വാക്കുതർക്കത്തിനിടെ ഗൃഹനാഥനെ വെടിവെച്ച് കൊന്ന പ്രതി വെള്ളത്തിനടിയിൽ ഒളിച്ച് കഴിഞ്ഞത് 10 മണിക്കൂർ; തിരച്ചിലിന് ഡ്രോണും, ഒടുവിൽ പൊലീസ് നാടകീയമായി പിടികൂടി

ഹരിപ്പാട്: വാക്കുതര്‍ക്കത്തിനിടെ ഗൃഹനാഥനെ വെടിവെച്ചുകൊന്ന കേസില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍. പള്ളിപ്പാട് വഴുതാനം ദ്വാരകയില്‍ പ്രസാദ് (52), സഹോദരന്‍ കുറവന്തറ ഹരിദാസ് (46) എന്നിവരാണ് അറസ്റ്റിലായത്. (ചിത്രത്തിൽ അറസ്റ്റിലായ പ്രസാദ്, ഹരിദാസ്, പ്രതികളിൽനിന്ന് പിടിച്ചെടുത്ത തോക്ക്)

വഴുതാനം കുറവന്തറ സോമന്‍ (56) ആണ് തിങ്കളാഴ്ച വെടിയേറ്റു മരിച്ചത്. വിമുക്തഭടനായ പ്രസാദാണു വെടിയുതിര്‍ത്തതെന്നു പോലീസ് പറഞ്ഞു. ഇരുകൂട്ടരും ബന്ധുക്കളാണ്. ഇവര്‍തമ്മില്‍ വര്‍ഷങ്ങളായി വഴക്കുണ്ടായിരുന്നു. പലപ്രാവശ്യം കൈയാങ്കളിയിലെത്തിയിട്ടുമുണ്ട്.

മരിച്ച സോമന്‍ സി.പി.എം. പ്രവര്‍ത്തകനാണ്. എന്നാല്‍, സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും കുടുംബപരമായ ശത്രുതയാണു കാരണമെന്നും പോലീസ് പറയുന്നു. എയര്‍ഗണ്‍ ഉപയോഗിച്ചാണു വെടിവെച്ചതെന്നാണ് ആദ്യം പോലീസ് സംശയിച്ചത്. എന്നാല്‍, പിടികൂടുമ്പോള്‍ പ്രസാദിന്റെ കൈവശമുണ്ടായിരുന്നത് ഇരട്ടക്കുഴല്‍ തോക്കാണ്. ബി.എസ്.എഫില്‍ ജോലി ചെയ്യുമ്പോള്‍ കശ്മീരിലെ ബാരാമുളയില്‍നിന്നു വാങ്ങിയ തോക്കാണിതെന്നാണു പ്രസാദ് മൊഴി നല്‍കിയിരിക്കുന്നത്. തോക്കുപയോഗിക്കാന്‍ ഇയാള്‍ക്ക് ലൈസന്‍സില്ലെന്നു പോലീസ് പറഞ്ഞു. പിടിയിലാകുമ്പോള്‍ തോക്കില്‍ തിരനിറച്ചിരുന്നു.

പ്രസാദിന്റെ വീടിനു മുന്നില്‍ തിങ്കളാഴ്ച വൈകുന്നേരം ആറുമണിയോടെയാണു സോമനു വെടിയേറ്റത്. വാക്കുതര്‍ക്കത്തിനിടെ പ്രസാദ് രണ്ടുപ്രാവശ്യം വെടിവെച്ചതായാണു വിവരം. ഇതിലൊന്ന് സോമന്റെ നെഞ്ചിലാണു തറച്ചത്. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാത്രിയിലാണു മരിച്ചത്.

