവധി സംഭവങ്ങള്‍ അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. മലയാളികളടക്കം ചിലരൊക്കെ ഇത്തരം കുറ്റകൃത്യങ്ങളുടെ ഭാഗമായി ശിക്ഷിക്കപ്പെടുന്ന സംഭവങ്ങൾ പ്രവാസി സമൂഹത്തിനാകെ മാനക്കേടുണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് സാമൂഹിക മാധ്യമത്തിലൂടെ സിദ്ദീഖ് തുവ്വൂർ ബോധവൽക്കരണ ശ്രമം തുടങ്ങിയത്.
8 റിയാലിന്റെ വില മാറ്റത്തിൽ തട്ടിപ്പ് നടത്തിയ മലയാളിക്ക് ഒന്നരമാസം ജയിലിൽ കഴിയേണ്ടി വന്നതായി സിദ്ദീഖ് പറയുന്നു. ഇതുവരെയും കേസ് ഒത്തു തീർപ്പാക്കിയതിന്റെ രേഖ സ്റ്റേഷനിൽ ഹാജരാക്കിയിരുന്നില്ല. മറ്റൊരു സംഭവത്തിൽ പ്രമുഖ സൂപ്പർ മാർക്കറ്റിൽ ഒരു മാസം മുന്‍പ് ഒരു മലയാളി ഡ്രൈവർ പുതിയ വാച്ച് പോക്കറ്റിലിട്ട് പുറത്തിറങ്ങിയപ്പോൾ സുരക്ഷാ ജീവനക്കാർ പിടികൂടി. തുടർന്ന് കുഴപ്പത്തിലായ അയാളും മറ്റുചിലരും തന്നെ ബന്ധപ്പെട്ടു. വിവരമറിഞ്ഞപ്പോൾ മാനേജ്മെന്റുമായി സംസാരിച്ച് പിഴ അടച്ച് വിഷയം ഒത്തുതീർപ്പാക്കുകയായിരുന്നു. അറിയാതെ അബദ്ധത്തിൽ പോക്കറ്റിലിട്ടുപോയതാണെന്നാണ് അയാൾ പറഞ്ഞത്. സമൂഹികപ്രവർത്തകരുടെ ഉറപ്പിൽ മാത്രമാണ് മിക്കപ്പോഴും സ്ഥാപന മാനേജ്മെന്റ് പൊലീസ് കേസാക്കാതെ ഒത്തുതീർപ്പിന് വഴങ്ങുന്നത്. വലിയ വരുമാനമുള്ള ചിലരും ഇത്തരം മോശം പ്രവണത കാണിക്കുന്നതായും പറയുന്നു.
സർക്കാർ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ലക്ഷങ്ങൾ ശമ്പളമുള്ള മലയാളി ഉദ്യോഗസ്ഥൻ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നിന്ന് വസ്ത്രങ്ങൾ വാങ്ങി തുണിത്തരത്തിലെ സ്റ്റിക്കർ ഇളക്കി മാറ്റി പകരം കുറഞ്ഞ തുകയുള്ള തുണിത്തരത്തിന്റെ സ്റ്റിക്കർ പതിപ്പിച്ചതിനെ തുടർന്ന് പിടിക്കപ്പെട്ടിരുന്നു. സംശയം തോന്നിയ ബില്ലിങ് സ്റ്റാഫ് പരിശോധിച്ചപ്പോഴാണ് പിടിക്കപ്പെട്ടത്. സിസിടിവി റെക്കോർഡിൽ എല്ലാ തെളിവുകളും പതിഞ്ഞിട്ടുള്ളതായി കണ്ടെത്തി. തെറ്റ് ചെയ്തതായി അയാൾ സമ്മതിക്കുകയും ചെയ്തു. തുടർന്ന് പിഴ അടച്ചതിനെ തുടർന്നാണ് സംഭവം ഒത്തു തീർപ്പായത്.
തെറ്റ് ചെയ്യുന്നവരുടെ കുടുംബങ്ങളുടെ പ്രയാസം കാണുമ്പോഴാണ് ഗത്യന്തരമില്ലാതെ ഇത്തരം വിഷയങ്ങളിലിടപെടുന്നത്. നിസാര തുക ലാഭിക്കാൻ വേണ്ടി കാണിച്ചുകൂട്ടുന്ന കൃത്രിമം പിടിക്കപ്പെടുമ്പോൾ പിഴയിനത്തിൽ വൻതുക നൽകേണ്ടി വരും. കൂടാതെ ജയിലും മാന നഷ്ടവുമായിരിക്കും കാത്തിരിക്കുന്നതുമെന്നും സിദ്ദീഖ് തുവ്വൂർ വ്യക്തമാക്കുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക