‘എനിക്ക് ലജ്‌ജയില്ല, ഗ്രാമത്തിലെ ജനങ്ങള്‍ തൻ്റെയൊപ്പമുണ്ട്’: മുസ്ലീം വിദ്യാർഥിയെ സഹപാഠികളെ കൊണ്ട് തല്ലിച്ച അധ്യാപിക

ലഖ്‌നൗ: തന്റെ പ്രവൃത്തിയിൽ ലജ്ജയില്ലെന്ന് രണ്ടാം ക്ലാസ് വിദ്യാർഥിയെ സഹപാഠികളെക്കൊണ്ടു തല്ലിച്ച ഉത്തർപ്രദേശിലെ അധ്യാപിക തൃപ്ത ത്യാഗി.ഏഴു വയസ്സുകാരനെ മർദിക്കാൻ മറ്റു കുട്ടികളോട് ആവശ്യപ്പെടുന്നതിന്റെ വിഡിയോ വൈറലായതിനു പിന്നാലെ, ഖുബാപുരിലെ നേഹ പബ്ലിക് സ്‌കൂളിലെ പ്രിൻസിപ്പൽ കൂടിയായ തൃപ്ത ത്യാഗിക്കെതിരെ മുസാഫർനഗർ പൊലീസ് കേസെടുത്തിരുന്നു.

ഗ്രാമത്തിലെ എല്ലാവരും തന്റെയൊപ്പമാണെന്ന് അവര്‍ അവകാശപ്പെട്ടു. ഒരു അധ്യാപികയെന്ന നിലയിൽ താൻ ഗ്രാമത്തിലെ ജനങ്ങളെയെല്ലാം സേവിച്ചിട്ടുണ്ട്. രാജ്യത്ത് നിയമങ്ങളുണ്ട്. എന്നാൽ സ്‌കൂളുകളിലെ കുട്ടികളെ നിയന്ത്രിക്കേണ്ടതുണ്ട്. ഈ രീതിയിലാണ് അവരെ കൈകാര്യം ചെയ്യേണ്ടതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

വിഷയത്തെ പെരുപ്പിച്ച് കാട്ടുകയാണെന്ന ആരോപണം നേരത്തെ ഇവർ ഉന്നയിച്ചിരുന്നു. പ്രചരിക്കുന്ന തരത്തിലുള്ള ഉദ്ദേശം തനിക്ക് ഇല്ലായിരുന്നു. തെറ്റ് മനസ്സിലാക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

ഉത്തർപ്രദേശിലെ മുസാഫർനഗറിലെ കുബപ്പുർ ഗ്രാമത്തിലെ സ്‌കൂളിലായിരുന്നു വിഷയത്തിന് ആസ്പദമായ സംഭവം. മുസ്ലിം മതവിഭാഗത്തിലെ കുട്ടിയെ തല്ലാൻ മറ്റുമതവിഭാഗത്തിലെ കുട്ടികളോട് അധ്യാപിക ആവശ്യപ്പെടുന്ന വീഡിയോ വെള്ളിയാഴ്ച പ്രചരിച്ചിരുന്നു. അടിയേറ്റ് കുട്ടി കരയുന്നതും വീഡിയോയിലുണ്ട്. അറബ് മാധ്യമങ്ങളിലുൾപ്പെടെ ലോകവ്യാപകമായി പ്രചരിച്ച വീഡിയോ കണ്ടുകൊണ്ട് നിരവധി പേരാണ് അധ്യാപികക്കെതിരെ പ്രതിഷേധവുമായി എത്തിയത്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

 

രണ്ടാം ക്ലാസ് വിദ്യാർഥിയെ സഹപാഠികളെക്കൊണ്ടു തല്ലിച്ച അധ്യാപിക തൃപ്ത ത്യാഗിക്കെതിരെ പൊലീസ് കേസെടുത്തു. പരാതിയില്ലെന്നു പിതാവ് അറിയിച്ചെങ്കിലും പ്രതിഷേധം ശക്തമായതോടെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തി കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു. മുസ്‌ലിം വിദ്യാർഥിയാണ് ഞെട്ടിക്കുന്ന ക്രൂരതയ്ക്ക് ഇരയായത്.

അധ്യാപിക മതവിദ്വേഷ പരാമർശങ്ങളും നടത്തുന്നതായി വിഡിയോയിൽ ഉള്ളതിനാൽ ഇതിനെതിരായ ജാമ്യമില്ലാവകുപ്പും 153എ) ചുമത്തണമെന്നാവശ്യപ്പെട്ടു യുപി സ്വദേശിയായ അഭിഭാഷകൻ ദേശീയ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു. സംഭവത്തിന്റെ വിഡിയോ പങ്കുവയ്ക്കരുതെന്നും കുട്ടിയുടെ വിവരങ്ങൾ പുറത്തുവിടരുതെന്നും ദേശീയ ബാലവകാശ കമ്മിഷൻ നിർദേശിച്ചു. ചെറിയ സംഭവത്തെ പെരുപ്പിച്ചുകാട്ടുകയാണെന്നു സ്കൂൾ ഉടമ കൂടിയായ അധ്യാപിക പ്രതികരിച്ചു. കുട്ടി 2 മാസമായി ഗൃഹപാഠം ചെയ്യുന്നില്ലെന്നും താൻ ഭിന്നശേഷിക്കാരിയായതിനാലാണ് അടി നൽകാൻ മറ്റു കുട്ടികളോടു പറഞ്ഞതെന്നുമാണ് വിശദീകരണം.

ഖുബാപുരിലെ നേഹ പബ്ലിക് സ്കൂളിൽ വ്യാഴാഴ്ചയുണ്ടായ സംഭവത്തിന്റെ വിഡിയോയാണു പുറത്തുവന്നത്. അധ്യാപിക കസേരയിലിരുന്നു നിർദേശം നൽകുകയും കുട്ടികൾ ഓരോരുത്തരായെത്തി മർദിക്കുകയുമായിരുന്നു. ‘‘എന്താണിത്ര പതുക്കെ തല്ലുന്നത് ? ശക്തിയായി അടിക്കൂ’’ എന്നും അധ്യാപിക പറയുന്നുണ്ട്. ഒരു മണിക്കൂറോളം ക്രൂരത നേരിട്ടതായി കുട്ടി പറയുന്നു. ബോധപൂർവമുള്ള മർദനം (323), മനഃപൂർവമുള്ള അപമാനം (504) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അതേ സമയം കോടതിയിലും പൊലീസ് സ്റ്റേഷനിലും കയറിയിറങ്ങാൻ വയ്യാത്തതിനാലാണ് പരാതി നൽകാതിരുന്നതെന്നു കുട്ടിയുടെ പിതാവ് പറഞ്ഞു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

ഇതുംകൂടി വായിക്കുക..

 

രണ്ടാം ക്ലാസുകാരനായ മുസ്ലീം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവം: വിവാദ സ്കൂൾ അടച്ചു പൂട്ടി

Share
error: Content is protected !!