സംഭവത്തിനുശേഷം പ്രസാദും ഹരിദാസും വീടിനുസമീപത്തെ വഴുതാനം പുഞ്ചയിലാണു രാത്രി വൈകുംവരെ തങ്ങിയത്. ഇവിടെനിന്നു പുഞ്ചയിലൂടെനടന്ന് ഹരിപ്പാടിനു വടക്ക് വെള്ളംകുളങ്ങര ഭാഗത്തെത്തിച്ചേര്‍ന്നു. ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്ന പോലീസ് സംഘം ഈ പ്രദേശം വളഞ്ഞു. ഇവിടെ തൃപ്പക്കുടത്തിനു വടക്കുള്ള കാട്ടിലാണ് ഇവര്‍ ഒളിച്ചിരുന്നത്. ബുധനാഴ്ച പുലര്‍ച്ചേയോടെ ഹരിദാസിനെ പോലീസ് പിടികൂടി.  ഇതേസ്ഥലത്തുതന്നെ പ്രസാദ് ഒളിവില്‍ കഴിയുകയാണെന്നു ഹരിദാസ് മൊഴിനല്‍കിയിരുന്നു.

എന്നാല്‍, ചൊവ്വാഴ്ച വൈകീട്ട് അഞ്ചുവരെ ഇവിടെയും സമീപപ്രദേശങ്ങളിലും തിരഞ്ഞെങ്കിലും പ്രസാദിനെ കാണാനായില്ല. പ്രസാദ് ഈ പ്രദേശത്തുതന്നെയുണ്ടെന്നു വിവരം ലഭിച്ചതനുസരിച്ച് മുപ്പതോളം പോലീസ് ഉദ്യോഗസ്ഥരടങ്ങുന്ന സംഘം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ബുധനാഴ്ച വൈകുന്നേരത്തോടെ ഡ്രോണ്‍ ഉപയോഗിച്ച് നീരീക്ഷണം നടത്തി. വീടുകളുടെ മേല്‍ക്കൂരയും ഒഴിഞ്ഞപുരയിടങ്ങളും കുളങ്ങളുമെല്ലാം പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല.

എന്നാൽ പിന്നീടുള്ള പൊലീസിൻ്റെ നീക്കം വളരെ നാടകീയമായിട്ടായിരുന്നു. വൈകീട്ട് പോലീസ് തിരച്ചില്‍ അവസാനിപ്പിച്ചെന്നു തോന്നിപ്പിക്കാന്‍ പ്രദേശത്തുനിന്നു യൂണിഫോമിലുള്ള ഉദ്യോഗസ്ഥരെ മാറ്റി. പോലീസ് നീക്കം നിരീക്ഷിച്ചുകൊണ്ടിരുന്ന പ്രതി ഇതോടെ കാട്ടില്‍നിന്നു പുറത്തുവരുകയായിരുന്നു.

ഇവിടെ ഒരു കുളത്തില്‍ മുങ്ങിക്കിടക്കുകയായിരുന്നെന്നു പിടിയിലായശേഷം പ്രസാദ് പോലീസിനു മൊഴിനല്‍കി. മൂക്കും കണ്ണും മാത്രം പുറത്തുകാണാവുന്ന വിധത്തില്‍ 10 മണിക്കൂറിലധികം ചെളിയും പായലും നിറഞ്ഞ കുളത്തില്‍ കിടന്നതായാണു മൊഴി. സൈനിക പരിശീലനമാണ് ഇതിനുതുണയായതെന്നും ഇയാള്‍ പറഞ്ഞതായി പോലീസ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.

ഹരിപ്പാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വി.എസ്. ശ്യാംകുമാര്‍, വീയപുരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മനു പി. മേനോന്‍, സബ് ഇന്‍സ്പെക്ടര്‍ എ. ഷഫീക്ക് എന്നിവരാണു തിരച്ചിലിനു നേതൃത്വം നല്‍കിയത്.

 

 

പോലീസ് ഉദ്യോഗസ്ഥര്‍ക്കു നേരേയും തോക്കു ചൂണ്ടി

സോമനെ വെടിവെച്ചുകൊന്നശേഷം സഹോദരനൊപ്പം വെള്ളംകുളങ്ങര ഭാഗത്തെത്തിയ പ്രതി പ്രസാദ്, ഇവര്‍ക്കായി ബൈക്കില്‍ തിരച്ചില്‍ നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കു നേരേയും തോക്കു ചൂണ്ടി. വെള്ളംകുളങ്ങര ക്ഷേത്രത്തിനു സമീപത്തെ ചെറിയ വഴിയില്‍വെച്ചാണിത്.

