താനൂർ കസ്റ്റഡിക്കൊല: മലപ്പുറം എസ്‌പിയെ മാറ്റി, ഹൈദരാബാദിലേക്ക് പരിശീലനത്തിന് പോകാൻ നിർദേശം
മലപ്പുറം: താനൂർ കസ്റ്റഡിക്കൊല വിവാദത്തിനിടെ മലപ്പുറം എസ് പി എസ്. സുജിത് ദാസിനെ മാറ്റി. ഹൈദരാബാദിൽ പരിശീലനത്തിന് പോകാൻ എസ് പിക്ക് സർക്കാർ നിർദേശം നൽകി. സെപ്റ്റംബർ 2 മുതൽ മലപ്പുറത്തിന്റെ ചുമതല പാലക്കാട് എസ് പിക്ക് ആയിരിക്കും. ഹൈദരാബാദ് നാഷണൽ പൊലീസ് അക്കാദമിയിൽ പരിശീലനം സെപ്തംബർ 4 മുതൽ ആരംഭിക്കും.
താനൂർ കസ്റ്റഡിക്കൊലയുടെ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നതോടെ സുജിത് ദാസിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയർന്നിരുന്നത്. സാമൂഹിക മാധ്യമങ്ങളിലും പ്രതിഷേധ മാർച്ചുകളിലും എസ്.പി സുജിത്ദാസ് തൽസ്ഥാനത്ത് തുടരുന്നത് ചോദ്യം ചെയ്തിരുന്നു. എസ്.പി ചാർജെടുത്ത ശേഷം ക്രിമിനൽ കേസുകളുടെ എണ്ണത്തിൽ വന്ന വലിയ തോതിലുള്ള വർദ്ധനവ് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.
എസ്.പിയുടെ കീഴിലുള്ള ഡാൻസാഫ് സംഘം പിടികൂടിയ എം.ഡി.എം.എ കേസിലെ പ്രതി താമിർ ജിഫ്രിയുടേത് ക്രൂരമായ കൊലപാതകമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളിൽ വ്യക്തമായിരുന്നു. താമിർ ജിഫ്രിയുടെ ശരീരത്തിൽ പൊലീസ് മർദനത്തിന്‍റേതെന്ന് സൂചനയുള്ള 21 പാടുകളാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനിടെയാണ് എസ്പിയെ മാറ്റിയത്.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക