ഹിന്ദു വിദ്യാർഥികളെ കൊണ്ട് മുസ്ലിം വിദ്യാർഥിയെ തല്ലിച്ച സംഭവം: അധ്യാപികക്ക് പിന്തുണയേറുന്നു. മകന് ഉറങ്ങാനാകുന്നില്ലെന്നും അധ്യാപികയുമായി ഒത്തുതീർപ്പിനില്ലെന്നും പിതാവ്
വിദ്യാർഥിയുടെ മുഖത്ത് സഹപാഠികളെ കൊണ്ട് തല്ലിച്ച യുപിയിലെ അധ്യാപിക തൃപ്ത ത്യാഗിക്ക് സമൂഹ മാധ്യമങ്ങളിൽ വൻ പിന്തുണ. #ISupportTriptaTyagi എന്ന ഹാഷ്ടാഗ് തുടർച്ചയായ 4 മണിക്കൂറാണ് ട്വിറ്റർ ട്രെൻഡിങ്ങിൽ ഇടംപിടിച്ചത്. സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഒരു വിഭാഗം അധ്യാപികക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരു പ്രത്യേക സമുദായത്തിന്റെ മുഖത്തടിച്ച ടീച്ചർക്ക് അഭിവാദ്യങ്ങൾ തുടങ്ങിയ കമന്റുകളുമായും ആളുകൾ എത്തുന്നുണ്ട്.
ഇത്തരത്തിലുള്ള പ്രതികരണങ്ങൾ പേടിപ്പെടുത്തുന്നതാണെന്നാണ് മറ്റുചിലരുടെ പ്രതികരണം. തൃപ്ത ത്യാഗിയെ പിന്തുണച്ചുള്ള ഹാഷ്ടാഗ് വ്യാപകമായി പ്രചരിച്ചതിനെ പിന്നാലെ ത്രിപ്തയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും ശക്തമാവുകയാണ്. #ArrestTriptaTayagi എന്ന ഹാഷ്ടാഗിലൂടെ ആളുകൾ പ്രതിഷേധം രേഖപ്പെടുത്തി. 66000ത്തിലധികം ആളുകൾ ഈ ഹാഷ്ടാഗ് ഷെയർ ചെയ്തുകഴിഞ്ഞു.
എന്നാൽ, കുട്ടിയെ മർദിച്ചതിന് തനിക്ക് ലജ്ജയില്ലെന്നും ഗ്രാമത്തിലെ ജനങ്ങളെല്ലാം തന്റെയൊപ്പമുണ്ടെന്നുമാണ് അദ്ധ്യാപിക പ്രതികരിച്ചത്. കുട്ടി 2 മാസമായി ഗൃഹപാഠം ചെയ്യുന്നില്ലെന്നും താൻ ഭിന്നശേഷിക്കാരിയായതിനാലാണ് അടി നൽകാൻ മറ്റു കുട്ടികളോട് ആവശ്യപ്പെട്ടതെന്നുമായിരുന്നു ന്യായം. പരാതിയില്ലെന്ന് കുട്ടിയുടെ പിതാവ് അറിയിച്ചിരുന്നെങ്കിലും കടുത്ത പ്രതിഷേധത്തെ തുടർന്ന് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തി തൃപ്ത ത്യാഗിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ബോധപൂർവമുള്ള മർദനം (323), മനഃപൂർവമുള്ള അപമാനം (504) എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
“Hit him harder.”
A Hindu teacher in India instructed her students to slap a seven-year-old Muslim classmate in Uttar Pradesh.
The incident caused an outcry on social media and prompted a police investigation pic.twitter.com/zpsCOC6vSg
— TRT World (@trtworld) August 26, 2023
വിദ്യാർഥിയുടെ മുഖത്തടിപ്പിച്ച സംഭവം: മകന് ഉറങ്ങാനാകുന്നില്ല, അധ്യാപികയുമായി ഒത്തുതീർപ്പിനില്ല -പിതാവ്
അതേ സമയം അടിയേറ്റ വിദ്യാർഥിക്ക് ഇപ്പോൾ രാത്രി ഉറങ്ങാൻ പോലും ആകുന്നില്ലെന്ന് പിതാവ് പറയുന്നു. തുടർന്ന് വിദ്യാർഥിയെ സമീപത്തെ മീറത്ത് നഗരത്തിലേക്ക് വൈദ്യപരിശോധനക്കായി കൊണ്ടുപോയി. സ്കൂളിൽ നേരിട്ട സംഭവത്തെക്കുറിച്ച് നിരന്തരം ചോദിക്കുന്നത് വിദ്യാർഥിയെ അസ്വസ്ഥനാക്കിയെന്നും പിതാവ് പറയുന്നു.
പ്രശ്നങ്ങളൊന്നുമില്ലെന്നാണ് ഡോക്ടർ പറഞ്ഞതെന്ന് രണ്ടാം ക്ലാസ് വിദ്യാർഥിയുടെ പിതാവ് ഇർഷാദ് പറഞ്ഞു. മകനെ മർദിക്കാൻ നിർദേശിച്ച അധ്യാപിക തൃപ്ത ത്യാഗിയുമായി ഒത്തുതീർപ്പിനില്ലെന്നും പിതാവ് വ്യക്തമാക്കി. അതേസമയം, കുടുംബം സമ്മതിച്ചാൽ കുട്ടിയെ സർക്കാർ പ്രൈമറി സ്കൂളിൽ പ്രവേശിപ്പിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു.
സ്കൂൾ ഉടമ കൂടിയായ അധ്യാപികക്കെതിരെ കേസെടുത്ത പൊലീസ് അന്വേഷണം നടത്തുകയാണ്. ജാമ്യം ലഭിക്കുന്ന നിസ്സാര വകുപ്പാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. മതവിദ്വേഷം വളർത്തൽ ഉൾപ്പെടെയുള്ള കുറ്റം ചുമത്തണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. സംഭവം വിവാദമായതോടെ സ്കൂൾ താൽക്കാലികമായി പൂട്ടിയിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം പൂർത്തിയാകും വരെയാണ് അടച്ചിരിക്കുന്നത്.
രക്ഷിതാക്കൾ തയ്യാറെങ്കിൽ യു.പിയിൽ മർദനമേറ്റ കുട്ടിയെ കേരളത്തിൽ പഠിപ്പിക്കും: മന്ത്രി ശിവൻകുട്ടി
അതേ സമയം വിദ്യാർഥിയുടെ രക്ഷിതാക്കൾ തയ്യാറാണെങ്കിൽ കുട്ടിയെ കേരളത്തിൽ പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി. കേരളം കുട്ടിയെ സ്വാഗതം ചെയ്യുന്നുവെന്നും വി.ശിവൻകുട്ടി തിരുവനന്തപുരത്ത് പറഞ്ഞു.
ഉത്തർ പ്രദേശിലെ മുസഫർനഗറിലെ നേഹ പബ്ലിക് സ്കൂളിൽ നടന്ന സംഭവത്തില് അടിയന്തര കർശന നടപടി ആവശ്യപ്പെട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മന്ത്രി കത്തയച്ചിരുന്നു. നേഹ പബ്ലിക് സ്കൂളിൽ അധ്യാപിക മറ്റ് കുട്ടികളെ കൊണ്ട് ഒരു കുട്ടിയെ അടിപ്പിച്ച സംഭവം ഞെട്ടിക്കുന്നതാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.
വിദ്യാർഥികളുടെ സുരക്ഷയെയും ക്ഷേമത്തെയും കുറിച്ച് ഈ സംഭവം നിരവധി ചോദ്യങ്ങൾ ഉയർത്തുന്ന കാര്യം ശ്രദ്ധയിൽപ്പെടുത്തി. നമ്മുടെ മഹത്തായ രാഷ്ട്രം നിലകൊള്ളുന്ന മതേതരത്വത്തിന്റെയും സഹിഷ്ണുതയുടെയും തത്ത്വങ്ങൾക്ക് വിരുദ്ധമായാണ് സ്കൂളിൽ സംഭവിച്ച കാര്യങ്ങളെന്നും ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനുള്ളിൽ ഇത്തരം വിഭജനപരമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ഉത്തരവാദികളായ വ്യക്തികൾക്കെതിരെ കർശനമായ നടപടിയെടുക്കാൻ കാലതാമസം പാടില്ലെന്നും മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തിൽ പറഞ്ഞു.
അതേസമയം, വിദ്യാർഥിയെ സഹപാഠികളെ കൊണ്ട് തല്ലിച്ചതിൽ അധ്യാപിക പറയുന്നതെല്ലാം പച്ചക്കള്ളമെന്ന് കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. അധ്യാപികക്ക് കുട്ടിയെ തല്ലിച്ചതിൽ ഒരു ദുഃഖവുമില്ല. ചെയ്ത ക്രൂരതെ അധ്യാപിക വീണ്ടും ന്യായികരിക്കുകയാണ്.കേസ് പിൻവലിക്കാൻ സമ്മർദമുമുണ്ടെന്നും നീതിവേണമെന്നും പിതാവ് പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക