സൗദിയെ ആഗോള ലോജിസ്റ്റിക് കേന്ദ്രമാക്കി മാറ്റും; വൻ പദ്ധതിയുടെ മാസ്റ്റർപ്ലാൻ പ്രഖ്യാപിച്ച് കിരീടാവകാശി

സൌദിയിൽ ലോജിസ്റ്റിക് കേന്ദ്രങ്ങളുടെ വികസനത്തിനായുള്ള പുതിയ മാസ്റ്റർപ്ലാൻ പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് ലോജിസ്റ്റിക് കേന്ദ്രങ്ങളുടെ മാസ്റ്റർപ്ലാൻ പ്രഖ്യാപിച്ചത്. രാജ്യത്തെ ലോജിസ്റ്റിക് മേഖലയുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിനും ലക്ഷ്യം വെച്ചുള്ളതാണ് പദ്ധതി. പ്രമുഖ നിക്ഷേപ കേന്ദ്രമെന്ന നിലയിൽ സൌദിയുടെ സ്ഥാനം ഉയർത്തികൊണ്ട് ഒരു ആഗോള ലോജിസ്റ്റിക് കേന്ദ്രമാക്കിമാറ്റുകയാണ് ലക്ഷ്യം.

ഗതാഗത, ലോജിസ്റ്റിക് സേവനങ്ങൾക്കായുള്ള ദേശീയ പദ്ധതിയുടെ ഭാഗമായാണ് മാസ്റ്റർപ്ലാൻ തയ്യാറാക്കിയിരിക്കുന്നത്. നിലവിലുളള ലോജിസ്റ്റിക് കേന്ദ്രങ്ങളുടെ വിപുലീകരണവും ഇതിൽ ഉൾപ്പെടും. അന്താരാഷ്ട്ര വ്യാപാര ശൃംഖലകളിലേക്കും ആഗോള വിതരണ മേഖലകളിലേക്കും പ്രാദേശികവും അന്തർദേശീയവുമായ കണക്റ്റിവിറ്റി വർധിപ്പിക്കുക, സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുക, തൊഴിലവസര സാധ്യതകൾ വർധിപ്പിക്കുക തുടങ്ങിയവയും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. ഭൂമിശാസ്ത്രപരമായ സ്ഥാനം അനുസരിച്ച് ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നീ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന ഒരു ആഗോള ലോജിസ്റ്റിക്സ് കേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം ഏകീകരിക്കാനും കഴിയും.

റിയാദ് മേഖലയിൽ 12 ലോജിസ്റ്റിക്‌സ് സെന്ററുകളും, മക്ക മേഖലയിൽ 12 ലോജിസ്റ്റിക്‌സ് സെന്ററുകളും, കിഴക്കൻ മേഖലയിൽ 17 ലോജിസ്റ്റിക്‌സ് കേന്ദ്രങ്ങളും, മറ്റു മേഖലകളിൽ 18 കേന്ദ്രങ്ങളും ഉൾപ്പെടെ മൊത്തം 100 ദശലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള 59 കേന്ദ്രങ്ങളാണ് ലോജിസ്റ്റിക് സെന്ററുകളുടെ പൊതു പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.  21 കേന്ദ്രങ്ങളിൽ ഇപ്പോൾ വികസന പദ്ധതികൾ നടന്ന് വരികയാണ്. 2030 ഓടെ എല്ലാ കേന്ദ്രങ്ങളും പ്രവർത്തനസജ്ജമാകും.

സൗദി ഉൽപന്നങ്ങൾ ഉയർന്ന കാര്യക്ഷമതയോടെ കയറ്റുമതി ചെയ്യാൻ പ്രാദേശിക വ്യവസായങ്ങളെ പ്രാപ്തമാക്കുന്നതിനൊപ്പം, രാജ്യത്തിന്റെ പ്രദേശങ്ങൾ, നഗരങ്ങൾ, ഗവർണറേറ്റുകൾ എന്നിവയ്ക്കുള്ളിലെ ലോജിസ്റ്റിക്കൽ സെന്ററുകളും വിതരണ കേന്ദ്രങ്ങളും തമ്മിലുള്ള ബന്ധം സുഗമമാക്കുന്നതിന് ഇ-കൊമേഴ്‌സിനെ പിന്തുണയ്‌ക്കാനും ഈ കേന്ദ്രങ്ങൾ സഹായിക്കും.

ലോജിസ്റ്റിക് മേഖലയിൽ പ്രവർത്തിക്കുന്നതിനുള്ള ലൈസൻസുകൾ നൽകിതുടങ്ങി. ഏകീകൃത ലോജിസ്റ്റിക് ലൈസൻസ് ആരംഭിച്ചതിന് ശേഷം 1,500-ലധികം പ്രാദേശിക, അന്തർദേശീയ ലോജിസ്റ്റിക് കമ്പനികൾക്ക് ലൈസൻസ് അനുവദിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏപ്രിലിൽ, ലോകബാങ്ക് പുറത്തിറക്കിയ ലോജിസ്റ്റിക്സ് സൂചികയിൽ ആഗോളതലത്തിൽ 17 റാങ്കിലെത്തിയ രാജ്യം, ലോജിസ്റ്റിക് കാര്യക്ഷമത സൂചികയിലെ അന്താരാഷ്ട്ര റാങ്കിംഗിൽ 160 രാജ്യങ്ങളിൽ 38-ാം സ്ഥാനത്തേക്ക് മുന്നേറിയിരുന്നു. ഗതാഗത, ലോജിസ്റ്റിക് സംവിധാനത്തിൽ ഒരു പുതിയ നേട്ടം കൈവരിക്കാൻ ഇതിലൂടെ സൌദിക്ക് സാധിച്ചു.

രാജ്യത്തെ ലോജിസ്റ്റിക് സെന്ററുകൾക്കായുള്ള മാസ്റ്റർ പ്ലാൻ ലോഞ്ച് ചെയ്യുന്നത് ഗതാഗത, ലോജിസ്റ്റിക് സംവിധാനത്തിന്റെ പ്രവർത്തനത്തിന് വലിയ പിന്തുണയാണ് നൽകുന്നതെന്ന് ഗതാഗത, ലോജിസ്റ്റിക് മന്ത്രി, എഞ്ചിനീയർ സാലിഹ് അൽ-ജാസർ പറഞ്ഞു. ലോജിസ്റ്റിക് മേഖലയിലെ നിക്ഷേപകർക്ക് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും വർക്ക്ഫ്ലോ നടപടിക്രമങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. 3 ഭൂഖണ്ഡങ്ങളെ മധ്യസ്ഥത വഹിക്കുന്ന തന്ത്രപ്രധാനമായ സ്ഥാനം പ്രയോജനപ്പെടുത്തി ലോകത്തെ ആഗോള വിപണികളുമായി രാജ്യത്തെ ബന്ധിപ്പിക്കുമെന്നും അൽ ജാസിർ കൂട്ടിച്ചേർത്തു.

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!