ജീപ്പ് മറിഞ്ഞത് 30 മീറ്റര്‍ താഴ്ചയിലേക്ക്; അപകടം വളവ് തിരിയുമ്പോള്‍, മരിച്ച ഒന്‍പതുപേരും സ്ത്രീകൾ
വയനാട്: മാനന്തവാടിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായത് വാഹനം വളവ് തിരിയുമ്പോള്‍. വളവ് തിരിയുന്നതിനിടെ നിയന്ത്രണംവിട്ട ജീപ്പ് 30 മീറ്ററോളം താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ചെറുതും വലുതമായ പാറകള്‍ നിറഞ്ഞ സ്ഥലത്താണ് ജീപ്പ് വന്നുപതിച്ചതെന്നത് അപകടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു. താഴേക്ക് പതിച്ച ജീപ്പ് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.
കണ്ണോത്ത് മല ഭാഗത്തുനിന്ന് തലപ്പുഴ റോഡിലേക്ക് ഇറങ്ങിവരുന്ന വഴി കണ്ണോത്തുമല ബസ് വെയിറ്റിങ് ഷെഡിങ് സമീപത്തുവെച്ച് വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. തോട്ടം തൊഴിലാളികള്‍ ജീപ്പില്‍ സ്ഥിരമായി സഞ്ചരിക്കുന്ന പാതയാണ് ഇതെങ്കിലും ഇറക്കവും വളവുകളും നിറഞ്ഞ് അപകടം പതിയിരിക്കുന്ന പ്രദേശമാണിത്. കൊടുംവളവുകള്‍ നിറഞ്ഞ ഈ റോഡില്‍ ഒരുഭാഗത്ത് വലിയ കൊക്കയാണ്.
റോഡിലൂടെ പോയ യാത്രക്കാരായ നാട്ടുകാരാണ് ജീപ്പ് അപകടത്തില്‍പ്പെട്ട വിവരം ആദ്യമറിഞ്ഞത്. കൂടുതല്‍ പേരെ വിളിച്ചുകൂട്ടി കയര്‍ താഴേക്ക് കെട്ടിയിറക്കിയാണ് നാട്ടുകാര്‍ ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. തൊട്ടുപിന്നാലെ പോലീസും എത്തി. മുഴുവന്‍ പേരേയും ഏറെപണിപെട്ട് കയറിലൂടെ മുകളിലേക്ക് എത്തിച്ച ശേഷം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അപകടം നടന്ന സ്ഥലത്തുനിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള മാനന്തവാടി മെഡിക്കല്‍ കോളേജിലേക്കാണ് എല്ലാവരേയും എത്തിച്ചത്.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ തോട്ടം തൊഴിലാളികളായ 13 സ്ത്രീകളും ഡ്രൈവറും ഉള്‍പ്പെടെ 14 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. മരിച്ച ഒമ്പതുപേരില്‍ ആറുപേരും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചതായാണ് വിവരം. റാണി, ചിന്നമ്മ, ശാന്ത, ലീല, റാബിയ, ഷാജ ബാബു, വസന്ത, മേരി എന്നിവരുടെ മരണമാണ് ഇതിനോടകം സ്ഥിരീകരിച്ചത്. മരിച്ച ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. ഗുരുതരമായി പരിക്കേറ്റ ജീപ്പ് ഡ്രൈവര്‍ മണി, ലത, ഉമാ ദേവി എന്നിവര്‍ ഗുരുതരാവസ്ഥയിൽ ചികിത്സയില്‍ തുടരുകയാണ്. വനം മന്ത്രി എ.കെ.ശശീന്ദ്രൻ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു.
വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. കണ്ണോത്ത് മലയ്ക്ക് സമീപം വളവും ഇറക്കവും ഉള്ള റോഡിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ടു 25 മീറ്റർ താഴ്ചയിലേക്ക് മറിഞ്ഞ ജീപ്പ് അരുവിയിലെ കല്ലുകളിലേക്ക് മറിഞ്ഞതാണ് അപകടം ഗുരുതരമാക്കി. ദീപു ട്രേഡിങ് കമ്പനിയുടേതാണ് അപകടത്തിൽ പെട്ട ജീപ്പ്. കെഎൽ 11 ഡി 5655 നമ്പർ ജിപ്പാണ് അപകടത്തിൽ പെട്ടത്.
∙ അനുശോചിച്ച് മുഖ്യമന്ത്രി
വയനാട് മാനന്തവാടി കണ്ണോത്ത് മലയ്ക്ക് സമീപം തോട്ടം തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 പേർ മരിച്ച സംഭവം അത്യന്തം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. പരുക്കേറ്റവരുടെ ചികിത്സയടക്കം മറ്റു അടിയന്തര കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനും ആവശ്യമായ സത്വര നടപടികൾ സ്വീകരിക്കുന്നതിനും മന്ത്രി എ.കെ.ശശീന്ദ്രനെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
∙ ദുഃഖം രേഖപ്പെടുത്തി രാഹുൽ ഗാന്ധി
മാനന്തവാടിയിൽ തേയില തൊഴിലാളികളുടെ ജീവൻ അപഹരിച്ച ജീപ്പ് അപകടത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി ഫെയ്സ്ബുക്കിൽ കുറിച്ചു. ജില്ലാ അധികാരികളുമായി സംസാരിച്ചതായും വേഗത്തിൽ നടപടികൾ സ്വീകരിക്കാൻ നിർദേശിച്ചുവെന്നും അപകടത്തിൽ പരുക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും രാഹുല്‍ കുറിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക