കേരളത്തിലേക്ക് സർവീസ് ‘ഇരട്ടിപ്പിച്ച് ’ഇത്തിഹാദ്; സൗദിയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് യാത്ര എളുപ്പമാകും
ഇത്തിഹാദ് എയർവേയ്സ് കേരളത്തിലേക്കുള്ള സർവീസ് വർധിപ്പിക്കുന്നു. നവംബർ മുതൽ കൊച്ചിയിലേക്ക് 8 അധിക സർവീസ് കൂടി പ്രഖ്യാപിച്ചു. 2024 ജനുവരി 1 മുതൽ തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കും പ്രതിദിന സർവീസുകൾ പുനരാരംഭിക്കും. തിരുവനന്തപുരത്തേക്കുള്ള വിമാനം പുലർച്ചെ 2.20നും കോഴിക്കോട് സർവീസ് ഉച്ചയ്ക്ക് 1.40നുമാണ് പുറപ്പെടുക.
അബുദാബി-കൊച്ചി സെക്ടറിൽ 8 അധിക സർവീസ് കൂടി വരുന്നതോടെ നവംബർ മുതൽ ആഴ്ചയിൽ 21 സർവീസ് ആയി ഉയരും. ശൈത്യകാല ഷെഡ്യൂൾ അനുസരിച്ച് സെപ്റ്റംബർ 15 മുതൽ ചെന്നൈയിലേക്ക് 7 അധിക സർവീസ് കൂടി വരുന്നതോടെ ആഴ്ചയിൽ 21 സർവീസുണ്ടാകും. കോവിഡ് കാലത്ത് നിർത്തിവച്ച ചില സെക്ടറുകളിലേക്ക് അബുദാബിയിൽനിന്ന് ബജറ്റ് എയർലൈനായ എയർ അറേബ്യ സർവീസ് തുടങ്ങിയിരുന്നു. ഇതിനു പുറമേ ഇത്തിഹാദ് കൂടി സർവീസ് നടത്തുന്നതോടെ ഈ സെക്ടറിൽ നിരക്കു കുറയുമെന്നാണു പ്രതീക്ഷ.
വിദേശ രാജ്യങ്ങളിലെ പുതിയ സെക്ടറുകളിലേക്കും സർവീസ് പ്രഖ്യാപിക്കുകയും നിലവിലെ സെക്ടറിലേക്ക് വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിൽനിന്ന് ഈ രാജ്യങ്ങളിലേക്കു പോകുന്നവർക്ക് ഇത്തിഹാദ് എയർവേയ്സിൽ കണക്‌ഷൻ വിമാനം ലഭിക്കാനും സാധ്യതയേറി. ഇതിലൂടെ സൌദി ഉൾപ്പെടെയുളള രാജ്യങ്ങളിലേക്ക് പോകുന്നവർക്ക് ഇത്തിഹാദിലെ യാത്ര കൂടുതൽ എളുപ്പമാകും.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക