സൗദിയിൽ വിമാനയാത്രക്കാരുടെ ആനുകൂല്യങ്ങളും നഷ്ടപരിഹാരങ്ങളും വർധിപ്പിച്ചു; പുതിയ ആനുകൂല്യങ്ങളും പഴയ ആനുകൂല്യങ്ങളും അറിയാം
സൗദിയിൽ വിമാനയാത്രക്കാരുടെ ആനുകൂല്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്നതിനായി സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി പുതിയ നിയമങ്ങളും നിയന്ത്രണങ്ങളും പ്രഖ്യാപിച്ചു. നവബംർ 20 മുതലാണ് പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരിക. യാത്രക്കാർക്ക് നിലവിൽ നൽകിവരുന്ന ആനുകൂല്യങ്ങളും അവകാശങ്ങളും വർധിപ്പിച്ചുകൊണ്ടാണ് പുതിയ നിയമാവലി അതോറ്റി അംഗീകരിച്ചത്.
വിമാനയാത്ര വൈകൽ, യാത്ര നേരത്തെയാക്കൽ, റദ്ദാക്കൽ, ഓവർ ബുക്കിംഗ് കാരണം യാത്രക്കാരന് സീറ്റ് നിഷേധിക്കൽ, സീറ്റ് തരം താഴ്ത്തൽ തുടങ്ങിയ സാഹചര്യങ്ങളിൽ യാത്രക്കാർക്ക് ആവശ്യമായ പരിചരണവും പിന്തുണയും സാമ്പത്തിക നഷ്ടപരിഹാരവും ലഭിക്കും. ഇത് ഉറപ്പാക്കുന്ന 30 നിയമാവലികളാണ് പരിഷ്കരിച്ച ചട്ടങ്ങളിലുള്ളത്. ചില സാഹചര്യങ്ങളിൽ ടിക്കറ്റ് നിരക്കിന്റെ 150 ശതമാനം മുതൽ 200 ശതമാനം വരെ യാത്രക്കാർക്ക് നഷ്ടപരിഹാരം ലഭിക്കും. ബുക്കിംഗ് നടത്തുമ്പോൾ അറിയിക്കാത്ത സ്റ്റോപ്പ് ഓവറുകൾ പീന്നീട് ഉൾപ്പെടുത്തിയാൽ ഓരോ സ്റ്റോപ്പ് ഓവറിനും നിശ്ചിത തുക വീതം നഷ്ടപരിഹാരം ലഭിക്കുന്നതാണ്.
വികലാംഗരായ യാത്രക്കാരുടെ അവകാശങ്ങളും പ്രത്യേക ആവശ്യകതകളും നിയമാവലി പ്രത്യകം പരിഗണിച്ചിട്ടുണ്ട്. ഹജ്ജ്, ഉംറ സർവീസുകൾ പോലെ ചാർട്ടർ ഫ്‌ളൈറ്റുകളിലെ യാത്രക്കാരുടെ അവകാശങ്ങളും നിയമാവലിയിലൂടെ സംരക്ഷിക്കപ്പെടുന്നതാണ്.
ബാഗേജ് സംബന്ധിച്ച കേസുകളിലാണ് ഏറ്റവും ഉയർന്ന നഷ്ടപരിഹാരം ലഭിക്കുക. ബാഗേജ് നഷ്ടപ്പെട്ടാൽ 6568 റിയാലിന് തുല്യമായ തുകയാണ് വിമാന കമ്പനി യാത്രക്കാരന് നൽകേണ്ടത്. ബാഗേജ് ലഭിക്കാൻ കാലതാമസം നേരിട്ടാലും ബാഗേജ് കേട് വന്നാലും 6568 റിയാലിൽ കൂടാത്ത നഷ്ടപരിഹാരത്തിന് യാത്രക്കാരന് അവകാശമുണ്ടാകും.
വ്യോമഗതാഗത സേവനങ്ങൾ നവീകരിക്കാനും കാര്യക്ഷമത വർധിപ്പിക്കാനും വിമാന യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്താനും അവകാശങ്ങൾ സംരക്ഷിക്കാനുമാണ് പുതിയ നിയമാവലിയിലൂടെ ലക്ഷ്യമിടുന്നത്.
പരിഷ്കരിച്ച ആനുകൂല്യങ്ങൾ താഴെ:
വിമാനം വൈകൽ: 6 മണിക്കൂറിൽ കൂടുതൽ വൈകിയാൽ 750 റിയാൽ സാമ്പത്തിക നഷ്ടപരിഹാരവും, യാത്രക്കാരന് ഭക്ഷണം, ശീതള പാനീയങ്ങൾ, ഹോട്ടൽ താമസം, യാത്ര സംവിധാനം എന്നിവ വിമാന കമ്പനി നൽകേണ്ടതാണ്. (പഴയ ആനുകൂല്യങ്ങളിൽ 750 റിയാൽ സാമ്പത്തി നഷ്ടപരിഹാരം ലഭിച്ചിരുന്നില്ല)
വിമാനം റദ്ദാക്കൽ: യാത്ര റദ്ദാക്കിയിൽ ടിക്കറ്റ് തുകയുടെ 150 ശതമാനം വരെ യാത്രക്കാരന് തിരിച്ച് നൽകേണ്ടതാണ്. (പഴയ ആനുകൂല്യങ്ങളിൽ മുഴുവന തുകയും മാത്രമേ യാത്രക്കാരന് തിരിച്ച് നൽകിയിരുന്നുള്ളു)
ഓവർ ബുക്കിംഗ് കാരണം യാത്രക്കാരന് യാത്ര മുടങ്ങൽ: യാത്രക്കാരന് ടിക്കറ്റിൻ്റെ മുഴുവൻ തുകയും തിരിച്ച് നൽകുകയും ടിക്കറ്റ് തുകയുടെ 200 ശതമാനം വരെ നഷ്ടപരിഹാരം നൽകുകയും വേണം. (പഴയ നിയമപ്രകാരം ടിക്കറ്റ് തുകയോടൊപ്പം ടിക്കറ്റ് തുകയുടെ 100 ശതമാനമായിരുന്നു നഷ്ടപരിഹാരം അനുവദിച്ചിരുന്നത്)
ടിക്കറ്റ് തരം താഴ്ത്തൽ: യാത്രക്കാരൻ്റെ ടിക്കറ്റ് താഴ്ന്ന ക്ലാസുകളിലേക്ക് തരം താഴ്ത്തിയാൽ ടിക്കറ്റ് തുകയുടെ 200 ശതമാനം നഷ്ടപരിഹാരം നൽകേണ്ടതാണ്. (പഴയ നിയമത്തിൽ 100 ശതമാനമായിരുന്നു നഷ്ടപരിഹാര തുക)
ഷെഡ്യൂൾ ചെയ്യാത്ത സ്റ്റോപ്പ് ഓവർ: ബുക്കിംഗ് സമയത്ത് യാത്രക്കാരനെ അറിയിച്ചിട്ടില്ലാത്ത സ്റ്റോപ്പ് ഓവറുകൾ യാത്രയിലുണ്ടായാൽ ഓരോ സ്റ്റോപ്പിനും 500 റിയാൽ വീതം നഷ്ടപരിഹരം നൽകാൻ വിമാന കമ്പനി ബാധ്യസ്ഥരായിരിക്കും. (പഴയ നിയമത്തിൽ ഇതിന് നഷ്ടപരിഹാരം അനുവദിച്ചിരുന്നില്ല)
ലഗേജ് നഷ്ടപ്പെടുകയോ കേടാകുകയോ ചെയ്താൽ: യാത്രക്കാരൻ്റെ ലഗേജ് നഷ്ടപ്പെടുകയോ കേടാവുകയോ ചെയ്താൽ 6568 റിയാൽ നഷ്ടപരിഹാരം ലഭിക്കും. (പഴയ നിയമത്തിൽ ഇത് 1750 മുതൽ 5655 റിയാൽ വരെയായിരുന്നു നഷ്ടപരിഹാരം അനുവദിച്ചിരുന്നത്)
ലഗേജ് ലഭിക്കാൻ വൈകിയാൽ: യാത്രക്കാരന് ലഗേജ് ലഭിക്കാൻ വൈകിയാൽ ആദ്യ ദിവസം 740 റിയാലും, രണ്ടാം ദിവസം 300 റിയാലും പരമാവധി 6,568 റിയാൽ വരെയുമാണ് നഷ്ടപരിഹാരം അനുവദിക്കുക. (പഴയ നിയമപ്രകാരം ആഭ്യന്തര വിമാനങ്ങൾക്ക് 100 റിയാലും, അന്താരാഷ്‌ട്ര വിമാനങ്ങൾക്ക് വൈകുന്ന ഓരോ ദിവസത്തിനും 200 റിയാൽ വീതം പരമാവധി 5 ദിവസം വരെയായിരുന്നു നഷ്ടപരിഹാരം അനുവദിച്ചിരുന്നത്)
റൺവേയിൽ കാലതാമസം നേരിട്ടാൽ: യാത്ര പുറപ്പെടുമ്പോഴോ, അല്ലെങ്കിൽ എത്തിച്ചേരുമ്പോഴോ റൺവേയിൽ മൂന്ന് മണിക്കൂറിൽ കൂടുതൽ കാലതാമസമുണ്ടായാൽ യാത്രക്കാരന് ഇറങ്ങാനും ചട്ടപ്രകാരമുള്ള നഷ്ടപരിഹാരം തേടാനും അവകാശമുണ്ട്. (പഴയ നിയമത്തിൽ ഇതിന് പ്രത്യേകമായ ആനുകൂല്യങ്ങളൊന്നും നിശ്ചയിച്ചിരുന്നില്ല)
പ്രത്യേക ആവശ്യങ്ങളുള്ള യാത്രക്കാർ: രോഗികൾ, അംഗവൈകല്യമുള്ളവർ പോലുള്ള പ്രത്യേക ആവശ്യങ്ങളുള്ള യാത്രക്കാർക്കും ആനുകൂല്യങ്ങൾക്ക് അർഹതയുണ്ട്. ഇത്തരം യാത്രക്കാരെ കയറ്റാതിരുന്നാൽ ടിക്കറ്റ് തുകക്ക് പുറമെ 200 ശതമാനം നഷ്ടപരിഹാരം ലഭിക്കും. കൂടാതെ വീൽചെയർ നൽകാതിരുന്നാൽ 500 റിയാലും നഷ്ടപരിഹാരമായി ലഭിക്കുന്നതാണ്. (പഴയ നിയമപ്രകാരം 200 റിയാലായാരുന്നു നഷ്ടപരിഹാരം)
എല്ലാ ആനുകൂല്യങ്ങളും നഷ്ടപരിഹാരങ്ങളും വർധിപ്പിച്ചുകൊണ്ടാണ് സൌദി സിവിൽ ഏവിയേഷൻ അതോറിറ്റി നിയമങ്ങൾ പരിഷ്കരിച്ചത്. സൌദി യാത്രക്കാർക്ക് മെച്ചപ്പെട്ട സേവനം നൽകുന്നതിൻ്റെയും മികച്ച യാത്ര അനുഭവം ഒരുക്കുന്നതിൻ്റെയും ഭാഗമായാണിതെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക