രണ്ടു വിമാനങ്ങൾ ഒരേ സമയം ഒരേ റൺവേയിൽ; സമയോചിത ഇടപെടൽ മൂലം ഒഴിവായത് വൻ ദുരന്തം

ഡൽഹിയിലെ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ഒരേസമയം ഒരേ റൺവേയിലൂടെ രണ്ടു വിമാനങ്ങൾ എത്തിയത് പരിഭ്രാന്തി സൃഷ്ടിച്ചു. എന്നാൽ ഒരു വിമാനത്തിലെ പൈലറ്റിന്റെ സമയോചിത ഇടപെടൽ മൂലം വൻ അപകടം ഒഴിവായി. അഹമ്മദാബാദിൽനിന്നെത്തിയ വിമാനവും ബാഗ്ദോഗ്രയിലേക്കു പോകുകയായിരുന്ന വിമാനവുമായിരുന്നു ഒരേ റൺവേയിലേക്ക് എത്തിയത്. വിസ്താര എയർലൈൻസിന്റെ ഇരു വിമാനങ്ങളിലും 300 പേർ വീതം ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

 

∙ സംഭവം ഇങ്ങനെ:

അഹമ്മദാബാദ് – ഡൽഹി വിമാനം ലാൻഡ് ചെയ്തതേ ഉണ്ടായിരുന്നുള്ളൂ. പാർക്കിങ് ബേയിലേക്കു പോകാനായി ആക്ടീവ് റൺവേ മറികടന്നു പോകാനായിരുന്നു എയർ ട്രാഫിക് കൺട്രോളിൽനിന്ന് (എടിസി) പൈലറ്റിനു കിട്ടിയ നിർദേശം. അതേസമയം, ഡൽഹി – ബാഗ്ദോഗ്ര വിമാനത്തിന് അതേ റൺവേയിലൂടെ പറന്നുയരാനുള്ള നിർദേശവും ലഭിച്ചു. അഹമ്മദാബാദ് വിമാനത്തിന്റെ പൈലറ്റ് സോനു ഗിൽ (45) ആണ് ഇക്കാര്യം തിരിച്ചറിഞ്ഞ് ഇടപെട്ടത്. വിമാനങ്ങൾ തമ്മിൽ വെറും 1.8 കിലോമീറ്റർ (1,800 മീറ്റർ) മാത്രം ദൂരം ഉള്ളപ്പോഴാണ് പൈലറ്റ് ഇക്കാര്യം തിരിച്ചറിഞ്ഞത്. ഉടൻതന്നെ എടിസിയെ വിവരം അറിയിച്ചു.

 

∙ വ്യോമയാന മന്ത്രാലയം പറയുന്നത്:

വിടിഐ926 എന്ന വിസ്താര വിമാനം 29എൽ റൺവേയിലാണ് ലാൻഡ് ചെയ്തത്. ഈ വിമാനത്തോട് 29ആർ റൺവേ മറികടന്ന് പാർക്കിങ് ബേയിലേക്ക് പോകാൻ എടിസി നിർദേശിക്കുകയായിരുന്നു. എന്നാൽ വിടിഐ926 വിമാനത്തിനുനൽകിയ നിർദേശം എടിസി ഉദ്യോഗസ്ഥൻ ‘മറന്നുപോയെന്നും’ 29 ആർ റൺവേയിൽനിന്ന് പറന്നുയരാൻ വിടിഐ725 വിമാനത്തിന് അനുമതി നൽകുകയായിരുന്നുവെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പറയുന്നു. വിടിഐ926ല്‍നിന്നു വിവരം ലഭിച്ചതിനു പിന്നാലെ തെറ്റ് മനസ്സിലാക്കിയ ഉദ്യോഗസ്ഥൻ വിടിഐ725 വിമാനത്തിന് പറന്നുയരുന്നതിനുള്ള അനുമതി റദ്ദാക്കുകയായിരുന്നു. എടിസി ഉദ്യോഗസ്ഥനെതിരെ ഡി‍ജിസിഎ നടപടിയെടുത്തു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!