സദ്യയിൽ മനം നിറഞ്ഞെങ്കിലും കേരളത്തിന്‍റെ പാക്ക് മരുമകന് ഓണമാഘോഷിക്കാനായില്ല; തൈമൂറും ശ്രീജയും ഉടൻ യുഎഇയിലേക്ക് മടങ്ങും

കേരളത്തിലെ കാഴ്ച്ചകളിലും സദ്യയിലും മനം നിറഞ്ഞ ഒരു പാക്കിസ്ഥാൻ പൗരനുണ്ട്. മലയാള മണ്ണിനെ നെഞ്ചോടു ചേർക്കാൻ ഇഷ്ടപ്പെടുന്ന കോട്ടയത്തിന്‍റെ മരുമകൻ കൂടിയായ അജ്മാനിൽ വൂഡ് ട്രേഡിങ് നടത്തുന്ന  തൈമൂർ താരിഖ് ഖുറേഷിയാണ് ഈ പാക്ക് പൗരൻ. പൂവും പൂവിളിയും സദ്യയും കേരളത്തിലെ ഗ്രാമഭംഗിയുമെല്ലാം ആസ്വദിച്ചെങ്കിലും തൈമൂറിന് ഇത്തവണ ഓണമുണ്ടായിരുന്നില്ല.  ഭാര്യയും യുഎഇയിൽ നഴ്സായ കോട്ടയം പുതുപ്പള്ളി സ്വദേശി ശ്രീജാ ഗോപാലന്‍റെ അടുത്ത ബന്ധുവിന്‍റെ വിയോഗമാണ് ഓണാഘോഷത്തിന് വിഘാതമായത്.

 

കേരളത്തിലെ ജനങ്ങളെ തനിക്ക് ഏറെ ഇഷ്ടമായിയെന്നാണ് തൈമൂർ പറഞ്ഞത്. ഗ്രാമീണ ഭംഗിയും ഭക്ഷണവും എല്ലാം മികച്ചതാണ്. ആളുകളുടെ പെരുമാറ്റം ഹൃദ്യമായിരുന്നു. സദ്യ നന്നായി ആസ്വദിച്ചുവെന്നും തൈമൂർ വ്യക്തമാക്കി. വളരെ കുറച്ച് ദിവസം മാത്രമാണ് തൈമൂർ ഇത്തവണ കേരളത്തിലുണ്ടാക്കുക. പാക്ക് പൗരനായതിനാൽ വീസ ലഭിക്കാനായി അൽപ്പം കാലതാമസം നേരിട്ടിരുന്നു. അത് അല്ലാതെ യാത്രയ്ക്ക് കാര്യമായ മറ്റ് പ്രശ്നങ്ങൾ ഇല്ലായിരുന്നുവെന്നും തൈമൂർ വ്യക്തമാക്കി. വ്യക്തിപരമായ ആവശ്യങ്ങൾക്ക് വേണ്ടി തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലാണ് തൈമൂറും ഭാര്യ ശ്രീജയും ഇപ്പോഴുള്ളത്.

 

 

യുഎഇയിൽ അനവധി മലയാളി സുഹൃത്തുക്കൾ ഉള്ള തൈമൂർ സമൂഹ മാധ്യമങ്ങളിലും സജീവമാണ്. 60 ദിവസം ഇന്ത്യയിൽ തങ്ങുന്നതിനുള്ള വീസ ലഭിച്ചെങ്കിലും അധികം താമസിക്കാതെ തൈമൂറും ശ്രീജയും യുഎഇയിലേക്ക് മടങ്ങും. ടിക് ടോക്കിൽ രണ്ടുവർഷം മുൻപ് ഒരു ഓണക്കാലത്ത് ഭാര്യക്കൊപ്പം മലയാളികൾക്ക് ഓണാശംസകൾ നേർന്ന് സൈബർ ലോകത്ത് ശ്രദ്ധ നേടിയ തൈമൂർ ഇത്തവണ മലയാള മണ്ണിലെ ഓണക്കാഴ്ച്ചകളിൽ കൺകുളിർക്കെ കണ്ടു. ആഘോഷിക്കാൻ സാധിച്ചില്ലെന്ന വിഷമം ഇനിയൊരിക്കൽ മറികടക്കാൻ സാധിക്കുമെന്നാണ് തൈമൂറും ശ്രീജയും പ്രതീക്ഷിക്കുന്നത്.  10 വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് 2018- ൽ തൈമൂർ ശ്രീജയെ ജീവിത സഖിയാക്കിയത്.

ഐക്യത്തിന്റെ സന്ദേശം പകരുന്ന ഓണക്കാലത്തെ  കേരളത്തിലെ ഓർമ്മകൾ യുഎഇയിലെ സുഹൃത്തുക്കളോടും സ്നേഹിതരോടും പറയാനുള്ള ആഗ്രഹവും തൈമൂറിനുണ്ട്. തൈമൂറും ശ്രീജയും യുഎഇയിലെ അജ്മാനിലാണ് താമസമാക്കിയിരിക്കുന്നത്.

(കടപ്പാട്: മനോരമ)

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!