പ്രവാസികളെ കാണാനെത്തി ദുബൈ ഫ്രേമിൽ ഊഞ്ഞാലാടുന്ന മാവേലി; സദ്യയുടെ ചിത്രം പോസ്റ്റ് ചെയ്ത് ശൈഖ് ഹംദാൻ്റെ ഓണാശംസ – വീഡിയോ

ലോകം മുഴുവനുമുള്ള മലയാളികള്‍ ഓണം ആഘോഷിച്ചപ്പോള്‍ നിരവധി മലയാളികളുള്ള ദുബൈയില്‍ എത്തിയിരിക്കുകയാണ് മാവേലി. ദുബൈയുടെ മുഖമുദ്രകളിലൊന്നായ ദുബൈ ഫ്രേമില്‍ ഊഞ്ഞാലാടുന്ന മാവേലിയുടെ വീഡിയോയാണ് ഓണ ദിവസം സോഷ്യല്‍ മീഡിയയില്‍ താരമായത്. ഒരു പരസ്യ കമ്പനിയുടെ ആശയം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു. മാവേലി തന്റെ രണ്ടാമത്തെ വീട് സന്ദര്‍ശിക്കാന്‍ ദുബൈയിലെത്തിയെന്ന അടിക്കുറിപ്പോടെയായിരുന്നു വീഡിയോ പലരുടെയും വാട്സ്ആപ് സ്റ്റാറ്റസായി മാറിയത്.

അതേ സമയം മലയാളികളുടെ ദേശീയാഘോഷത്തിന് ദുബായ് കിരീടാവകാശി സ്നേഹാശംസകൾ നേർന്നു. ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാന്‍ കൂ‌ടിയായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കേരളത്തിന്റെ വിളവെടുപ്പുത്സവമായ ഓണത്തിന് ഏവർക്കും ആശംസകൾ നേർന്നു. വാഴയിലയിൽ വിളമ്പിയ 24 വിഭവങ്ങളടങ്ങുന്ന പരമ്പരാഗത ഓണസദ്യയുടെ ചിത്രം അദ്ദേഹം ഇന്ന് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ചു. ഇപ്പോള്‍ യുകെയിലെ ഷോര്‍ക്ഷെയറില്‍ അവധിക്കാലം ചെലവഴിക്കുന്ന ശൈഖ് ഹംദാന്‍ അവിടെ ഓണസദ്യയുണ്ടോ എന്ന് അറിയില്ലെങ്കിലും ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയുള്ള  അദ്ദേഹത്തിന്റെ ഓണാശംസകള്‍ പ്രവാസികളുടെ മനം കവര്‍ന്നു.

 

ഇൻസ്റ്റഗ്രാമിൽ ഷെയ്ഖ് ഹംദാൻ പങ്കുവച്ച ഓണസദ്യയുടെ ചിത്രം

 

നേരത്തേയും മലയാളികളെ ചേർത്തുപിടിച്ചിട്ടുണ്ട് യുഎഇ ഭരണാധികാരികൾ. യുഎഇ പ്രസി‍ഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസി‍ഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരും ഇന്ത്യക്കാരുടെ എല്ലാ വിശേഷങ്ങൾക്കും ഒപ്പം നിൽക്കുന്നു. ലോകത്ത് മറ്റെങ്ങുമില്ലാത്തവിധം അതിഗംഭീരമായാണ് യുഎഇയിലെ മലയാളികൾ ഒാണമാഘോഷിക്കുന്നത്.

പതിവായി ഓണാഘോഷത്തിൽ പങ്കെടുത്ത് ഒാണസദ്യ രുചിയോടെ ഉണ്ണുന്ന സ്വദേശി വനിതകൾ പോലും ഉണ്ട്. കൂടാതെ, പാക്കിസ്ഥാൻ, ഫിലിപ്പീൻസ്, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, യൂറോപ്പ്, അമേരിക്കൻ, ആഫ്രിക്കൻ പൗരന്മാരും മറ്റും ആഘോഷത്തിൽ പങ്കെടുത്ത് സദ്യ ആസ്വദിക്കുന്നു. വിവിധ മാളുകളിൽ ഒാണപ്പുടവ ധരിച്ച് അതിഥികളെ സ്വീകരിക്കുന്നത് മിക്കപ്പോഴും ഫിലിപ്പീനി സുന്ദരിമാരാണ്.

പ്രവൃത്തി ദിനമായിരുന്ന ചൊവ്വാഴ്ച സാധ്യമാവുന്നവര്‍ അവധിയെടുത്തും അല്ലാത്തവര്‍ ജോലി സമയങ്ങളിലെ ഇടവേളകളിലും ജോലി കഴിഞ്ഞുള്ള സമയങ്ങളിലുമായും പ്രവാസികള്‍ ഓണം ആഘോഷിച്ചു. നാട്ടിലെ ഓണാഘോഷം ഏതാനും ദിവസങ്ങള്‍ കൊണ്ട് അവസാനിക്കുമെങ്കില്‍ ഗള്‍ഫില്‍ ഇനി ഓണത്തോട് അനുബന്ധിച്ചുള്ള പരിപാടികള്‍ മാസങ്ങളോളം നീളും. മലയാളികള്‍ കൂടുതലുള്ള ഓഫീസുകളില്‍ ഓണസദ്യ വിളമ്പിയും പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ചും ഓണം ആഘോഷിച്ചു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

യുഎഇയിലെ നിരവധി റസ്റ്റോറന്റുകള്‍ പതിവ് പോലെ വിഭവ സമൃദ്ധമായ സദ്യ ഒരുക്കിയിരുന്നു. പാര്‍സലുകളാക്കി ഓഫീസുകളിലും വീടുകളിലും സദ്യ എത്തിച്ച് ഓണം കെങ്കേമമാക്കി. ഇന്നും ഇനിയുള്ള ഏതാനും ദിവസങ്ങളിലുമെല്ലാം റസ്റ്ററന്റുകള്‍ സദ്യ തയ്യാറാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പച്ചക്കറികളുടെ വിലക്കയറ്റം മൂലം ഓണസദ്യയ്ക്ക് വില കൂടിയെങ്കിലും ഇത്തവണയും ഓര്‍ഡറുകള്‍ക്ക് കുറവൊന്നുമുണ്ടായില്ലെന്ന് റസ്റ്റോറന്റ് ജീവനക്കാരും ഉടമകളും പറയുന്നു.

ഗള്‍ഫിലെ ഓണാഘോഷങ്ങള്‍ക്കായി മാത്രം കേരളത്തില്‍ നിന്ന് 6200 ടണ്ണിലധികം പഴം –  പച്ചക്കറികള്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കകം കയറ്റുമതി ചെയ്തു. സാധാരണ ഉത്സവ സീസണുകളില്‍ ഇത് പതിവുള്ളത് തന്നെയാണിതെന്ന് വ്യാപാരികള്‍ പറയുന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇത്തവണ വലിയ വിമാനങ്ങള്‍ക്ക് വിലക്കുള്ളതിനാല്‍ കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ വഴിയാണ് ഇക്കുറി കൂടുതല്‍ സാധനങ്ങള്‍ ഗള്‍ഫിലേക്ക് വിമാനം കയറിയതെന്നു മാത്രം.

 

 

 

 

View this post on Instagram

 

A post shared by Passio Communications (@passiomea)

Share
error: Content is protected !!