വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ച് മരിച്ചു; നാലംഗ ഇന്ത്യൻ കുടുംബത്തിൻ്റെ ബന്ധുക്കളെ കണ്ടെത്താനായില്ല, സഹായം തേടി ഇന്ത്യൻ എംബസി
സൗദിയിൽ വാഹനപകടത്തിൽ മരിച്ച ഇന്ത്യൻ കുടുംബത്തിൻ്റെ ബന്ധുക്കളെ തേടി സാമൂഹിക പ്രവർത്തകരും ഇന്ത്യൻ എംബസിയും അന്വേഷണമാരംഭിച്ചു. ഈ കൂടുംബത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ റിയാദ് ഇന്ത്യൻ എംബസിയേയോ സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂരി (+966508517210, 0503035549) നെയോ ബന്ധപ്പെടണമെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു.
ഒരു കുടുംബത്തിലെ നാല് പേരാണ് മരിച്ചത്. ഇന്ത്യക്കാരായ ഗൗസ് ദാന്തു (35), ഭാര്യ തബ്റാക് സർവർ (31), മക്കളായ മുഹമ്മദ് ദാമിൽ ഗൗസ് (2), മുഹമ്മദ് ഈഹാൻ ഗൗസ് (4) എന്നിവരാണ് മരിച്ചത്. ഗൗസ് ദാന്തുവിന് കുവൈത്ത് ഇഖാമയുണ്ട്.
കുവൈത്തിൽ നിന്ന് സൗദിയിലേക്ക് ടൂറിസ്റ്റ് വിസയിലെത്തിയ ഇന്ത്യൻ കുടുംബം വെള്ളിയാഴ്ച പുലർച്ചെ ആറു മണിക്കാണ് അപകടത്തിൽപ്പെടുന്നത്. റിയാദിനടുത്ത് തുമാമയിൽ ഹഫ്ന – തുവൈഖ് റോഡിലാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന ഫോർഡ് കാറ്, സൗദി പൗരൻ ഓടിച്ചിരുന്ന ട്രെയ്ലറുമായി കൂട്ടിയിടിച്ച് തീ പിടിക്കുകയായിരുന്നു.
മൃതദേഹങ്ങൾ റിയാദിൽനിന്ന് 100 കിലോമീറ്ററകലെ റുമാ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക