നഗരത്തിലൂടെ സൈറണ്‍മുഴക്കി അഗ്‌നിരക്ഷാസേനയുടെ വാഹനങ്ങൾ; പിന്നെ ഒന്നിനുപിറകേ ഒന്നായി വാഹനങ്ങള്‍ ആശുപത്രിയിലേക്ക്, 9 പേരുടെ മരണത്തിൽ വിറങ്ങലിച്ച് ജനം

മാനന്തവാടി: നാലുമണിയാവാന്‍ പത്തുമിനിറ്റ് മാത്രം ബാക്കിനില്‍ക്കെ മാനന്തവാടി നഗരത്തിലൂടെ സൈറണ്‍മുഴക്കി അഗ്‌നിരക്ഷാസേനയുടെ വാഹനം കടന്നുപോകുമ്പോള്‍ ദുരന്തത്തിന് ഇത്രയും വ്യാപ്തിയുണ്ടാകുമെന്ന് ആരും കരുതിയിരുന്നില്ല. സാധാരണ തീപ്പിടിത്തസ്ഥലത്തുംമറ്റും അഗ്‌നിരക്ഷാസേന വാഹനം പോയി മടങ്ങിവരുന്നതു പതിവാണ്. എന്നാല്‍, അഗ്‌നിരക്ഷാസേനയുടെ വാഹനം കടന്നുപോയതിന് തൊട്ടുപിന്നാലെ അതിവേഗത്തില്‍ എരുമത്തെരുവ് ഭാഗത്തുനിന്ന് വാഹനങ്ങള്‍ മെഡിക്കല്‍ കോളേജ് ലക്ഷ്യമാക്കി കുതിച്ചപ്പോഴാണ് എന്തോ കാര്യമായ അപകടം സംഭവിച്ചിട്ടുണ്ടെന്ന് ജനങ്ങള്‍ക്ക് മനസ്സിലായത്. പിന്നീട് എല്ലാവരും മെഡിക്കല്‍ കോളേജിലേക്ക് ഓടിയെത്തുകയായിരുന്നു.

മരിച്ചവരെ തിരിച്ചറിയാന്‍ അയല്‍വാസികളെയും ബന്ധുക്കളെയും വിളിച്ചപ്പോള്‍ അടുത്തറിയാമായിരുന്നവരായിട്ടും പലര്‍ക്കും സംസാരിക്കാന്‍പോലുമായില്ല. രണ്ടും മൂന്നും പേരെ കാണിച്ചാണ് മൃതദേഹം ഇന്നയാളുടേതെന്ന് പോലീസ് സ്ഥിരീകരിച്ചത്. അടക്കിപ്പിടിച്ച തേങ്ങലുകളാണ് ആശുപത്രിപരിസരത്ത് തളംകെട്ടിനിന്നത്. അപകടവിവരമറിഞ്ഞ് നൂറുകണക്കിനാളുകളാണ് ആശുപത്രിയിലേക്ക് ഓടിയെത്തിയത്. അത്യാഹിതവിഭാഗത്തിലേക്ക് പ്രവേശിക്കുന്ന രണ്ട് വാതിലുകള്‍ക്ക് സമീപത്ത്വെച്ച് പോലീസും സെക്യൂരിറ്റിജീവനക്കാരും ജനങ്ങളെ നിയന്ത്രിച്ചു. ഉറ്റവരെ ഒരുനോക്കുകാണാനെത്തുന്നവരെ തടയാന്‍ ഇവര്‍ നന്നേ പാടുപെട്ടു. സന്നദ്ധ വൊളന്റിയര്‍മാരും കാര്യക്ഷമമായാണ് പ്രവര്‍ത്തിച്ചത്.

ആശുപത്രിയിലെത്തിയ ഉടനെ അഞ്ചുപേര്‍ മരിച്ചതായാണ് വിവരം ലഭിച്ചത്. പിന്നീട് മിനിറ്റുകള്‍ക്കുള്ളില്‍ എണ്ണം കൂടിക്കൂടി ഒന്‍പതായി. വിവരമറിഞ്ഞ് ആശുപത്രിപരിസരത്തെത്തിയവരെ നിയന്ത്രിക്കാന്‍ പോലീസ് നന്നേ പാടുപെട്ടു. മാനന്തവാടി ഇന്‍സ്‌പെക്ടര്‍ എം.എം. അബ്ദുള്‍കരിമിന്റെ നേതൃത്വത്തിലാണ് ക്രമസമാധാനം നിയന്ത്രിച്ചത്. പിന്നീട് പോലീസുകാര്‍ കൂടുതലായി എത്തി. ഉറ്റവര്‍ അപകടത്തില്‍പ്പെട്ടതറിഞ്ഞ് എത്തിയവരെ ആശ്വസിപ്പിക്കാന്‍ കൂടെയുണ്ടായിരുന്നവര്‍ പ്രയാസപ്പെട്ടു. അത്യാഹിതവിഭാഗത്തില്‍ ഒരുഭാഗത്തേക്ക് മാറ്റിയാണ് മൃതദേഹങ്ങള്‍ കിടത്തിയത്. പിന്നീട് ബന്ധുക്കളെത്തി തിരിച്ചറിഞ്ഞശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.

 

 

അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ വയനാട് മെഡിക്കൽ കോളജിൽ എത്തിക്കുന്നു

 

അപകടവിവരമറിഞ്ഞ് ആശുപത്രിയിലെത്തിയതായിരുന്നു ആറാംനമ്പര്‍ കോളനിയിലെ പത്മനാഭന്‍. അപകടത്തില്‍ ഭാര്യയും മകളും നഷ്ടപ്പെട്ടതറിഞ്ഞ് തളര്‍ന്നുവീണ ഇദ്ദേഹം കണ്ടുനിന്നവരില്‍ നൊമ്പരക്കാഴ്ചയായി. ഓണാഘോഷത്തിന്റെ തിരക്കിലായിരുന്നു നാടെല്ലാം. അതിനിടയിലാണ് അപ്രതീക്ഷിതദുരന്തമുണ്ടായത്. തവിഞ്ഞാല്‍ 43-ാം മൈല്‍-വാളാട് റോഡിലെ വെണ്‍മണിയില്‍നിന്ന് ഏകദേശം ഒന്നരക്കിലോമീറ്റര്‍ മാറിയാണ് അപകടമുണ്ടായത്. കുത്തനെയുള്ള ഇറക്കവും വളവുമുള്ള റോഡില്‍ അപകടസൂചനാ മുന്നറിയിപ്പുകളൊന്നുമില്ല. മുകളില്‍നിന്ന് വാഹനം ഓഫാക്കിയാല്‍ 43-ാംമൈല്‍ വരെ ഓടിയെത്തും. പലരും ഇങ്ങനെചെയ്യാറുമുണ്ട്. വെള്ളിയാഴ്ച അപകടത്തില്‍പ്പെട്ട ജീപ്പും ഇതുപോലെയാണോ ഓടിയതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

അപകടമറിഞ്ഞ് ഒ.ആര്‍. കേളു എം.എല്‍.എ., ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, നഗരസഭാ വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍, തവിഞ്ഞാല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും കളക്ടര്‍ ഡോ. രേണുരാജ്, സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി, തഹസില്‍ദാര്‍ എം.ജെ. അഗസ്റ്റിന്‍, ജില്ലാ പോലീസ് മേധാവി പദംസിങ്, മാനന്തവാടി ഡിവൈ.എസ്.പി. പി.എല്‍. ഷൈജു എന്നിവരും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. ഒമ്പതുമണിയോടെയാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായത്. മാനന്തവാടി സബ് ഡിവിഷനിലെ മുഴുവന്‍ സ്റ്റേഷനുകളില്‍നിന്നും പോലീസ് ഓഫീസര്‍മാരെ ക്രമസമാധാനപാലനത്തിനായി മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചിരുന്നു.

 

മൃതദേഹങ്ങൾ വയനാട് മെഡിക്കൽ കോളജിൽ എത്തിച്ചപ്പോൾ വിതുമ്പുന്ന ബന്ധുക്കൾ

 

രാവിലെ സന്തോഷത്തോടെ ജോലിക്ക് പോയ ഭാര്യയുടെ ചേതനയറ്റ ശരീരം കണ്ട കാർത്തികിന് തന്റെ  കണ്ണുകളെ വിശ്വസിക്കാനായില്ല.  കണ്ണോത്തുമലയിൽ നടന്ന  ജീപ്പ് അപകടത്തിൽ കാർത്തികിന്റെ ഭാര്യ ചിത്രയും ചിത്രയുടെ അമ്മ ശാന്തയും മരിച്ചു. മാനന്തവാടിയിലെ ഹോട്ടലിൽ പാചക തൊഴിലാളിയായ കാർത്തിക് അപകടവിവരം അറിഞ്ഞ് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ പാഞ്ഞെത്തിയിരുന്നു. ഭാര്യയുടെയും ഭാര്യാമാതാവിന്റെയും മൃതദേഹം തിരിച്ചറിഞ്ഞ ശേഷം വിറങ്ങലിച്ച് നിന്ന കാർത്തികിനെ ബന്ധുക്കളും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് വീട്ടിലെത്തിച്ചത്. തലപ്പുഴ ജിയുപി സ്കൂളിൽ ആറാം  ക്ലാസിൽ പഠിക്കുന്ന രാഹുലും   അഞ്ചാം ക്ലാസുകാരൻ അമലുമാണ് ചിത്രയുടെ മക്കൾ. ചപ്പുനുള്ളി കിട്ടുന്ന പൈസകൊണ്ട് ഓണക്കോടി വാങ്ങിത്തരാൻ ഇനി അമ്മ വരില്ലെന്ന സത്യം മക്കളെ എങ്ങനെയറിയിക്കുമെന്ന കാർത്തികിന്റെ ചോദ്യത്തിന് മറുപടി ആരിൽ നിന്നും ഉണ്ടായില്ല.

 

കാർത്തിക്

 

നാടിനെ നടുക്കി 9 പേരുടെ മരണം

മക്കിമല(തലപ്പുഴ) ∙ പ്രകൃതി ക്ഷോഭത്തിന്റെയും മാവോയിസ്റ്റ് സാന്നിധ്യത്തിന്റെയും പേരിൽ വല്ലപ്പോഴും മാത്രം വാർത്തകളിൽ ഇടം പിടിക്കുന്ന തവിഞ്ഞാൽ പഞ്ചായത്തിലെ മക്കിമലയെന്ന ഗ്രാമം ഇന്നലെ ഉറങ്ങിയിട്ടില്ല. തലമുറകളായി തേയിലത്തോട്ടങ്ങളിൽ ജോലി ചെയ്ത് ജീവിക്കുന്ന മക്കിമല നേരിട്ട ഏറ്റവും വലിയ ദുരന്തമാണ് ഇന്നലെ വൈകിട്ട് ജീപ്പ് അപകടത്തിൽ ഉണ്ടായത്.

ഒരു മനസോടെ നടന്ന 9 വീട്ടമ്മമാരാണ് ഈ നാട്ടിൽ നിന്നു വിട പറഞ്ഞത്. പാട്ടത്തിനെടുക്കുന്നവർക്ക് വേണ്ടി വിവിധ സ്ഥലങ്ങളിലെ തേയില തോട്ടങ്ങളിൽ എത്തി ചപ്പ് നുള്ളി നൽകുന്ന തൊഴിലിൽ ഏർപ്പെട്ടിരുന്നവരാണ് മരിച്ചവരെല്ലാം. ഒരുമിച്ച് ജോലി ചെയ്ത് ഒരുമിച്ച്  ഭക്ഷണം കഴിച്ച് ഒരേ വാഹനത്തിൽ മടങ്ങവെ ഒരുമിച്ച് മരണം പുൽകിയ 9 പേരുടെ മൃതദേഹം ഇന്ന് മക്കിമല സ്കൂളിൽ ഒരുമിച്ച് പൊതുദർശനത്തിന് വയ്ക്കും.

രാത്രി വൈകിയും മക്കിമലയിലേക്ക് ബന്ധുക്കളും അയൽ ഗ്രാമങ്ങളിലുള്ളവരും ഒഴുകിയെത്തുകയാണ്. അപകട വിവരം അറിഞ്ഞ ഉടൻ തന്നെ തവിഞ്ഞാൽ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളെല്ലാവരും മെഡിക്കൽ കോളജിലെത്തിയിരുന്നു.  ഇന്ന് പൊതുദർശനത്തിനും സംസ്കാരത്തിനും ഉള്ള ഒരുക്കങ്ങളും നടന്ന് വരികയാണ്.

 

പനമരത്ത് 11 പേരുടെ മരണത്തിന് ശേഷം മാനന്തവാടി താലൂക്ക് കണ്ട ഏറ്റവും വലിയ വാഹനാപകടമാണ് ഇന്നലെ നടന്നത്. ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ സ്ത്രീകൾ മരിച്ച അപകടവും കണ്ണോത്തുമലയിലേതാണ്. മരണം നടന്ന 9 വീടുകളിൽ മാത്രമല്ല ഒരു ഗ്രാമത്തിലാകെ ദുഃഖം തളംകെട്ടിനിൽക്കുന്ന കരളലയിക്കുന്ന കാഴ്ചയാണിവിടെ.

 

 

ക്രാഷ് ബാരിയറുകളും മുന്നറിയിപ്പ് ബോർഡും ഇല്ല 

തലപ്പുഴ ∙ ഓണാഘോഷത്തിനൊരുങ്ങി നിൽക്കുന്നതിനിടെയെത്തിയ അപകടവാർത്ത വയനാടിനെ നടുക്കി. ഇന്നലെ വൈകിട്ടു മൂന്നരയോടെയാണ് തവിഞ്ഞാൽ പഞ്ചായത്തിലെ തലപ്പുഴ 43 ാം മൈലിനു സമീപം കണ്ണോത്തുമലയിൽ ജീപ്പ് കൊക്കയിലേക്കു പതിച്ചത്. സമീപത്തൊന്നും ജനവാസമില്ലാതിരുന്നതും ജീപ്പ് താഴേക്കു വീണതു മറ്റു വാഹനയാത്രക്കാരുടെ കണ്ണിൽ പെടാതിരുന്നതും രക്ഷാപ്രവർത്തനം വൈകിപ്പിച്ചു. ഏറെ അപകടസാധ്യതയുള്ള കൊടുംവളവായിട്ടും‍ ക്രാഷ് ബാരിയറുകൾ സ്ഥാപിച്ചിരുന്നില്ല. അപകട മുന്നറിയിപ്പ് ബോർഡും ഇല്ലായിരുന്നു. അപകടമുണ്ടായി ഏറെനേരം കഴിഞ്ഞാണ് നാട്ടുകാർക്കും പൊലീസിനും സ്ഥലത്തെത്താനായതെന്ന് രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായ കണ്ണോത്തുമല സ്വദേശി പി.ഡി. വിജയൻ പറഞ്ഞു. 25 മീറ്റർ താഴ്ചയിലേക്ക് ഉരുളൻകല്ലുകൾ നിറഞ്ഞ അരുവിയിലേക്കാണ് ജീപ്പ് മറിഞ്ഞത്. കല്ലുകളിൽ തലയിടിച്ചതു പലരുടെയും പരുക്ക് അതീവഗുരുതരമാക്കി.

 

(അപകടത്തിൽപ്പെട്ട ജീപ്പ്, ഉറ്റവർ നഷ്ടപ്പെട്ട വേദനയിൽ പൊട്ടിക്കരയുന്നവർ)

 

നിലം പതിച്ചത് ജീപ്പിന്റെ പുറകു വശം  

തലപ്പുഴ ∙ പ്രദേശത്തെ തെ‍ാഴിലാളികളെ സ്ഥിരമായി ജോലി സ്ഥലത്തും തിരിച്ച് താമസസ്ഥലത്തേക്കും എത്തിച്ചിരുന്ന ജീപ്പാണ് ഇന്നലെ അപകടത്തിൽപ്പെട്ടത്. റോഡിൽ നിന്ന് നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് തെറിച്ച് വീണപ്പോൾ, ആദ്യം നിലംപതിച്ചത് ജീപ്പിന്റെ പുറകുവശമാണ്. കൂടുതൽ പേർ ഇരുന്ന് യാത്ര ചെയ്തത് ജീപ്പിന്റെ പുറകിലായിരുന്നു.

മരിച്ചവരിലധികവും ജീപ്പിന്റെ പിൻവശത്തെ സീറ്റുകളിൽ ഇരുന്നവരും. വാളാട്ടിലെയും തൊണ്ടർനാട്, തവിഞ്ഞാൽ പഞ്ചായത്തുകളിലെയും വിവിധ തോട്ടങ്ങളിലാണ് ജോലി. സ്വകാര്യ വ്യക്തി പാട്ടത്തിനെടുത്ത തോട്ടത്തിലായിരിക്കും മിക്കപ്പോഴും ജോലി. അപകടം നടന്ന സ്ഥലത്തേക്ക് കൂടുതൽ ആളുകളെത്തിയതോടെ പെ‍ാലീസ് പ്രദേശം കെട്ടിത്തിരിച്ചു. കൂടുതലാളുകളും വാഹനങ്ങളും ഒഴുകിയെത്തിയതോടെ വാഹനം വീണ ഭാഗത്തേക്ക് ആളുകളെ കടത്തി വിടാതെ പെ‍ാലീസ് തടഞ്ഞു.

ജില്ലാ പെ‍ാലീസ് മേധാവി അടക്കമുള്ളവർ രാത്രിയും വരെ സ്ഥലത്ത് സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി എത്തിയിരുന്നു. അപകട സ്ഥലത്തിന്റെ വിവരങ്ങൾ ശേഖരിക്കുന്നതും പ്രാഥമിക പഠനത്തിനുമായി മോട്ടോർ വാഹന വകുപ്പ് അധികൃതരും സ്ഥലത്തെത്തിയിരുന്നു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!