ദുബായ് റോഡിൽ ബൈക്ക് അഭ്യാസം; യുവാവിന് 11.2 ലക്ഷം രൂപ പിഴ

ദുബായ്: വാഹനങ്ങൾക്കിടയിലൂടെ അപകടകരമായി  ബൈക്ക് ഓടിച്ചയാൾക്ക് 50,000 ദിർഹം (11.2 ലക്ഷം രൂപ) പിഴയും 23 ബ്ലാക്ക് പോയിന്റും ശിക്ഷ. റോഡിലെ അഭ്യാസപ്രകടനത്തിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് ദുബായ് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. മണിക്കൂറുകൾക്കകം ഡ്രൈവറെ അറസ്റ്റ് ചെയ്തു.

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലായിരുന്നു ബൈക്കുകാരന്റെ അഭ്യാസപ്രകടനം.  ഇത് സ്വന്തവും മറ്റു റോഡ് ഉപയോക്താക്കളുടെയും സുരക്ഷിതത്വത്തിനു ഭീഷണിയാണെന്ന് പൊലീസ് പറഞ്ഞു.

7 മാസത്തിനിടെ 22,115 മോട്ടർസൈക്കിളുകാർ നിയമം ലംഘിച്ചതായി കണ്ടെത്തി. ഗുരുതര നിയമലംഘനം നടത്തിയ 858 ബൈക്കുകൾ കണ്ടുകെട്ടുകയും ചെയ്തു. മോട്ടർ സൈക്കിൾ അപകടങ്ങളിൽ 80% ഗുരുതര അപകടങ്ങളാണ്. നിയമ ലംഘകരെക്കുറിച്ച് 901 നമ്പറിലോ ദുബായ് പൊലീസ് സ്മാർട്ട് ആപ്പിലോ അറിയിക്കണമെന്നും അഭ്യർഥിച്ചു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!