വിവാഹം നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി; വില്ലനായി വീട്ടിലെ വളര്‍ത്തുന്ന നായ
വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിവാഹ സ്വപ്‌നങ്ങളെല്ലാം പൊലിഞ്ഞാലോ? വിവാഹം നടക്കുമോ എന്ന് തന്നെ ഉറപ്പില്ലാതായാലോ? അമേരിക്കന്‍ പൗരനായ ഡൊണാറ്റോ ഫ്രാറ്ററോളിക്കാണ് വിവാഹത്തിന്റെ അവസാനവട്ട ഒരുക്കങ്ങള്‍ക്കിടെ തന്റെ വളര്‍ത്തുനായ വിവാഹ സ്വപ്‌നങ്ങള്‍ തല്ലിക്കെടുത്തിയത് നോക്കിനില്‍ക്കേണ്ടി വന്നത്.
ഇറ്റലിയില്‍ നടക്കാനാരിക്കുന്ന വിവാഹത്തിന്റെ ഒരുക്കത്തിലായിരുന്നു ഫ്രാറ്ററോളിയും പ്രതിശ്രുത വധു മഗ്ദ മസ്രിയും. വിവാഹത്തിന്റെ ഫോറം പൂരിപ്പിക്കാനായി സിറ്റി ഹാളില്‍ പോയപ്പോഴാണ് എല്ലാം തകിടം മറിഞ്ഞത്. ഒന്നര വയസ്സുള്ള ഗോള്‍ഡന്‍ റിട്രീവര്‍ ഇനത്തില്‍പ്പെട്ട ചിക്കി എന്ന വളര്‍ത്തുനായ ഫ്രാറ്ററോളിയുടെ പാസ്‌പോര്‍ട്ടിന്റെ പേജുകള്‍ കടിച്ചുകീറിയതാണ് തിരികെയെത്തിയ അവര്‍ കണ്ടത്.
ഇതോടെ ഓഗസ്റ്റ് 31ന് ഇറ്റലിയില്‍ നടക്കാനിരുന്ന വിവാഹം അനിശ്ചിതത്തത്തിലായിരിക്കുകയാണെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. വിവാഹം നിശ്ചയിച്ച ദിവസം നടക്കണമെങ്കില്‍ പുതിയ പാസ്‌പോര്‍ട്ട് ലഭിക്കണം. സാധാരണ രീതിയില്‍ പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചാല്‍ ലഭിക്കാന്‍ ദിവസങ്ങള്‍ വേണ്ടി വരും. പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പ്രതിശ്രുത വരന്‍.
പാസ്‌പോര്‍ട്ട് നായ കടിച്ചുകീറിയതിന്റെ സമ്മര്‍ദ്ദത്തിലാണ് താനെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്ന് ബന്ധപ്പെട്ടിരുന്നെന്നും അനുകൂല പ്രതികരണമാണ് ഉണ്ടായതെന്നും ഫ്രാറ്ററോളി പറഞ്ഞു. കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ ശ്രമിക്കുമെന്നും എത്രയും പെട്ടെന്ന് പാസ്‌പോര്‍ട്ട് നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഓഫീസ് അറിയിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ വെള്ളിയാഴ്ചയാണ് ദമ്പതികള്‍ ഇറ്റലിയിലേക്ക് യാത്ര നിശ്ചയിച്ചിരുന്നത്. അന്ന് പാസ്‌പോര്‍ട്ട് കിട്ടിയില്ലെങ്കില്‍ വധുവും സംഘവും വരനില്ലാതെ ഇറ്റലിയിലേക്ക് പോകേണ്ടി വരും. വിവാഹത്തിന് തൊട്ടു മുമ്പ് വരെ പാസ്‌പോര്‍ട്ട് ലഭിച്ചില്ലെങ്കില്‍ താന്‍ വീട്ടിലിരിക്കുമെന്നും വിവാഹ സംഘം തിരിച്ച് യുഎസിലേക്ക് മടങ്ങുമ്പോള്‍ കാണാമെന്നുമാണ് ഫ്രാറ്ററോളി പറയുന്നത്.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക