സണ്ണി ലിയോൺ പങ്കെടുക്കുമെന്നു പ്രചാരണം; കോഴിക്കോട് ഫാഷൻ ഷോ വേദിയിൽ സംഘർഷം, പരിപാടി പൊലീസ് തടഞ്ഞു

കോഴിക്കോട് സണ്ണി ലിയോൺ പങ്കെടുക്കുമെന്നു പ്രചാരണം നടത്തിയ മെഗാ ഫാഷൻ ഷോ വേദിയിൽ വാക്കേറ്റവും സംഘർഷവും. നൂറോളം പൊലീസുകാരെത്തി പരിപാടി തടഞ്ഞു. നടത്തിപ്പുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘാടകരടക്കം എല്ലാവരെയും വേദിയിൽനിന്നു പുറത്താക്കി.

സരോവരത്തെ കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടത്തിവന്ന ‘ഫാഷൻ റേയ്സ്–വിൻ യുവർ പാഷൻ’  ഡിസൈനർ ഷോയും ‘ഗോൾഡൻ റീൽസ് ഫിലിം അവാർഡ്സ്’ പരിപാടിയുമാണ് സംഘർഷത്തിൽ കലാശിച്ചത്. പരിപാടിയുടെ പ്രധാന നടത്തിപ്പുകാരായ പ്രശോഭ് കൈലാസ് പ്രൊഡക്‌ഷൻ ഹൗസ് ഉടമ പ്രശോഭ് രാജിനെയാണ് നടക്കാവ് സിഐ പി.കെ.ജിജീഷിന്റെ നേതൃത്വത്തിലുള്ള സംഘം  കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ഏപ്രിൽ മുതലാണ് ‘ഫാഷൻ റേയ്സ്–വിൻ യുവർ പാഷൻ’ പരിപാടിക്കായി സമൂഹമാധ്യമങ്ങളിൽ വൻ പ്രചാരണം തുടങ്ങിയതെന്നു പൊലീസ് പറഞ്ഞു. മന്ത്രി ജെ.ചിഞ്ചുറാണിയും ചലച്ചിത്ര താരങ്ങളുമടക്കം അനേകം പേർ ആശംസകൾ നേരുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ  പരിപാടിയുടെ പ്രചാരണാർഥം പങ്കുവച്ചിരുന്നു.

ഫാഷൻ രംഗത്തു മുൻപരിചയമില്ലാത്ത കുട്ടികൾക്കും പരിപാടിയിൽ പങ്കെടുക്കാമെന്ന രീതിയിലായിരുന്നു പ്രചാരണം. ഒരു കുട്ടിക്ക് ആറായിരം രൂപയോളം ചെലവുവരുമെന്ന് അറിയിക്കുകയും ചെയ്തിരുന്നുവെന്നു പൊലീസ് പറഞ്ഞു. കോഴിക്കോട്ട് 3 ദിവസമായി നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ ഒരു ദിവസം മുൻപ് എത്തിച്ചേരാൻ കുട്ടികളോടും രക്ഷിതാക്കളോടും ആവശ്യപ്പെടുകയും ചെയ്തു. സംസ്ഥാനത്തൊട്ടാകെയുള്ള 764 കുടുംബങ്ങൾ കോഴിക്കോട്ട് എത്തിയതായും പൊലീസ് പറഞ്ഞു.

ട്രേഡ് സെന്ററിൽ കുട്ടികൾക്ക് ക്യാറ്റ് വാക് പരിശീലനം നൽകുമെന്നും ചലച്ചിത്രതാരങ്ങളും പ്രമുഖ ഡിസൈനർമാരും പരിശീലനം നൽകുമെന്നും അറിയിച്ചിരുന്നു. എന്നാൽ പ്രമുഖ ഡിസൈനർമാർ‍ ഉണ്ടായിരുന്നില്ല. കുട്ടികൾക്ക് നൽകിയ വസ്ത്രങ്ങൾ ഗുണനിലവാരം തീരെയില്ലാത്തതാണെന്നും ആരോപണം ഉയർന്നു.  തുടർന്ന് ഒന്നിനു വൈകിട്ട് ചെറിയരീതിയിൽ സംഘർഷമുണ്ടായി. ഇന്നലെ വൈകിട്ട് കുട്ടികൾക്ക് റാംപ് വാക്കിന് അവസരം നൽകുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഏതാനും മിനിറ്റു മാത്രമാണ് വേദിയിൽ കയറാൻ അവസരം നൽകിയതത്രെ.

വേദിയിൽ നിന്നു പുറത്തിറങ്ങിയ കുട്ടികൾക്കുള്ള ഷീൽഡുകളിൽ കുട്ടികളുടെ പേരുപോലും എഴുതിയിരുന്നുമില്ല. കുട്ടികളുടെ ചിത്രം നോക്കി ഷീൽഡുകൾ തിരഞ്ഞെടുക്കേണ്ടി വന്നതോടെ രക്ഷിതാക്കൾ പ്രതിഷേധം തുടങ്ങി.  സ്വകാര്യ സുരക്ഷാജീവനക്കാർ (ബൗൺസർമാർ) പ്രതിഷേധക്കാരെ തടയാൻ ശ്രമിച്ചത് കൂടുതൽ പ്രശ്നത്തിലേക്ക് നയിച്ചു. തുടർന്നാണ് നടക്കാവ് പൊലീസ് എത്തിയത്. ട്രേഡ് സെന്ററിൽ മെഗാ പരിപാടി നടക്കുന്നതിനുള്ള അനുമതികളൊന്നും നടത്തിപ്പുകാർ വാങ്ങിയിരുന്നില്ലെന്നു പൊലീസ് പറഞ്ഞു. ഇന്നലെ 3.30ന് ആണ് റവന്യു വകുപ്പിൽ പണമടച്ച് അനുമതി വാങ്ങിയത്. എന്നാൽ കോർപറേഷന്റെയോ ടൗൺ പ്ലാനിങ് വിഭാഗത്തിന്റെയോ അനുമതി വാങ്ങിയിരുന്നില്ല. പൊലീസിന്റെ അനുമതിയും ഇല്ല. അസി.കമ്മിഷണർ പി.ബിജുരാജ്,

ഇൻസ്പെക്ടർ ജിജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിപാടി നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടതോടെ സംഘാടകരും സ്വകാര്യ സുരക്ഷാ ജീവനക്കാരും പൊലീസിനെ എതിർക്കാൻ ശ്രമിച്ചു. തുടർന്നാണ് പ്രശോഭ് കൈലാസിനെ കസ്റ്റഡിയിലെടുത്തത്. നൂറോളം പൊലീസുകാർ സ്ഥലത്തെത്തി ഹാളിന് അകത്തുള്ളവരെ പുറത്തിറക്കിവിട്ടു. രാത്രി 9.45ന് ട്രേഡ് സെന്ററിലെ ലൈറ്റുകൾ പൂർണമായും അണയ്ക്കുകയും വേദി പൂട്ടുകയും ചെയ്തു.

 

Share
error: Content is protected !!