ജോലി സ്ഥലങ്ങളിലെ പീഡനം; കനത്ത ശിക്ഷ, അഞ്ചു വര്‍ഷം തടവും 3 ലക്ഷം റിയാൽ വരെ പിഴയും

ജോലിസ്ഥലങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അഭയകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ പീഡനത്തിന് കടുത്ത ശിക്ഷ നല്‍കാന്‍ സൗദി അറേബ്യ. അഞ്ചു വര്‍ഷം വരെ തടവോ പരമാവധി 300,000 റിയാലോ (66 ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ) ആണ് ശിക്ഷയായി ലഭിക്കുക. ചില സാഹചര്യങ്ങളില്‍ തടവുശിക്ഷയും പിഴയും ഒരുമിച്ചും ലഭിക്കാം.

പൊതു, സ്വകാര്യ മേഖലകളിലെ തൊഴിലിടങ്ങളില്‍ പീഡനം തടയുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട യൂണിറ്റുകളോട് സൗദി പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പീഡത്തെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെട്ട ഏജന്‍സികളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും പ്രോസിക്യൂട്ടര്‍മാര്‍ വ്യക്തമാക്കി.

ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കെതിരെ പോരാടുവാനും സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമായി സൗദിയില്‍ സമീപ കാലത്ത് ശക്തമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ലൈംഗിക പീഡനത്തിന് അഞ്ചു വര്‍ഷം വരെ തടവും പരമാവധി 300,000 റിയാല്‍ പിഴയും ശിക്ഷ നല്‍കുന്ന നിയമത്തിന് 2018ല്‍ സൗദി അറേബ്യ അംഗീകാരം നല്‍കിയിരുന്നു.

ലൈംഗികാതിക്രമം നേരിടുന്ന വ്യക്തി നിയമപരമായി പരാതി നല്‍കിയില്ലെങ്കിലും ശിക്ഷയില്‍ മാറ്റം വരുത്താനാവില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. പീഡന കേസില്‍ മൂന്ന് വര്‍ഷം തടവും ഒരു ലക്ഷം റിയാല്‍ പിഴയും അല്ലെങ്കില്‍ ഇവ രണ്ടും ഒന്നിച്ചോ അനുഭവിക്കണം. എന്നാല്‍ ലൈംഗികാതിക്രമം നേരിടുന്നത് കൊച്ചു കുട്ടിയോ, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വ്യക്തിയോ ആല്ലെങ്കില്‍ ഉറങ്ങുമ്പോഴോ അബോധാവസ്ഥയിലോ ആണ് പീഡനത്തിന് വിധേയയാകുന്നത് എങ്കിലോ അഞ്ച് വര്‍ഷം വരെ തടവും പരമാവധി മൂന്ന് ലക്ഷംവരെ പിഴയൊ അല്ലെങ്കില്‍ ഇവ രണ്ടും ഒന്നിച്ചോ ആണ് ശിക്ഷ.

ഇരയാക്കപ്പെട്ട വ്യക്തി പരാതി നല്‍കുന്നതില്‍ പരാജയപ്പെടുകയോ പിന്മാറുകയോ ചെയ്താലും പൊതുനന്മയ്ക്കായി ആവശ്യമായ നിയമനടപടി സ്വീകരിക്കാനുള്ള അധികാരം പ്രോസിക്യൂഷനുണ്ടെന്ന് സൗദി മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കുന്നു.

സമൂഹമാധ്യമങ്ങള്‍ പോലുള്ള നൂതന സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടെ ഉപയോഗിച്ചോ അല്ലാതെയോ നടത്തുന്ന ലൈംഗിക പ്രേരണ നല്‍കുന്ന പദപ്രയോഗം, പ്രവൃത്തി അല്ലെങ്കില്‍ ചലനം, ഏതെങ്കിലും വിധത്തില്‍ ശരീരത്തെ പരാമര്‍ശിക്കുന്നതോ മാന്യതയ്ക്ക് നിരക്കാത്തതോ ആയ പരാമര്‍ശം, ദോഹോപദ്രവം എന്നിവയും ലൈംഗിക അതിക്രമത്തിന്റെ പരിധിയില്‍ വരും.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!