ലൈസൻസിൽ നെഗറ്റീവ് പോയിന്‍റ് കുറക്കണോ? പ്രവാസികള്‍ക്കുള്‍പ്പെടെ മികച്ച അവസരം, ഓഫറുമായി അധികൃതര്‍

യുഎഇയിൽ വാഹനമോടിച്ച് ലൈസൻസിൽ നെഗറ്റീവ് പോയിന്റ് ലഭിച്ചവർക്ക് ഇത് കുറയ്ക്കാൻ അവസരമൊരുക്കി യുഎഇ ആഭ്യന്തര മന്ത്രാലയം. സ്കൂളുകൾ തുറക്കുന്ന ഓഗസ്ത് 28ന് സുരക്ഷിതമായി വാഹനമോടിച്ചാൽ നെഗറ്റീവ് പോയിന്റുകൾ കുറയ്ക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഈ മാസം 28ന് പ്രഖ്യാപിച്ച സീറോ ആക്സിഡന്റ് ഡേ ക്യാംപയിൻ വിജയിപ്പിക്കാനാണ് പുതിയ പ്രഖ്യാപനം. യുഎഇയിൽ വാഹനമോടിക്കുന്നവരുടെ പേടി സ്വപ്നമാണ് ലൈസൻസിലെ  നെഗറ്റീവ് പോയിന്റുകൾ.
രേഖകളില്ലാതെയും നിയമം പാലിക്കാതെയുള്ള ഡ്രൈവിങ്, അപകടകരമായി, അശ്രദ്ധയോടെയുള്ള വണ്ടിയോടിക്കൽ എന്നിവയ്‍ക്കെല്ലാം പിഴയ്ക്ക് പുറമെ നെഗറ്റീവ് പോയിന്റുകൾ കൂടും. ഗതാഗത നിയമലംഘനങ്ങൾക്ക് ചുമത്തുന്ന നെഗറ്റീവ് പോയിന്റുകൾ  24 വരെയായാൽ ലൈസൻസ് തന്നെ റദ്ദാകും.

ഇത്തരത്തിൽ നാല് നെഗറ്റീവ് പോയിന്റുകൾ കുറയ്ക്കാനുള്ള അവസരമാണ് യുഎഇ ഒരുക്കുന്നത്.
സ്കൂളുകൾ തുറക്കുന്ന ആഗസ്ത് 28ന് സുരക്ഷിതമായി വാഹനമോടിക്കണം. ഇതിനായി പ്രത്യേകം പ്രതിജ്ഞയെടുക്കണം. ഇതിനായുള്ള സൗകര്യം ആഭ്യന്തര മന്ത്രാലയം വെബ്സൈറ്റിൽ ഒരുക്കിയിട്ടുണ്ട്. സ്കൂളുകൾ തുറക്കുന്ന ദിവസമായ ആഗസ്ത് 28 രാജ്യത്ത് സീറോ ആക്സിഡന്റ് ഡേ അഥവാ വാഹനാപകടങ്ങളില്ലാത്ത ദിനമായി ആചരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് വിജയിപ്പിക്കാനാണ് പുതിയ ആകർഷണങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.

പൊതുജനങ്ങളില്‍ റോഡ് സുരക്ഷാ അവബോധം വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരമൊരു ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നതെന്ന് ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ ചെയര്‍മാന്‍ ജനറല്‍ ഹുസൈന്‍ അഹമ്മദ് അല്‍ ഹാര്‍ത്തി പറഞ്ഞു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!