തുവ്വൂരിലും ‘ദൃശ്യം മോഡൽ’; കയ്യും കാലും ബന്ധിച്ച് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് സുജിതയുടെ മൃതദേഹം, എസ്.പിയുടെ വാക്കുകൾ ഞെട്ടിപ്പിക്കുന്നത്
തുവ്വൂർ∙ കഴിഞ്ഞ ദിവസം കാണാതായ പള്ളിപ്പറമ്പ് മാങ്കുത്ത് മനോജിന്റെ ഭാര്യ സുജിത കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. സുജിതയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കരുവാരകുണ്ട് പൊലീസ് കസ്റ്റഡിയിലെടുത്ത വിഷ്ണുവിന്റെ വീട്ടിൽനിന്ന് കണ്ടെത്തിയത് സുജിതയുടെ മൃതദേഹമാണെന്ന് മലപ്പുറം ജില്ലാ പൊലീസ് സൂപ്രണ്ട് സുജിത് ദാസ് വ്യക്തമാക്കി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റും.
കയ്യും കാലും ബന്ധിച്ച് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാണ് സുജിതയുടെ മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ടിട്ട് 10 ദിവസം പിന്നിട്ടതിനാൽ മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്ത വിഷ്ണുവും സഹോദരൻമാരായ വൈശാഖ്, വിവേക് എന്നിവരും ഇവരുടെ സുഹൃത്ത് ഷഹദും ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് എസ്പി അറിയിച്ചു. വിഷ്ണുവിന്റെ പിതാവിനും കൊലപാതകത്തേക്കുറിച്ച് അറിവുണ്ടായിരുന്നു. ആഭരണങ്ങൾ കവരാനാണ് ഇവർ കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, മറ്റു കാരണങ്ങളുണ്ടോയെന്ന് വിശദമായ അന്വേഷണത്തിനു ശേഷമേ പറയാനാകൂ എന്നും എസ്പി വ്യക്തമാക്കി.
വിഷ്ണുവിന്റെ ഇളയ സഹോദരനെതിരെ പാണ്ടിക്കാട് പൊലീസ് സ്റ്റേഷനിൽ ഒരു പോക്സോ കേസുണ്ടെന്ന് എസ്പി അറിയിച്ചു. മറ്റു ഗുരുതരമായ കേസുകൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. അതേക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് എസ്പി പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
പിടിക്കപ്പെടില്ലെന്ന ചിന്ത വിഷ്ണുവിന് ഉണ്ടായിരുന്നുവെന്നും എസ്പി പറഞ്ഞു. അയാൾ തന്നെയാണ് എല്ലായിടത്തും സുജിതയെ കാണാനില്ലെന്ന കാര്യം പ്രചരിപ്പിച്ചത്. രണ്ടു ദിവസത്തിനുള്ളിൽ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്താനുള്ള തയാറെടുപ്പിലായിരുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. സമൂഹമാധ്യമങ്ങളിലും ഇതേക്കുറിച്ച് വലിയ പ്രചാരണം നടത്തിയിരുന്നു. ദൃശ്യം സിനിമ മാതൃകയിൽ കൊലപാതകം ഒളിപ്പിക്കാനാണ് മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് ബാത്റൂം നിർമിക്കാൻ നീക്കം നടത്തിയതെന്നും എസ്പി വിശദീകരിച്ചു.
സുജിതയുടെ മരണത്തെക്കുറച്ച് എസ്പിയുടെ വാക്കുകൾ:
സുജിതയും വിഷ്ണുവും ഒരേ കെട്ടിടത്തിൽ ജോലി ചെയ്തിരുന്നവരാണ്. ഇരുവരും തമ്മിൽ വ്യക്തിപരമായ പരിചയവുമുണ്ടായിരുന്നു. സുജിതയെ കാണാതായതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ, രണ്ടു ദിവസമായി വിഷ്ണുവിനെ നിരീക്ഷിച്ചു വരികയായിരുന്നു. തുടർന്ന് വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യംചെയ്യലിലാണ് കൊലപാതകത്തിന്റെ വിശദാംശങ്ങൾ ലഭിച്ചത്. പ്രതിയായ വിഷ്ണുവും സഹോദരന്‍മാരും ഇവരുടെ പിതാവും സുഹൃത്തും കൊലപാതകത്തിൽ പങ്കാളികളാണ്.
കൊല്ലപ്പെട്ട സുജിത, അവരെ കാണാതായെന്നു പറയുന്ന 11–ാം തീയതി രാവിലെ ജോലിക്കായി ഓഫിസിൽ പോയിരുന്നു. അവിടെനിന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പോകുന്നുവെന്നു പറഞ്ഞാണ് ഇറങ്ങിയത്. അവിടെനിന്ന് സുജിത വിഷ്ണുവിന്റെ വീട്ടിലാണ് എത്തിയത്. അവിടേക്ക് നേരിട്ടു വരാനുണ്ടായ കാരണം പരിശോധിക്കുന്നുണ്ട്. അത് എങ്ങനെയാണ് എത്തിയതെന്നും പരിശോധിക്കുന്നു.
സുജിത വരുന്ന കാര്യം പ്രതികൾക്ക് അറിയാമായിരുന്നു. അവർ പുറത്തു കാത്തുനിൽക്കുകയായിരുന്നു. വീട്ടിലെത്തിയ സുജിത വിഷ്ണുവുമായി സംസാരിക്കുന്നതിനിടെ പ്രതികൾ ചേർന്ന് ആക്രമിക്കുകയായിരുന്നു. തുടർന്ന് അവരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. ബോധംകെട്ടു വീണ സുജിതയുടെ കഴുത്തിൽ കയറിട്ട് ജനലിലൂടെ വലിച്ചിട്ടുണ്ട്. അങ്ങനെയാണ് കൊലപാതകം നടത്തിയതെന്നാണ് മനസ്സിലാക്കുന്നത്. തുടർന്ന് മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ച ശേഷം ആഭരണങ്ങൾ കൊണ്ടുപോയി വിറ്റു. അവിടെനിന്നു കിട്ടിയ പണം എല്ലാവരും വീതിച്ചെടുത്തു.
അന്നു രാത്രി വീടിന്റെ പിന്നിൽ വേസ്റ്റ് ഇടുന്ന കുഴി വലുതാക്കി അതിൽ മൃതദേഹം ഇട്ടശേഷം മണ്ണിട്ടു മൂടി. മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് ഒരു ബാത്റൂം പണിയാൻ പ്രതികൾ തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായി ഹോളോബ്രിക്സും എംസാൻഡും മെറ്റലും മൃതദേഹം കുഴിച്ചിട്ടതിന്റെ മുകളിൽ കൊണ്ടുവന്നിട്ടു.
കൊലപാതകത്തിന്റെ ഉദ്ദേശ്യം എന്താണെന്ന കാര്യത്തിൽ വിശദമായ അന്വേഷണം വേണം. സ്വർണാഭരണങ്ങൾ കവരാനാണ് എന്നാണ് പ്രാഥമികമായി മനസിലാകുന്നത്. കൊലപാതകത്തിനു പിന്നിൽ മറ്റു കാരണങ്ങളുണ്ടോയെന്ന് പോസ്റ്റ്മോർട്ടത്തിനും വിശദമായ അന്വേഷണത്തിനും ശേഷം മാത്രമേ പറയാനാകൂ. വളരെ ആസൂത്രിതമായി നടത്തിയ കൊലപാതകമാണ് ഇതെന്നാണ് ഇപ്പോൾ മനസിലാകുന്നത്.
സുജിതയെ ‘തിരയാൻ’ സജീവമായി വിഷ്ണുവും; ‘സഹായം തേടി’ ഫെയ്സ്ബുക്കിലും തുടർ പോസ്റ്റുകൾ
ഈ മാസം 11ന് കാണാതായ സുജിതയ്ക്കായി അന്വേഷണം നടക്കുമ്പോൾ, അതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ വിഷ്ണു ഫെയ്സ്ബുക്കിലൂടെ തുടർച്ചയായി പങ്കുവച്ചിരുന്നു. ഇതിനിടെയാണ്, സംശയത്തിന്റെ മുന വിഷ്ണുവിനു നേരെ തിരിഞ്ഞതും കസ്റ്റഡിയിലായതും.
സുജിതയെ കാണാതാകുന്നതിനു തൊട്ടുമുൻപ് ഏറ്റവും ഒടുവിൽ അവരുടെ ഫോണിലേക്ക് എത്തിയ കോൾ വിഷ്ണുവിന്റേതായിരുന്നു. ഈ ഫോൺകോളിനു ശേഷം സുജിതയുടെ ഫോൺ സ്വിച്ച് ഓഫായി. പിന്നീട് വിഷ്ണുവിന്റെ ഫോണിൽനിന്നും കുറേ നേരത്തേക്ക് മറ്റു കോളുകളൊന്നും പോയിരുന്നില്ല. ഇത്തരം സൂചനകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിഷ്ണു കസ്റ്റഡിയിലായതും പിന്നീട് അറസ്റ്റ് ചെയ്തതും.
സുജിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വിഷ്ണുവിനൊപ്പം കുടുംബാംഗങ്ങളും കസ്റ്റഡിയിലാണ്. വിഷ്ണുവിന്റെ പിതാവ് മുത്തു എന്ന കുഞ്ഞുണ്ണി, സഹോദരൻമാരായ വൈശാഖ്, വിവേക് (ജിത്തു), ഇവരുടെ സുഹൃത്ത് ഷിഹാൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. സുജിതയെ കാണാതായ 11നു തന്നെയാണ് കൊലപാതകം നടന്നതെന്നാണ് വിവരം.
സുജിതയെ കാണാതായതുമായി ബന്ധപ്പെട്ട് ഈ മാസം 17ന് കരുവാരകുണ്ട് പൊലീസിന്റെ പേരിലുള്ള ഫെയ്സ്ബുക് പേജിൽ ‘കാണ്‍മാനില്ല’ എന്ന പേരിൽ അറിയിപ്പ് നൽകിയിരുന്നു. ഇത് ഉൾപ്പെടെ പങ്കുവച്ചും തിരച്ചിലിൽ സഹകരിച്ചും പൊതുപ്രവർത്തകൻ കൂടിയായ വിഷ്ണു സജീവമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറികൂടിയാണ് വിഷ്ണു. ‘എല്ലാവരും പരമാവധി ഷെയർ ചെയ്യുക’ എന്ന കുറിപ്പു സഹിതം സുജിതയെ കാണാതായ വിവരം വിഷ്ണു ഈ മാസം 14നും പോസ്റ്റ് ചെയ്തിരുന്നു. സുജിതയെ കാണാതായ സംഭവത്തിൽ ഇടപെടൽ ശക്തമാക്കുന്നതിനായി നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചപ്പോൾ അവിടെയും സജീവമായിരുന്നു.
വിഷ്ണുവിന്റെ അമ്മ നേരത്തെ മരിച്ചതാണെന്നു നാട്ടുകാർ പറയുന്നു. ഇപ്പോൾ ഒപ്പമുള്ളത് രണ്ടാനമ്മയാണ്. വിഷ്ണുവിന്റെ ഭാര്യ പ്രസവത്തിനായി സ്വന്തം വീട്ടിൽ പോയിരിക്കുകയാണെന്നും നാട്ടുകാർ പറയുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക