ദേഹപരിശോധന ഇല്ല, മൊബൈൽ കെട്ടിവെച്ചത് കാലിൽ, ചെറിയ റിമോട്ടും; കോപ്പിയടിക്ക് പിടിക്കപ്പെടാത്ത ആധുനിക സംവിധാനങ്ങൾ വേറെയും…

തിരുവനന്തപുരം: വി.എസ്.എസ്.സി(വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍) പരീക്ഷയിലെ കോപ്പിയടി അന്വേഷിക്കാന്‍ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു. സൈബര്‍ സെല്‍ ഡിവൈ.എസ്.പി. കരുണാകരന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തെയാണ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്. സൈബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ക്ക് പുറമേ തിരുവനന്തപുരം മ്യൂസിയം, കന്റോണ്‍മെന്റ്, മെഡി. കോളേജ് ഇന്‍സ്‌പെക്ടര്‍മാരും അന്വേഷണസംഘത്തിലുണ്ടാകും.

വി.എസ്.എസ്.സി. കഴിഞ്ഞദിവസം നടത്തിയ ടെക്‌നിഷ്യന്‍(ഇലക്ട്രീഷ്യന്‍ ഗ്രേഡ് ബി) പരീക്ഷയിലാണ് ഹൈടെക്ക് കോപ്പിയടി നടന്നത്. തിരുവനന്തപുരത്തെ രണ്ട് പരീക്ഷാകേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഹൈടെക്ക് കോപ്പിയടി നടത്തിയ രണ്ട് ഹരിയാണ സ്വദേശികളും പിടിയിലായിരുന്നു. കോപ്പിയടിക്ക് പിന്നില്‍ ഹരിയാണ കേന്ദ്രീകരിച്ചുള്ള വന്‍ റാക്കറ്റുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. ഇതുസംബന്ധിച്ച അന്വേഷണം ഹരിയാണയിലേക്കും വ്യാപിപ്പിക്കും.

ഹരിയാണയില്‍നിന്ന് മാത്രം 469 പേര്‍ കഴിഞ്ഞദിവസത്തെ പരീക്ഷ എഴുതിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കോപ്പിയടി നടന്നതായി കണ്ടെത്തിയതോടെ കഴിഞ്ഞദിവസത്തെ പരീക്ഷ റദ്ദാക്കാനും പോലീസ് ആവശ്യപ്പെടും. കഴിഞ്ഞവര്‍ഷം നടന്ന കേന്ദ്രസര്‍ക്കാരിന്റെ ഗ്രൂപ്പ് സി ഡിഫന്‍സ് എക്‌സാമില്‍ കോപ്പിയടിച്ചതിന് 29 ഹരിയാണ സ്വദേശികള്‍ അറസ്റ്റിലായിരുന്നു. ചെന്നൈയിലെ പരീക്ഷാകേന്ദ്രത്തില്‍നിന്നാണ് ഹരിയാണ സ്വദേശികളെ കോപ്പിയടിക്ക് കൂട്ടത്തോടെ പിടികൂടിയത്. ഇത്തവണ തിരുവനന്തപുരത്തും പിടിയിലായതും ഹരിയാണ സ്വദേശികളാണ്. ഇതിനാല്‍ ഹരിയാണ കേന്ദ്രീകരിച്ച് ഇത്തരത്തിലുള്ള വലിയസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായാണ് സൂചന.

 

അറസ്റ്റിലായത് രണ്ടുപേര്‍, കോപ്പിയടി ഇങ്ങനെ….

ഹരിയാണ സ്വദേശികളായ സുമിത്(25), സുനില്‍(25) എന്നിവരെയാണ് പരീക്ഷയില്‍ ക്രമക്കേട് കാണിച്ചതിന് പോലീസ് കഴിഞ്ഞദിവസം അറസ്റ്റുചെയ്തത്. ബ്ലൂ ടൂത്ത് ഹെഡ്സെറ്റ്, ചെറിയ ക്യാമറ, ക്ലൗഡ് സ്റ്റോറേജ് എന്നിവയുപയോഗിച്ചാണ് പ്രതികള്‍ ക്രമക്കേട് കാണിച്ചത്. ഹരിയാണയിലുള്ള കോച്ചിങ് സ്ഥാപനങ്ങള്‍ക്കാണ് ഇവര്‍ ചോദ്യപേപ്പറിന്റെ ചിത്രം അയച്ചുകൊടുത്തതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. മറ്റുള്ള ആളുകള്‍ക്ക് വേണ്ടിയാണ് ഇവര്‍ പരീക്ഷയെഴുതിയതെന്നും കണ്ടെത്തി. പ്രതികളുടെ വിലാസം പരിശോധിച്ചപ്പോള്‍ അത് വ്യാജമായിരുന്നു. ഹരിയാണയിലാണ് ക്രമക്കേടിന് ആസൂത്രണം നടന്നത്. സ്‌ക്രീന്‍ വ്യൂവര്‍ വഴിയാണ് ഷെയര്‍ ചെയ്തത്.

