സൗദിയിലെത്തിയിട്ട് 31 വർഷങ്ങൾ, കുടുംബത്തെ മറന്ന് പ്രവാസ ജീവിതം; ഒടുവിൽ മലയാളിയെ വീട്ടുകാരും കയ്യൊഴിഞ്ഞു
സൗദിയിലെത്തിയിട്ട് 31 വർഷം. അതിനു ശേഷം ഇതുവരെ നാടു കണ്ടിട്ടില്ല, പാസ്പോർട്ടോ മറ്റു രേഖകളോ ഇല്ല. തിരിച്ചുപോകാനിടവുമില്ല. ആരോഗ്യം ക്ഷയിച്ച പ്രവാസി മലയാളിക്ക് നാട്ടിലേക്കു മടങ്ങാൻ വഴിതേടുകയാണ് സാമൂഹിക പ്രവർത്തകർ. നാടും വീടും കുടുംബത്തെയും മറന്ന പ്രവാസ ജീവിതത്തിന്റെ മുപ്പതാണ്ടുകൾക്ക് ഉത്തരമില്ലാതെ കൊല്ലം, പുനലൂർ സ്വദേശി ബാലചന്ദ്രൻ പിള്ളയുടെ ബാക്കിയായ ജീവിതമൊരു ചോദ്യചിഹ്നമായി തുടരുന്നു.
1992 ലാണ് ബാലചന്ദ്രൻ പിള്ള ജോലിക്കായി റിയാദിൽ വിമാനമിറങ്ങുന്നത്. ഇലക്ട്രിക്കൽ, പ്ലംബിങ് പണികളുമായി റിയാദിലെ അൽഖർജിലായിരുന്നു ആദ്യ കാലം. മൂന്നു വർഷം കഴിഞ്ഞപ്പോൾ സ്പോൺസർ മരിച്ചു. അദ്ദേഹത്തിന്റെ കയ്യിലായിരുന്ന സ്വന്തം പാസ്പോർട്ട് അതിനു ശേഷം ബാലചന്ദ്രൻ കണ്ടിട്ടില്ല. പാസ്പോർട്ടോ താമസ, തൊഴിൽ രേഖയായ ഇഖാമയോ ഇല്ലാതെ പിന്നീട് പലയിടങ്ങളിൽ മാറിമാറി ജോലിചെയ്തു.
അധികൃതരുടെ പരിശോധനകളില്ലാത്ത ഇടങ്ങളിലായിരുന്നു തൊഴിലെടുത്തിരുന്നത്. ഒരുപാട് കാലം ഒരു സ്ഥലത്തു തന്നെ തുടരുന്ന സ്വഭാവം ഇല്ലായിരുന്നു. സ്ഥിരമായൊരു താവളമില്ലാത്തതിനാൽ, അടുത്ത സുഹൃത്തുക്കൾക്കു പോലും ഇയാൾ എവിടെയാണെന്ന് പലപ്പോഴും അറിയില്ലായിരുന്നു.
∙ നാട്ടിലേക്കു പിൻവിളിയുമായെത്തിയ രോഗകാലം
സിരകളിലെ രക്തത്തിളപ്പിന്റെ കാലം കടന്നു പതുക്കെ കിതപ്പും ചുമയുമൊക്കെ തല പൊക്കിത്തുടങ്ങി. അപ്പോഴേക്കും പ്രവാസം കാൽനൂറ്റാണ്ടു പിന്നിട്ടിരുന്നു. നാട്ടിലേക്കു മടങ്ങണമെന്നോ ഭാര്യയെയും മകളെയും കുടുംബത്തെയും കാണണമെന്നോ തോന്നാതിരുന്നതിന്റെ കാരണങ്ങളെപ്പറ്റി ബാലചന്ദ്രന് മറുപടിയുമില്ലായിരുന്നു.
കോവിഡ് പടർന്നപ്പോഴാണ് ബാലചന്ദ്രൻ സ്വന്തം ജീവിതത്തെ ഒന്നു തിരിഞ്ഞുനോക്കിയത്. കോവിഡ് പിടികൂടിയ ബാലചന്ദ്രന് മതിയായ ചികിത്സ തേടാൻ കഴിഞ്ഞില്ല. നിയമപരമായ രേഖകളൊന്നും കൈവശമില്ലാത്തതിനാൽ ആശുപത്രികളിലോ ചികിത്സാ കേന്ദ്രങ്ങളിലോ പോകുന്നതിന് കഴിയുമായിരുന്നില്ല. ഫാർമസികളിൽനിന്നു കൂട്ടുകാരുടെ സഹായത്തോടെ വാങ്ങുന്ന മരുന്നു കൊണ്ടു സ്വയം ചികിത്സ നടത്തിയാണ് കോവിഡ് കാലം മറികടന്നത്.
കോവിഡനന്തരം വീണ്ടെടുക്കാനാവാത്ത വിധം ആരോഗ്യം ക്ഷയിച്ചു തുടങ്ങിയതോടെ രോഗങ്ങളും കൂട്ടിനെത്തിയപ്പോഴാണ് നാട്, വീട് എന്ന ഉൾവിളി വന്നുതുടങ്ങിയത്. റിയാദിലെ മിക്ക സംഘടനകളെയും സമീപിച്ചുവെങ്കിലും അവരെല്ലാം കൈമലർത്തി. സൗദിയിൽ എത്തിയതിന് തെളിവായി നൽകാവുന്ന ഒരു രേഖയുമില്ലാത്തതായിരുന്നു തടസ്സം. രോഗങ്ങളാൽ അവശനായ ബാലചന്ദ്രൻ പിളളയ്ക്ക് രേഖകളില്ലാത്തതിനാൽ ചികിത്സയും ബുദ്ധിമുട്ടായി. ഇൻഷുറൻസ് ഇല്ലാത്തതിനാൽ വലിയ തുക ചികിത്സയ്ക്കായി കണ്ടെത്തേണ്ടി വരുമെന്നതിനാൽ സഹായത്തിനു മുന്നോട്ടു വന്നവരും ഏറ്റെടുക്കാതെ പിൻവലിഞ്ഞു.
∙ റിസ്കാണ്; പലരും കയ്യൊഴിഞ്ഞിട്ടും കേളി പ്രവർത്തകർ തുണയായി
ബാലചന്ദ്രന്റെ ദുരവസ്ഥയും പരിതാപകരമായ സാഹചര്യവും ഒടുവിൽ റിയാദ് കേളി കലാ സാംസ്കാരിക പ്രവർത്തകരെ ചിലർ അറിയിച്ചു. ചികിത്സ ഉറപ്പാക്കിയ കേളി പ്രവർത്തകർ ബാലചന്ദ്രൻ പിള്ളയെ റിയാദ് ഹയാത്ത് നാഷനൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒപ്പം ഇന്ത്യൻ എംബസിയിൽ കേളി പ്രവർത്തകർ ബാലചന്ദ്രന്റെ കദനകഥ ധരിപ്പിച്ചു. തുടർന്ന് എംബസി ഇടപെട്ട് മികച്ച ചികിത്സയ്ക്കായി ശുമൈസിയിലെ കിങ് സൗദ് മെഡിക്കൽ സിറ്റിയിലെത്തിച്ചു.
ഇതിനിടെ കേളി പ്രവർത്തകർ നാട്ടിലുള്ള ഭാര്യയെയും മകളെയും വിവരമറിയിച്ചു. പക്ഷേ കഴിഞ്ഞ 31 വർഷമായി തങ്ങളെ തിരിഞ്ഞു നോക്കാതെ ജീവിച്ച ബാലചന്ദ്രനെ സ്വീകരിക്കാൻ കഴിയില്ലെന്നായിരുന്നു മറുപടി. ഇതോടെ കേരള സർക്കാരിന്റെ ഏതെങ്കിലും അഗതി മന്ദിരത്തിലോ വയോജന സംരക്ഷണ കേന്ദ്രത്തിലോ എത്തിച്ച് സംരക്ഷണമൊരുക്കാനാണ് കേളി പ്രവർത്തകർ ശ്രമിക്കുന്നത്. കേരളാ പ്രവാസി സംഘം കൊല്ലം ജില്ലാ ഘടകവുമായി ചേർന്ന് അതിനായുളള ശ്രമത്തിലാണ് കേളി കലാസംസ്കാരിക വേദി.
ലേബർകോടതി, തർഹീൽ (നാടുകടത്തൽ കേന്ദ്രം) എന്നിവിടങ്ങളിൽ ബാലചന്ദ്രന്റെ രേഖകൾ ശരിയാക്കുന്നതിനായി കേളി ജീവകാരുണ്യവിഭാഗം പ്രവർത്തകർ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. 31 വർഷം മുൻപ് സൗദിയിൽ എത്തിയതാണെന്നുള്ള രേഖകളൊന്നും ഇല്ലാത്തതിനാൽ ലേബർകോടതി രണ്ടു പ്രാവശ്യമാണ് അപേക്ഷ നിരസിച്ചത്. നാടുകടത്തൽ കേന്ദ്രം (തർഹീൽ) മുഖാന്തരം വിരലടയാളം എടുക്കാനാണ് തുടർന്ന് ശ്രമിച്ചത്. രണ്ടു വട്ടം അവിടെയും അനുകൂലമായില്ലെങ്കിലും മൂന്നാം ശ്രമത്തിൽ അനുമതി ലഭിച്ചതോടെ വിരലടയാളം പതിച്ചു കിട്ടി. ബാലചന്ദ്രന്റെ ആരോഗ്യ സ്ഥിതി വീണ്ടെടുക്കുകയും എംബസിയുടെ നടപടിക്രമങ്ങൾ പൂർത്തിയാകുകയും ചെയ്യുന്ന മുറയ്ക്ക് നാട്ടിലെത്തിക്കാനാവുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് കേളി കലാ സാംസ്കാരിക വേദിയുടെ പ്രവർത്തകർ.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക