മന്ത്രിമാരെ വേദിയിലിരുത്തി കർഷക പ്രശ്നങ്ങൾ തുറന്നടിച്ച് ജയസൂര്യ; വീടും സ്ഥലവും അളക്കാൻ ഉടൻ ആള് വരുമെന്ന് പ്രതിപക്ഷത്തിൻ്റെ പരിഹാസം – വീഡിയോ
കൃഷി മന്ത്രി പി. പ്രസാദിനേയും മന്ത്രി പി. രാജീവിനേയും വേദിയിൽ ഇരുത്തി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് നടൻ ജയസൂര്യ. കൃഷിക്കാർ അനുഭവിക്കുന്നത് ചെറിയ പ്രശ്നങ്ങൾ അല്ലെന്നും നെല്ല് സംഭരിച്ചിട്ട് സപ്ലൈകോ പണം അനുവദിക്കുന്നില്ലെന്നും ജയസൂര്യ പറഞ്ഞു. സഹപ്രവർത്തകനും കർഷകനുമായ നടൻ കൃഷ്ണ പ്രസാദിന്റെ അടക്കം ദുരവസ്ഥ ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു ജയസൂര്യയുടെ പരാമർശം. കളമശ്ശേരിയിൽ സംഘടിപ്പിച്ച കാർഷികോത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുണനിലവാരം പരിശോധിക്കാനുള്ള സംവിധാനമാണ് സംസ്ഥാനത്ത് ആദ്യം വേണ്ടത് എന്നും ജയസൂര്യ ആവശ്യപ്പെടുന്നുണ്ട്. താൻ ഒരു സ്ഥലത്ത് പോയപ്പോൾ അവിടെ ഫസ്റ്റ് ക്വാളിറ്റി അരി ഉണ്ടായിരുന്നു. എന്നാൽ അത് കേരളത്തിൽ വിൽക്കുന്നില്ല, പുറത്ത് കൊടുക്കുകയാണ് എന്നാണ് പറഞ്ഞത്. എന്താണെന്ന് ചോദിച്ചപ്പോൾ ഗുണനിലവാര പരിശോധന അടക്കമുള്ള കാര്യങ്ങൾ ഇവിടെ ഇല്ല എന്നായിരുന്നു മറുപടി എന്നും ജയസൂര്യ പറഞ്ഞു. ഗുണനിലവാര പരിശോധന ഇല്ലാത്തതുകൊണ്ട് തേർഡ് ക്വാളിറ്റി അരിയും വിഷം അടങ്ങിയ പച്ചക്കറികൾ കഴിക്കേണ്ട ഗതികേടിലാണ് നമ്മൾ ഇപ്പോൾ ഉള്ളത് എന്ന കാര്യവും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്.
‘പുതിയ തലമുറയിലുള്ള ചെറുപ്പക്കാർക്ക് വസ്ത്രത്തിൽ ചെളിപുരളുന്നത് താത്പര്യമില്ല എന്നാണ് പറഞ്ഞത്. എന്നാൽ മനസ്സിലാക്കേണ്ട കാര്യം, തിരുവോണ ദിവസം പട്ടിണികിടക്കുന്ന അച്ഛനേയും അമ്മയേയും കണ്ട് എങ്ങനെയാണ് കൃഷിയിലേക്ക് വീണ്ടും ഒരു തലമുറ വരുന്നത്. നല്ല രീതിയിൽ കാര്യങ്ങളൊക്കെ നടന്ന്, ഒരു കൃഷിക്കാരൻ ആണെന്ന അഭിമാനത്തോടെ പറയാൻ പറ്റുന്ന രീതിയിൽ അച്ഛനും അമ്മയും ഉണ്ട് എന്നത് ഉദാഹരണമായി കാണിക്കാൻ ഉണ്ടെങ്കിൽ മാത്രമേ ഒരു പുതിയ തലമുറ അതിലേക്ക് എത്തുകയുള്ളൂ. സർക്കാരിന്റെ ഭാഗത്ത് നിന്ന് നടപടികളുണ്ടാകണം’ – ജയസൂര്യ പറഞ്ഞു.
അതേസമയം, ജയസൂര്യയുടെ വീട്ടിൽ ഉടൻ സ്ഥലം അളക്കാൻ ആളെത്തുമെന്നു ചൂണ്ടിക്കാട്ടി സർക്കാരിനെ പരിഹസിച്ച് കോൺഗ്രസ് നേതാക്കളും രംഗത്തെത്തി. ‘സ്ഥലം അളക്കണ്ടേൽ പറഞ്ഞത് മാറ്റിപ്പറഞ്ഞോളണ’മെന്ന് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലും ‘ജയസൂര്യയുടെ സ്ഥലം നാളെത്തന്നെ അളക്കാൻ തീരുമാനിച്ചിട്ടുണ്ട്’ എന്ന് വി.ടി.ബൽറാമും ഫെയ്സ്ബുക്കിൽ കുറിച്ചു.
ജയസൂര്യയുടെ പ്രസംഗത്തിൽനിന്ന്:
രണ്ടാമത്തെ ഒരു കാര്യം എന്തെന്നാൽ, കൃഷിക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ചെറിയ പ്രശ്നങ്ങളല്ല. പ്രസാദ് അവർകൾ മന്ത്രിയായതുകൊണ്ട് ചില കാര്യങ്ങൾ അദ്ദേഹത്തിന്റെ ചെവിയിലെത്താൻ വല്ലാതെ വൈകും. ഒരു സിനിമ പരാജയപ്പെട്ടാൽ ഏറ്റവും അവസാനം അറിയുന്നത് അതിലെ നായകനായിരിക്കുമെന്ന് തമാശയ്ക്കു പറയാറുണ്ട്. ഇവിടെ സംസാരിക്കുന്നത് നടൻ ജയസൂര്യയല്ല. ഒരു സാധാരണക്കാരനായ വ്യക്തിയാണ് അങ്ങയെ ചില കാര്യങ്ങൾ ഓർമിപ്പിക്കുന്നത്.
എന്റെ ഒരു സുഹൃത്തുണ്ട്. കൃഷ്ണപ്രസാദ് എന്നാണ് നടൻ കൂടിയായ അദ്ദേഹത്തിന്റെ പേര്. അദ്ദേഹം കൃഷികൊണ്ട് ജീവിക്കുന്ന വ്യക്തിയാണ്. 5–6 മാസമായി നെല്ലു കൊണ്ടുപോയി കൊടുത്തിട്ട് അദ്ദേഹത്തിന് ഇതുവരെ സപ്ലൈക്കോയിൽനിന്ന് പൈസ കിട്ടിയിട്ടില്ല. തിരുവോണ ദിവസം അവർ ഉപവാസമിരിക്കുകയാണ്. ഒന്ന് ആലോചിച്ചു നോക്കൂ, നമ്മുടെ കൃഷിക്കാർ അവരുടെ കാര്യങ്ങൾ നേടിയെടുക്കാൻ തിരുവോണ ദിവസം പട്ടിണി ഇരിക്കുകയാണ്. എന്തുകൊണ്ടാണ് ഉപവാസമിരിക്കുന്നത് എന്ന് അറിയാമോ? കാര്യങ്ങൾ നടത്തിയെടുക്കാനല്ല, അധികാരികളുടെ ശ്രദ്ധയിലേക്ക് ഇതൊന്ന് എത്തിക്കാനായിട്ടാണ് അർ കഷ്ടപ്പെടുന്നത്. അതുകൊണ്ട് അവർക്കു വേണ്ടിയാണ് ഞാൻ ഇക്കാര്യം സംസാരിക്കുന്നത്. ഒരിക്കലും വേറൊരു രീതിയിൽ ഇതിനെ കാണരുത്.
ഒന്നു രണ്ട് പോയിന്റുകൾ ഇവിടെ പറഞ്ഞതിനെക്കുറിച്ചും പറയാനുണ്ട്. കാരണം, അവർക്ക് അത് പറയാൻ ഇവിടെ അവസരം കിട്ടണമെന്നില്ല. അതുകൊണ്ട് അവരുടെ പ്രതിനിധിയായി ഞാൻ അത് ഇവിടെ പറയുകയാണ്. പുതിയ തലമുറയിലുള്ള ചെറുപ്പക്കാർക്ക് ഷർട്ടിൽ ചെളി പുരളുന്നതൊന്നും താൽപര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ, തിരുവോണ ദിവസം പട്ടിണി കിടക്കുന്ന അച്ഛനെയും അമ്മയെയും കണ്ടിട്ട് എങ്ങനെയാണ് സർ, ഇതിലേക്ക് വീണ്ടും ഒരു തലമുറ കൂടി വരുന്നത്? ഒരിക്കലും വരില്ല. കാരണം, കൃഷിക്കാരെന്ന നിലയിൽ എല്ലാം നല്ല രീതിയിൽ നടന്നുപോകുന്ന അച്ഛനെയും അമ്മയെയും അഭിമാനത്തോടെ ഉദാഹരണമായി ചൂണ്ടിക്കാണിക്കാൻ ഉണ്ടെങ്കിലല്ലേ പുതിയ തലമുറ ഇതിലേക്കു വരൂ. അതുകൊണ്ട് ഈ പ്രശ്നം പരിഹരിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് വലിയൊരു നടപടിയുണ്ടാകണം എന്നാണ് എന്റെ അഭ്യർഥന.
രണ്ടാമതായി, നമ്മൾ പച്ചക്കറികൾ അധികം കഴിക്കുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. ഇവിടുത്തെ ഒരു സ്ഥിതിവച്ച് പച്ചക്കറികൾ കഴിക്കാൻ പോലും നമുക്കു പേടിയാണ് സർ. കാരണം, വിഷമടിച്ച പച്ചക്കറികളാണ് ഇവിടെ എത്തുന്നത്. കേരളത്തിനു പുറത്തുനിന്നും കൊണ്ടുവരുന്ന പച്ചക്കറികളാണ് നമ്മൾ കഴിക്കുന്നത്. വിഷമടിച്ച പച്ചക്കറികളാണ് അങ്ങനെ വരുന്നതിൽ അധികവും.
ഞാൻ പാലക്കാട് ഒരു അരിമില്ലിൽ പോയപ്പോൾ, അരിയുടെ ഒരു ബ്രാൻഡ് കണ്ടു. നമ്മുടെ നാട്ടിൽ കാണാത്ത ഒന്ന‌്. മില്ലിന്റെ ഉടമയോട് ഇത് ഏത് ബ്രാൻഡാണ് എന്ന് അന്വേഷിച്ചു. അത് ഇവിടെ വിൽക്കാനല്ലെന്നും, ഫസ്റ്റ് ക്വാളിറ്റിയെന്ന നിലയിൽ പുറത്തേക്ക് കയറ്റി അയയ്ക്കാനുള്ളതാണെന്നുമായിരുന്നു മറുപടി. അതെന്താ കേരളത്തിലുള്ള നമുക്കാർക്കും ഫസ്റ്റ് ക്വാളിറ്റി കഴിക്കാനുള്ള യോഗ്യതയില്ലേ? നമ്മൾ പൈസ കൊടുത്ത് അത് വാങ്ങില്ലേ? ഇവിടെ ക്വാളിറ്റി ചെക്കിങ് ഇല്ല എന്നാണ് അയാൾ പറഞ്ഞത്. ഇവിടെ എന്തുകൊടുത്താലും പ്രത്യേകിച്ച് പരിശോധനയൊന്നുമില്ലാതെ വിടുമെന്ന് അയാൾ പറഞ്ഞു. ഇങ്ങനെയുള്ള വിഷപ്പച്ചക്കറികളും സെക്കൻഡ് ക്വാളിറ്റി, തേഡ് ക്വാളിറ്റി അരിയും കഴിക്കേണ്ട ഗതികേടിലാണ് നമ്മൾ.
ഇവിടെ പല വൻകിട പദ്ധതികളെക്കുറിച്ചും അദ്ദേഹം പറഞ്ഞു. അതിൽ നമുക്ക് അഭിമാനമുണ്ട്. പക്ഷേ, ക്വാളിറ്റി ചെക്കിങ്ങിനായുള്ള അടിസ്ഥാനപരമായ സൗകര്യമാണ് ഇവിടെ ആദ്യം വരേണ്ടത് എന്നാണ് എനിക്കു തോന്നുന്നത്. അങ്ങനെയാണെങ്കിൽ നല്ല ക്വാളിറ്റിയുള്ള പച്ചക്കറിയും അരിയും നമുക്ക് ഇവിടെ ലഭിക്കും.
അങ്ങ് ദയവു ചെയ്ത് എന്നെ തെറ്റിദ്ധരിക്കരുത്. ഇതൊരു ഓർമപ്പെടുത്തൽ മാത്രമാണ്. ചിലപ്പോൾ ഇതെല്ലാം അങ്ങയുടെ ചെവിയിലേക്ക് എത്താൻ സമയമെടുക്കും. അതുകൊണ്ടു മാത്രമാണ് ഞാൻ ഇതെല്ലാം ഇവിടെ പറഞ്ഞത്. ഇവന് ഇതെല്ലാം അകത്തു പറഞ്ഞാൽ പോരേ എന്ന് അദ്ദേഹം ചിലപ്പോൾ ചിന്തിക്കും. സർ, അകത്തിരുന്ന് പറഞ്ഞാൽ താങ്കൾ കേൾക്കുന്ന കുറേയേറെ പ്രശ്നങ്ങളിൽ ഒന്നു മാത്രമായി ഇതും മാറും. ഇത്രയും പേരുടെ മുന്നിൽ പറയുമ്പോൾ താങ്കളും ഇതിനെ ഗൗരവത്തിലെടുക്കും എന്ന് വിശ്വസിച്ചാണ് ഇവിടെ പറയുന്നത്. എല്ലാവർക്കും നല്ലൊരു ഓണം ആശംസിക്കുന്നു. നന്ദി.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക