‘ഞങ്ങൾക്ക് നീതി വേണം. ഞങ്ങളെല്ലാം അങ്ങയുടെ മക്കളാണ്’- പ്രിൻസിപ്പലിൻ്റെ ലൈംഗികാതിക്രമത്തിനെതിരെ മുഖ്യമന്ത്രിക്ക് രക്തംകൊണ്ട് കത്തെഴുതി വിദ്യാർഥിനികൾ

വിദ്യാർഥിനികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ സ്കൂൾ പ്രൻസ‍ിപ്പൽ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഡോ.രാജീവ് പാണ്ഡെ എന്നയാളാണ് അറസ്റ്റിലായത്. 12–15 വയസ് പ്രായക്കാരായ വിദ്യാർഥിനികളാണ് പ്രിൻസിപ്പലിനെതിരെ പരാതി നൽകിയത്. പ്രിൻസിപ്പലിനെതിരെ ഇവർ രക്തംകൊണ്ട് കത്തെഴുതി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും അയച്ചു.

രാജീവ് പാണ്ഡെ വിദ്യാർഥിനികളെ ഓഫിസിലേക്കു വിളിച്ചുവരുത്തിയാണ് ലൈംഗികാതിക്രമം നടത്തിയതെന്നാണ് പരാതി. ഓഫിസിലെത്തുന്ന പെൺകുട്ടികളെ ഇയാൾ മോശമായി സ്പർശിക്കുകയും ഉപദ്രവിക്കുകയുമായിരുന്നു. ആദ്യം പ്രിൻസിപ്പലിനെതിരെ സംസാരിക്കാൻ ഭയന്ന പെൺകുട്ടികൾ, ശല്യം സഹിക്കാനാകാതെ ഇക്കാര്യം അവരുടെ മാതാപിതാക്കളെ അറിയിച്ചു.

തുടർന്ന് ഇവരുടെ കുടുംബാംഗങ്ങൾ സ്കൂളിലെത്തി പ്രിൻസിപ്പലുമായി വാക്കുതർക്കമുണ്ടായി. ഇതിനിടെ ഇയാൾ വിദ്യാർഥിനികളെയും അവരുടെ കുടുംബാംഗങ്ങളെയും അസഭ്യം പറഞ്ഞതായും പരാതിയുണ്ട്. വാക്പോരിനിടെ ചിലർ പ്രിൻസിപ്പലിനെ മർദിച്ചു.

 

 

ഇതോടെ, സ്കൂളിൽ അതിക്രമിച്ചു കയറിയെന്ന് ആരോപിച്ച് പ്രിൻസിപ്പൽ വിദ്യാർഥിനികളുടെ കുടുംബാംഗങ്ങൾക്കെതിരെ പൊലീസിൽ പരാതിപ്പെട്ടു. ഇതോടെ, ഇരുകൂട്ടർക്കുമെതിരെ പൊലീസ് കേസെടുത്തു. പൊലീസ് അനാവശ്യമായി തടഞ്ഞുവയ്ക്കുകയും മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ചെയ്തതായി വിദ്യാർഥിനികളുടെ കുടുംബാംഗങ്ങൾ ആരോപിച്ചു.

ഇക്കാര്യം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥിനികൾ ചേർന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് രക്തം കൊണ്ടു കത്തെഴുതിയത്. ആർഎസ്എസ് പ്രവർത്തകനായതിനാലാണ് പ്രിൻസിപ്പലിനെതിരെ പൊലീസ് നടപടി സ്വീകരിക്കാൻ മടിക്കുന്നതെന്ന് ആരോപണമുണ്ടെന്ന് ഇവർ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതിനു പിന്നാലെയാണ് പൊലീസ് പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്തത്.

‘‘അങ്ങയെ നേരി‍ൽ കാണാനും പരാതികൾ ബോധിപ്പിക്കാനും ഞങ്ങളെയും ഞങ്ങളുടെ മാതാപിതാക്കളെയും അനുവദിക്കണം. ഞങ്ങൾക്ക് നീതി വേണം. ഞങ്ങളെല്ലാം അങ്ങയുടെ മക്കളാണ്’ – വിദ്യാർഥിനികൾ കത്തിൽ എഴുതി.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!