തിരുവനന്തപുരത്ത് വിവിധ കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ. ഹരിയാണ സ്വദേശികള്‍ ഉള്‍പ്പെടെ ഉത്തരേന്ത്യക്കാരാണ് കൂടുതലും പരീക്ഷയെഴുതിയത്. ഹരിയാണ സ്വദേശികളില്‍ പലരും ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ചതായാണ് പ്രതികള്‍ പോലീസിന് നല്‍കിയ വിവരം. പരീക്ഷയെഴുതിയ പലരും സംസ്ഥാനം വിട്ടു. വിമാനത്തിലാണ് ഇവരെത്തിയതെന്നും പറയുന്നു.

പട്ടം സെയ്ന്റ് മേരീസിലാണ് സുമിത് പരീക്ഷയെഴുതിയത്. സുനില്‍ കോട്ടണ്‍ഹില്‍ സ്‌കൂളിലും. പരീക്ഷയ്ക്ക് മുമ്പായി വിശദമായ പരിശോധനയുണ്ടാകില്ലെന്ന് പ്രതികള്‍ക്ക് സൂചന ലഭിച്ചിരുന്നു. ഇതോടെയാണ് ഇവര്‍ ഇലക്ട്രോണിക് ഉപകരണങ്ങളുമായെത്തിയത്.

ഇരുവരുടെയും മൊബൈല്‍ ഫോണും ക്രമക്കേടിന് ഉപയോഗിച്ച മറ്റു ഉപകരണങ്ങളും വിശദമായി പരിശോധിക്കും. ഹിന്ദി മാത്രം സംസാരിക്കുന്ന ഇവര്‍ കൂടുതല്‍ വിവരങ്ങള്‍ ഒന്നും പറഞ്ഞിട്ടില്ല. കാശ് വാങ്ങി ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതി നല്‍കുന്ന സംഘങ്ങളില്‍പ്പെട്ടവരാണോയെന്ന നിഗമനത്തിലാണ് പോലീസ്. ഇരുവരുടെയും ഹാള്‍ ടിക്കറ്റില്‍ സ്വന്തം ഫോട്ടോയാണ് പതിച്ചിരുന്നത്. മറ്റാര്‍ക്കോ വേണ്ടി ഹാള്‍ ടിക്കറ്റ് വ്യാജമായി നിര്‍മിച്ച് പരീക്ഷയ്ക്ക് എത്തിയതാണെന്നാണ് സംശയിക്കുന്നത്.

പരീക്ഷയില്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് തട്ടിപ്പു നടക്കുമെന്ന് ഹരിയാണയില്‍ നിന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് സന്ദേശം ലഭിച്ചിരുന്നു. സന്ദേശം മെഡിക്കല്‍ കോളേജ് പോലീസ് അധികൃതര്‍, പരീക്ഷ മേല്‍നോട്ട ചുമതലയുള്ളവര്‍ക്ക് നല്‍കിയിരുന്നു.

പരിശോധനയില്ലാത്തത് തുണയായി

മത്സരപരീക്ഷയ്ക്ക് മുന്‍പ് കൃത്യമായി ദേഹപരിശോധന നടത്താത്തത് വീഴ്ചയായി. വി.എസ്.എസ്.സി. നേരിട്ടാണ് പരീക്ഷ നടത്തിയത്. വിജ്ഞാപനം രാജ്യമാകെ ക്ഷണിച്ചതിനാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ പേരെത്തും. വി.എസ്.എസ്.സി. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരീക്ഷ നടത്തിയത്. രാവിലെയും ഉച്ചയ്ക്കുമായി രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ നടത്തിയത്. പിടികൂടിയവരുടെ പേരുകള്‍ മത്സരാര്‍ഥികളുടെ പട്ടികയിലുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പരീക്ഷയ്ക്ക് മുന്‍പ് പരിശോധന കൃത്യമായിരുന്നെങ്കില്‍ ക്രമക്കേട് നടക്കില്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

സുനില്‍ 75 മാര്‍ക്കിനുള്ള ഉത്തരമെഴുതി

തിരുവനന്തപുരം: ആള്‍മാറാട്ടം നടത്തി വി.എസ്.എസ്.സി. പരീക്ഷയില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ച് കോപ്പിയടിച്ച സംഭവത്തില്‍ പിടിയിലായ സുനില്‍ ഇത്തരം സംവിധാനങ്ങള്‍ ഉപയോഗിച്ച് 75 മാര്‍ക്കിനുള്ള ഉത്തരമെഴുതിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ മൊബൈല്‍ഫോണ്‍ കാലില്‍ കെട്ടിവെച്ചിരുന്നതായും കണ്ടെത്തി. ആദ്യം സുമിത്താണ് അറസ്റ്റിലാകുന്നത്. ഇയാള്‍ അറസ്റ്റിലായതോടെ വിവരങ്ങള്‍ മറ്റ് സ്റ്റേഷനുകളിലേക്കും കൈമാറുകയായിരുന്നു. ഇതോടെ എല്ലാ കേന്ദ്രങ്ങളിലും പോലീസ് പരിശോധന നടത്തി. ഈ സമയത്താണ് സുനിലിനെ മ്യൂസിയം പോലീസ് അറസ്റ്റുചെയ്യുന്നത്. തന്റെ സഹോദരനാണ് ചോദ്യപേപ്പറിന്റെ ചിത്രം അയച്ചുകൊടുത്തതെന്ന് സുമിത് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. സഹോദരന്‍ പിന്നീട് കോച്ചിങ് ഏജന്‍സിക്ക് ചിത്രം കൈമാറും. അവരാണ് ഉത്തരങ്ങള്‍ പറഞ്ഞുകൊടുക്കുന്നതെന്ന് സുമിത് പറയുന്നു. എന്നാല്‍, ഇവര്‍ക്ക് ഒപ്പം എത്തി പരീക്ഷാകേന്ദ്രത്തിന് സമീപത്ത് ഉണ്ടായിരുന്നവരാകും സഹായിച്ചതെന്നാണ് പോലീസ് നിഗമനം.

 

പേപ്പര്‍ പിന്‍ പോലുള്ള ബ്ലൂ ടൂത്ത് ഹെഡ്‌സെറ്റ്, ബട്ടണ്‍സ് ക്യാമറ

പെട്ടെന്ന് ആരും ശ്രദ്ധിക്കാത്ത തരത്തിലുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങളാണ് പ്രതികള്‍ ഉപയോഗിച്ചത്. പേപ്പര്‍ പിന്നിന്റെ അത്രയും വലുപ്പമുള്ള ബ്ലൂ ടൂത്ത് ഹെഡ്‌സെറ്റാണ് പിടിച്ചെടുത്തത്. ചെവിക്കുള്ളിലേക്ക് ഇത് കയറ്റിവെയ്ക്കും. പെട്ടെന്ന് തിരിച്ചറിയില്ല. പഴയ മൊബൈല്‍ഫോണിന്റെ കെയ്‌സുകള്‍ ഇളക്കിമാറ്റി ചെറുതാക്കും. ക്യാമറ മാത്രം പുറത്തുകാണും. ഈ ഉപകരണം വയറില്‍ ബെല്‍റ്റുപയോഗിച്ച് കെട്ടിവെച്ചശേഷം ക്യാമറ, ഷര്‍ട്ടിന്റെ ബട്ടന്‍സുള്ള സ്ഥാനത്ത് ഘടിപ്പിക്കും. പുറത്തു നിന്ന് നോക്കുന്നയാള്‍ക്ക് ഷര്‍ട്ടിന്റെ ബട്ടന്‍സാണെന്ന് തോന്നും. ഉപകരണങ്ങളെല്ലാം പ്രവര്‍ത്തിപ്പിക്കാന്‍ ചെറിയ റിമോട്ടും പ്രതികളുടെ കൈയിലുണ്ടാകും. ക്യാമറ ഉപയോഗിച്ച്, റിമോട്ട് കണ്‍ട്രോള്‍ വഴി ചോദ്യപേപ്പറിന്റെ ചിത്രമെടുക്കും. ഇത് ക്ലൗഡ് സ്റ്റോറേജായി പുറത്ത് ഒരിടത്ത് സേവ് ചെയ്യും. പുറത്തുനിന്നുള്ളയാള്‍ ചോദ്യ പേപ്പര്‍ പരിശോധിച്ച ശേഷം ഉത്തരങ്ങള്‍ ഹെഡ്‌സെറ്റ് വഴി പറഞ്ഞുകൊടുക്കും.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!