ഗൾഫിൽ ചൂടിന് ആശ്വാസമായി ‘സുഹൈല്‍’ നക്ഷത്രമുദിച്ചു; ഇനി തണുപ്പ് കാലത്തിലേക്ക്

അബുദാബി: വേനല്‍ച്ചൂട് കുറയുന്നതിന്റെ സൂചനയായി സുഹൈല്‍ നക്ഷത്രമുദിച്ചു. 53 ദിവസം നീണ്ടു നില്‍ക്കുന്ന സുഹൈല്‍ സീസണിന്റെ തുടക്കമായാണ് സുഹൈല്‍ നക്ഷത്രത്തിന്റെ വരവ് കണക്കാക്കുന്നത്. കിഴക്കുപടിഞ്ഞാറന്‍ ചക്രവാളത്തിലാണ് സുഹൈല്‍ തെളിഞ്ഞത്.

രാജ്യാന്തര വാന നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക് പ്രകാരം സിറിയസിന് ശേഷം രാത്രി ആകാശത്ത് ഏറ്റവും തിളക്കമുള്ള രണ്ടാമത്തെ നക്ഷത്രമാണ് സുഹൈല്‍. ഭൂമിയില്‍ നിന്ന് 313 പ്രകാശവര്‍ഷം അകലെയാണിത്. അറബ് രാജ്യങ്ങളില്‍ മത്സ്യബന്ധനത്തിനും കൃഷിക്കും അനുയോജ്യമായ സമയം നിശ്ചയിക്കുന്നത് സുഹൈല്‍ നക്ഷത്രത്തെ ആശ്രയിച്ചാണ്.

കൊടും വേനലില്‍ ചുട്ടുപൊള്ളുന്ന യു.എ.ഇ.യിലെ ജനങ്ങള്‍ക്ക് ആശ്വാസമായാണ് സുഹൈല്‍ നക്ഷത്രം പ്രത്യക്ഷപ്പെട്ടത്. അറബ് വിശ്വാസവുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്ന നക്ഷത്രമാണ് സുഹൈല്‍.

അതേസമയം സുഹൈല്‍ എത്തിയാല്‍ പൊടുന്നനെ ചൂട് കുറയില്ല. തുടര്‍ന്നുള്ള ആഴ്ച്ചകളിള്‍ ഘട്ടംഘട്ടമായിട്ടായിരിക്കും രാജ്യത്തെ താപനിലയില്‍ മാറ്റമുണ്ടാവുക. തണുപ്പ് കാലത്തേക്കുള്ള യാത്രയുടെ കാലമാണിത്.  സാധാരണ രീതിയില്‍ സുഹൈല്‍ ഉദിച്ച് 40 ദിവസത്തിനുശേഷം ശൈത്യകാലം ആരംഭിക്കും. രാജ്യത്തെ പകല്‍സമയത്തിന്റെ ദൈര്‍ഘ്യത്തിലും വരുംദിവസങ്ങളില്‍ മാറ്റമുണ്ടാകും.

ആകാശത്തിലെ ഏറ്റവും തിളക്കമുള്ള രണ്ടാമത്തെ നക്ഷത്രമായതിനാൽ, സുഹൈലിനെ കണ്ടെത്താൻ വളരെ എളുപ്പമാണ്. ദുബൈ അസ്‌ട്രോണമി ഗ്രൂപ്പിന്റെ സിഇഒ ഹസൻ അൽ ഹരീരി പറയുന്നതനുസരിച്ച്, സുഹൈൽ നക്ഷത്രം സീസൺ മാറ്റത്തെ കൃത്യമായി സൂചിപ്പിക്കുന്നു. യുഎഇ വേനൽക്കാലത്ത് നിന്ന് ശരത്കാലത്തിലേക്ക് മാറുകയാണ്. ക്രമേണ, താപനില കുറയും – അദ്ദേഹം വ്യക്തമാക്കി.

ഇനിയുള്ള രണ്ട് മാസക്കാലം പകലിന്റെ ദൈര്‍ഘ്യം 13 മണിക്കൂറില്‍ താഴെയായിരിക്കും. ഒക്ടോബറോടെ രാവും പകലും തുല്യദൈര്‍ഘ്യത്തിലെത്തും. ഈ സമയങ്ങളില്‍ രാജ്യത്തെ താപനിലയിലും കുറവ് രേഖപ്പെടുത്തും. ഒക്ടോബര്‍ രണ്ടിന് ആരംഭിക്കുന്ന ശൈത്യകാലം ഏപ്രില്‍ അവസാനംവരെ നീണ്ടുനില്‍ക്കും.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!