പ്രവാസികൾക്ക് നൊമ്പരമായി മൻസൂറിൻ്റെ വിയോഗം; അനുസ്മരിച്ച് ജിദ്ദയിലെ അര്‍ജന്‍റീന ഫാന്‍സ് അസോസിയേഷന്‍

ജിദ്ദ: അന്തരിച്ച പ്രവാസി വ്യവസായിയും ജിദ്ദയിലെ സാമൂഹിക സാംസ്കാരിക കായിക മേഖലയില്‍ നിറ സാന്നിദ്യവുമായിരുന്ന പള്ളിപ്പറമ്പന്‍ മന്‍സൂർ (42) ൻ്റെ പേരില്‍ ജിദ്ദയിലെ അര്‍ജന്‍റീന ഫാന്‍സ് അസോസിയേഷന്‍ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. അര്‍ജന്‍റീന ഫാന്‍സ് അസോസിയേഷന്‍റെ മുഖ്യ സംഘാടകരില്‍ ഒരാളായ മന്‍സൂര്‍ ജീവകാരുണ്യ രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചതെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ പറഞ്ഞു. മന്‍സൂറിന് വേണ്ടി മയ്യിത്ത് നമസ്കാരവും, മൗന പ്രാര്‍ത്ഥനയും നടത്തി. അസോസിയേഷന്‍ ചെയര്‍മാന്‍ ഹിഫ്സുറഹ്മാന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ സാമൂഹിക-സാംസ്കാരിക-കായിക-മാധ്യമ രംഗത്തെ നിരവധി പ്രമുഖര്‍ സംബന്ധിച്ചു.

ഷിബു തിരുവനന്തപുരം, സലാഹ് കാരാടന്‍, കബീര്‍ കൊണ്ടോട്ടി, ജാഫറലി പാലക്കോട്, റാഫി ബീമാപ്പള്ളി, ബിനുമോന്‍, രാധാകൃഷ്ണന്‍ കാവുബായി, ഷാഫി ഗൂഡല്ലൂർ, സുബൈര്‍ ആലുവ, റഹീം വലിയോറ, നൌഫല്‍ ബിന്‍ കരീം, മന്‍സൂര്‍ വയനാട്, മുജീബ് മൂത്തേടത്ത്, അന്‍വര്‍, സിദ്ധീഖ്, വാസു, ഹാരിസ് കൊന്നോല, ഇസ്ഹാഖ് കൊട്ടപ്പുറം, ഫൈസൽ മൊറയൂർ തുടങ്ങിയവര്‍ സംസാരിച്ചു. ജലീല്‍ കണ്ണമംഗലം സ്വാഗതവും അനില്‍ കുമാര്‍ ചക്കരക്കൽ നന്ദിയും പറഞ്ഞു.

ജിദ്ദയിലെ ഷറഫിയയില്‍ സ്ഥാപനങ്ങള്‍ നടത്തിവന്നിരുന്ന മന്‍സൂര്‍ പെരിന്തല്‍മണ്ണ പുഴക്കാട്ടിരി കടുങ്ങപുരം സ്വദേശിയാണ്. കഴിഞ്ഞ ജൂൺ 30ന് ജിദ്ദയിലെ ഒരു നീന്തല്‍കുളത്തില്‍ വെച്ചുണ്ടായ അപകടത്തില്‍ സ്പൈനല്‍ കോഡിന് ഗുരുതരമായ പരിക്കേറ്റിരുന്നു. തുടർന്ന് ജിദ്ദയിലെ പ്രമുഖ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി എയര്‍ ആംബുലന്‍സില്‍ നാട്ടില്‍ എത്തിക്കുകയായിരുന്നു. പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയില്‍ വെച്ചാണ് കഴിഞ്ഞ ദിവസം ചികിത്സയ്ക്കിടെ മന്‍സൂര്‍ മരണപ്പെട്ടത്.

ഹുസൈന്‍ – റാബിയ ദമ്പതികളുടെ മകനാണ് മൻസൂർ. ഭാര്യ മുസൈന. മക്കള്‍: ഷിസ ഫാത്തിമ, അഷസ് മുഹമ്മദ്, ഹാസിം മുഹമ്മദ്, ഐസിന്‍ മുഹമ്മദ്. സഹോദരങ്ങള്‍: അബ്ദുന്നാസിര്‍, ബുഷ്‌റ, നിഷാബി.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!