ചാന്ദ്രയാൻ 3 – ലാൻഡിങ്ങിനുള്ള ഒരുക്കം തുടങ്ങി; ലാൻഡർ ചന്ദ്രോപരിതലത്തിന് 25 കി.മീ. മുകളിൽ

ബെംഗളൂരു∙ ചന്ദ്രയാൻ–3 ലാൻഡിങ്ങിനുള്ള ഒരുക്കം ബെംഗളൂരുവിലെ ഇസ്റോ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് സെന്ററിൽ (ഇസ്ട്രാക്) തുടങ്ങി. നിലവിൽ ചന്ദ്രോപരിതലത്തിൽ നിന്ന് 25 കിലോമീറ്റർ മുകളിൽ സെക്കൻഡിൽ 1.68 കിലോമീറ്റർ വേഗത്തിലാണ് ലാൻഡർ ഭ്രമണം ചെയ്യുന്നത്. ലാൻഡർ ചന്ദ്രനിൽ ഇറങ്ങാൻ സജ്ജമാണോ എന്ന പരിശോധനകൾ പുരോഗമിക്കുന്നു. എല്ലാം കൃത്യമാണെങ്കിൽ ലാൻഡിങ് സംബന്ധിച്ച കമാൻഡുകൾ 4 മണിയോടെ ലാൻഡറിന്റെ ഓൺബോർഡ് കംപ്യൂട്ടറിലേക്ക് അപ്​ലോഡ് ചെയ്ത് തുടങ്ങും.

5.45 ന് ലാൻഡർ മൊഡ്യൂൾ 25 കിലോമീറ്ററിൽനിന്ന് താഴ്ത്തി 7.4 കിലോമീറ്ററിൽ എത്തിക്കും. ഈ സമയം ലാൻഡിങ് നടത്താനുള്ള സ്ഥലത്ത് നിന്ന് 745.5 കിലോമീറ്റർ അകലെയുള്ള ലാൻഡർ 11.30 സെക്കൻഡ് കൊണ്ട് 32 കിലോമീറ്റർ അടുത്തേക്ക് എത്തും. ഇതാണ് റഫ് ബ്രേക്കിങ് ഘട്ടം. രണ്ടാമത്തെ ഘട്ടം ആറ്റിറ്റ്യൂഡ് ഹോൾഡ് ഫേസ് ആണ്. ഈ ഘട്ടത്തിൽ 10 സെക്കൻഡ് കൊണ്ട് 32 കിലോമീറ്റർ അകലെയുള്ള ലാൻഡർ 28.52 കിലോമീറ്റർ അടുത്തേക്ക് എത്തും. ചന്ദ്രനിൽ നിന്നു 6.8 കിലോമീറ്റർ മുകളിലായിരിക്കും ഈ സമയം ലാൻഡർ. അടുത്ത 2.55 മിനിറ്റ് ഫൈൻ ബ്രേക്കിങ് ഘട്ടമാണ്.

ഈ സമയം ലാൻഡർ ചന്ദ്രനിൽ ഇറങ്ങേണ്ട സ്ഥലത്തിനു തൊട്ടു മുകളിൽ എത്തും. അതായത് 1300-800 മീറ്റർ മുകളിൽ. അവിടെ 12 സെക്കൻഡ് ഹെലികോപ്റ്റർ അന്തരീക്ഷത്തിൽ നിൽക്കുന്നതു പോലെ ലാൻഡർ നിൽക്കും. ആ സമയത്ത് ലാൻഡർ കാലുകൾ താഴേക്ക് വരുന്ന വിധം സ്വന്തം നില ക്രമീകരിക്കും. തുടർന്ന് 2.11 മിനിറ്റ് കൊണ്ട് ചന്ദ്ര ഉപരിതലത്തിന് 150 മീറ്റർ മുകളിൽ എത്തും. അവിടെ 22 സെക്കൻഡ് നിന്ന് ഇറങ്ങേണ്ട പ്രതലം പരിശോധിക്കും. അവിടെ സുരക്ഷിതമല്ലെങ്കിൽ പരമാവധി 150 മീറ്റർ സഞ്ചരിച്ച് മറ്റൊരിടം കണ്ടെത്തി ഇറങ്ങും. 6.04 ന് സേഫ് ലാൻഡിങ് നടക്കും എന്നാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്.

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!