പള്ളിപ്പാട്ടുനിന്നു പ്രതികള്‍ വെള്ളംകുളങ്ങയ്ക്കടുത്തുള്ള മൊബൈല്‍ ടവറിന്റെ പരിധിയിലെത്തിയെന്ന വിവരം ലഭിച്ചതിനാലാണു പോലീസ് ഉദ്യോഗസ്ഥര്‍ ജീപ്പിലും ബൈക്കുകളിലുമായി തിരച്ചില്‍ നടത്തിയത്. ഇതിലൊരു സംഘം പ്രസാദിനെ റോഡില്‍ കണ്ടു. പെട്ടെന്ന് ഇയാള്‍ തോക്കുചൂണ്ടുകയും അടുത്ത നിമിഷം ഓടി രക്ഷപ്പെടുകയുമായിരുന്നു. പ്രതിയുടെ കൈവശം തോക്കുണ്ടെന്നു മനസ്സിലാക്കിയ പോലീസ് ഉദ്യോഗസ്ഥര്‍ തുടര്‍ന്നുള്ള നീക്കങ്ങള്‍ സൂക്ഷിച്ചാണു നടത്തിയത്.

 

നാട്ടുകാരുടെ സഹായത്തോടെ പഴുതടച്ച തിരച്ചില്‍; 24 മണിക്കൂറിനകം പ്രതി വലയില്‍

പ്രതിയെ കൈയോടെ പിടികൂടാന്‍ നാട്ടുകാരുടെ സഹായത്തോടെ വിപുലമായ തിരച്ചിലാണു പോലീസ് നടത്തിയത്. വെള്ളംകുളങ്ങര, തൃപ്പക്കുടം പ്രദേശത്ത് ഇയാള്‍ ഒളിക്കാന്‍ സാധ്യതയുണ്ടെന്നു തിരിച്ചറിഞ്ഞ് ഇവിടത്തെ വീടുകളിലെല്ലാം പോലീസെത്തി. പ്രതിയുടെ ചിത്രം കാണിച്ചു. ഭക്ഷണമോ വെള്ളമോ ആവശ്യപ്പെട്ട് ആരെങ്കിലും എത്തിയാല്‍ ഉടനെ അറിയിക്കാനും നിര്‍ദേശം നല്‍കി.

തീവണ്ടിപ്പാത കടന്നുപോകുന്ന സ്ഥലമാണിത്. പാതയിലൂടെ നടന്ന് കരുവാറ്റ ഭാഗത്തെ ദേശീയപാതയിലെത്തിയാല്‍ പ്രതികള്‍ക്കു രക്ഷപ്പെടാന്‍ കഴിയുമായിരുന്നു. ഇതൊഴിവാക്കാന്‍ തീവണ്ടിപ്പാതയില്‍ ഉള്‍പ്പെടെ പോലീസുകാരെ നിയോഗിച്ചു. ചെറിയവഴികളില്‍ ഉള്‍പ്പെടെ പോലീസ് നിലയുറപ്പിച്ചു. ഇതോടെയാണു പ്രതികള്‍ക്കു രക്ഷപ്പെടാന്‍ കഴിയാതെവന്നത്. സഹോദരന്‍ ഹരിദാസ് പിടിയിലായിക്കഴിഞ്ഞിട്ടും മണിക്കൂറുകളോളം പ്രസാദ് ഒളിച്ചിരുന്നത് ഉദ്യോഗസ്ഥരെ സമ്മര്‍ദത്തിലാഴ്ത്തിയിരുന്നു. എങ്കിലും, ചൊവ്വാഴ്ച വൈകുന്നേരത്തോടെ പ്രതിയെ കാടിനു പുറത്തെത്തിച്ച് പിടികൂടാന്‍ കഴിഞ്ഞു. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയാണു പ്രസാദ് വെടിയുതിര്‍ത്ത് അയല്‍വാസിയെ കൊന്നത്. ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെ ഇയാളെ പിടികൂടാന്‍ കഴിഞ്ഞു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!