സ്വിമ്മിംഗ് പൂളിൽ കുളിക്കുന്നതിനിടെ പരിക്കേറ്റ ജിദ്ദ പ്രവാസി മരിച്ചു; വേർപ്പാട് താങ്ങാനാകാതെ ജിദ്ദ മലയാളികൾ
ജിദ്ദയിലെ പ്രവാസിയും ബിസിനസുകാരനുമായ മലയാളി യുവാവ് നാട്ടിൽ മരിച്ചു. മലപ്പുറം മക്കരപ്പറമ്പ് കടുങ്ങപുരം വില്ലേജ് പടി സ്വദേശി പള്ളിപ്പറമ്പൻ മൻസൂർ (42) ആണ് മരിച്ചത്. ജിദ്ദയിൽ സ്വിമ്മിംഗ് പൂളിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് നാട്ടിൽ ചികിത്സയിലിരിക്കെയാണ് മരണം.
ഷറഫിയയെല ഫ്‌ളോറ, മെൻസ് ക്ലബ് തുടങ്ങിയ സ്ഥാപനങ്ങളുടെ ഉടമയും, ജിദ്ദ നവോദയയുടെ സജീവ പ്രവർത്തകനും ജീവകാരുണ്യ രംഗത്തെ നിറ സാന്നിധ്യവുമായിരുന്നു മൻസൂർ. ജൂണ്‍ 30നാണ് ജിദ്ദയില്‍ വെച്ച് മൻസൂറിന് അപകടം സംഭവിക്കുന്നത്. തുടർന്ന് ജിദ്ദയിലെ അബുഹുര്‍ കിംഗ് അബ്ദുള്ള മെഡിക്കൽ കോംപ്ലക്‌സിൽ ഒരു മാസത്തോളം ചികിത്സയിലായിരുന്നു. ശേഷം വിദഗ്ധ ചികിത്സക്കായി എയർ ആംബുലൻസിൽ നാട്ടിലേക്ക് കൊണ്ടുപോയിരുന്നു. ദല്‍ഹിയിലെ ബാലാജി ആശുപത്രിയിലായിരുന്നു ചികിത്സ. തുടർന്ന് നാലുദിവസം മുമ്പ് പെരിന്തല്‍മണ്ണയിലെ ഇ.എം.എസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ ചികിത്സ നടന്ന് വരുന്നതിനിടെ ഇന്ന് 12.30നാണ് മരണം സംഭവിച്ചത്.
ഹുസൈന്‍ – റാബിയ ദമ്പതികളുടെ മകനാണ് മൻസൂർ. ഭാര്യ മുസൈന. മക്കള്‍: ഷിസ ഫാത്തിമ, അഷസ് മുഹമ്മദ്, ഹാസിം മുഹമ്മദ്, ഐസിന്‍ മുഹമ്മദ്. സഹോദരങ്ങള്‍: അബ്ദുന്നാസിര്‍, ബുഷ്‌റ, നിഷാബി.
മൻസൂറിൻ്റെ വേർപ്പാട് ജിദ്ദ പ്രവാസികളെ ദുഃഖത്തിലാഴ്ത്തി. മൻസൂറിൻ്റെ വിയോഗത്തിൽ ജിദ്ദ നവോദയ അനുശോചിച്ചു. ഇന്ന് ഇശാ നമസാകാരനന്തരം ശറഫിയ്യയിൽ മയ്യിത്ത് നമസ്കാരം നടത്തുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക