അനധികൃത പടക്ക നിര്‍മാണശാലയില്‍ വൻ പൊട്ടിത്തെറി; നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് – വീഡിയോ

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അനധികൃതമായി പ്രവര്‍ത്തിച്ച പടക്കനിര്‍മാണ ശാലയില്‍ വന്‍ പൊട്ടിത്തെറി. നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയിലെ ദുട്ടപുകുരില്‍ അനധികൃതമായി പ്രവര്‍ത്തിച്ച പടക്ക നിര്‍മാണ ശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. പരിക്കേറ്റ നിരവധി പേരെ ആശുപത്രിയിലേക്ക് മാറ്റി.

ദുട്ടപുകുരില്‍ ഒരു വീട് കേന്ദ്രീകരിച്ച് അനധികൃതമായി പ്രവര്‍ത്തിച്ച പടക്ക ശാലയില്‍ ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ആവശ്യമായ അനുമതിയില്ലാതെ പടക്ക നിര്‍മാണത്തിനുള്ള അംസ്‌കൃതവസ്തുക്കള്‍ വന്‍തോതില്‍ ഇവിടെ സൂക്ഷിച്ചിരുന്നു. പൊട്ടിത്തെറിയില്‍ വീട് പൂര്‍ണമായും തകര്‍ന്നു. ഇതിനോട് ചേര്‍ന്നുള്ള ചില വീടുകള്‍ക്കും കേടുപാടുണ്ടായി.

അപകടസ്ഥലത്തുനിന്നും അഞ്ചുപേരുടെ മൃതദേഹം കണ്ടെടുത്തതായി സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ ആശിഷ് ഘോഷ് പറഞ്ഞു. മരണസംഖ്യ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും നിരവധി പേര്‍ മരിച്ചതായി സംശയിക്കുന്നതായി പോലീസ് അറിയിച്ചു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.

 

അതിനിടെ അപകടത്തിന് സംസ്ഥാന സര്‍ക്കാരാണ് ഉത്തരവാദിയെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി കുറ്റപ്പെടുത്തി. കഴിഞ്ഞ മേയില്‍ രണ്ട് പടക്ക നിര്‍മാണശാലകളില്‍ പൊട്ടിത്തെറിയുണ്ടായപ്പോള്‍ പടക്ക മേഖലയില്‍ കൃത്യമായ നിയന്ത്രണം കൊണ്ടുവരുമെന്ന് പറഞ്ഞ സര്‍ക്കാര്‍ പിന്നീട് അതൊന്നും നടപ്പാക്കിയില്ലെന്ന് സുവേന്ദു അധികാരി ആരോപിച്ചു. കഴിഞ്ഞ മേയ് 16ന് ഈസ്റ്റ് മെഡിനിപുരില്‍ പടക്ക ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ഒമ്പത് പേര്‍ മരിച്ചിരുന്നു. മേയ് 21ന് നോര്‍ത്ത് 24 പര്‍ഗനാസില്‍ പ്രവര്‍ത്തിച്ച പടക്കശാലയിലും പൊട്ടിത്തെറിയുണ്ടായിരുന്നു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

 

 

 

 

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!