ഒരുരാജ്യം ഒരു തിരഞ്ഞെടുപ്പ്: നിർണായക നീക്കവുമായി കേന്ദ്രം

‘‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’’ നടപ്പാക്കുന്നതിന് മുന്നോടിയായി നിർണ്ണായക നീക്കവുമായി കേന്ദ്ര സർക്കാർ. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പഠിക്കുന്നതിനായി സമിതിയെ കേന്ദ്ര സർക്കാർ നിയമിച്ചു. മുൻരാഷ്ട്രപതി റാംനാഥ് കോവിന്ദ് സമിതിയുടെ അധ്യക്ഷനാകും. നിയമ വിദഗ്ധരും മുൻതിരഞ്ഞെടുപ്പ് കമ്മിഷണറും ഉൾപ്പെടെയുള്ളവരാകും സമിതി അംഗങ്ങൾ. ഇതുസംബന്ധിച്ച് നിയമമന്ത്രാലയം ഉടൻ വിജ്ഞാപനം ഇറക്കും.

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കുന്നതിനായി ഭരണഘടനാ ഭേദഗതി ഉൾപ്പെടെയുള്ളവ ആവശ്യമുണ്ട്. അതിനുപുറമെ സാങ്കേതികവും വിഭവപരവുമായ സൗകര്യങ്ങളും തയ്യാറാക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പ് യന്ത്രങ്ങള്‍ ഒരുക്കേണ്ടതും സർക്കാരുകളുടെ കാലാവധി ഒരുമിച്ചാക്കുന്നത് സംബന്ധിച്ചുമെല്ലാം പരിശോധിക്കേണ്ടതുണ്ട്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ചർച്ചകൾ ഉയർന്നപ്പോള്‍ തന്നെ വലിയതോതിലുള്ള ചെലവ് വേണ്ടിവരുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയിരുന്നു. നിയമമന്ത്രാലയം വിജ്ഞാപനം പുറത്തിങ്ങുമ്പോൾ മാത്രമേ എതെല്ലാം മേഖലകളിലാണ് പഠനം നടക്കുന്നതെന്നു വ്യക്തമാകുകയുള്ളു.

കേന്ദ്ര സർക്കാർ പാർലമെന്റ് സമ്മേളനം വിളിക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് ഒരു തിരഞ്ഞെടുപ്പ് പഠിക്കുന്നതിനായി സമിതിയെ നിയോഗിക്കുന്നത്. എന്താണ് സമ്മേളന അജൻഡയെന്നു സർക്കാർ വ്യക്തമാക്കാത്തത് ചൂടുപിടിച്ച അഭ്യൂഹങ്ങൾക്കാണ് വഴിയൊരുക്കുന്നത്.

ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചുനടത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതി, വനിതാ സംവരണ ബിൽ, ഏക സിവിൽ കോഡ് തുടങ്ങിയവ കൊണ്ടുവരാനാകും സമ്മേളനമെന്ന അഭ്യൂഹം ശക്തമാണ്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!