‘ക്യാംപസിൽ പുകവലിക്കാനും മദ്യപിക്കാനും അവകാശം’; വിദ്യാർഥിനിക്ക് വിമർശനം – വിഡിയോ

കോളജ് ക്യാംപസിലെ ‘അവകാശങ്ങളെപ്പറ്റി’യുള്ള വിദ്യാർഥിനിയുടെ വിഡിയോ വൈറലാകുന്നു. ക്യാംപസിൽ പുകവലിക്കാനും മദ്യപിക്കാനും വിദ്യാർഥികൾക്ക് അവകാശമുണ്ടെന്നു ജാദവ്പുർ സർവകലാശാലയിലെ വിദ്യാർഥിനിയാണു പറയുന്നത്. സമൂഹമാധ്യമങ്ങളിൽ  യുവതിക്കെതിരെ വ്യാപക വിമർശനമാണ്.

 

മൂന്നാം വര്‍ഷ വിദ്യാർഥി ക്യാംപസിൽ ആത്മഹത്യ ചെയ്തതിനു പിന്നാലെ സർവകലാശാലാ പരിസരത്ത് മദ്യം നിരോധിച്ചിരുന്നു. സംഭവത്തിൽ വിദ്യാർഥികളുടെ പ്രതിഷേധം അരങ്ങേറുന്നതിനിടെയാണു അവിടെ പഠിക്കുന്ന യുവതിയുടെ പ്രതികരണം. ‘‘കോളജ് എന്റെ രണ്ടാമത്തെ വീടാണ്. ഇവിടെവച്ച് മദ്യപിക്കാനും സിഗരറ്റ് വലിക്കാനും അവകാശമുണ്ട്’’– ഓൺലൈൻ മാധ്യമത്തോടു വിദ്യാർഥിനി പറഞ്ഞു.

 

‘സര്‍ക്കാസം പൊളിറ്റിക്സ്’ എന്നു വാട്ടർമാർക്ക് ചെയ്ത വിഡിയോയില്‍, റിപ്പോര്‍ട്ടറുടെ ചോദ്യത്തിനുള്ള മറുപടിയിലാണു വിദ്യാർഥിനിയുടെ മറുപടി. വീട്ടിലെപ്പോലെ പുകവലിക്കാനും മദ്യപിക്കാനും ആരാണ് അവകാശം തന്നതെന്ന ചോദ്യത്തിന്, ‘‘ആരും എനിക്ക് അവകാശം നല്‍കേണ്ടതില്ല, എനിക്ക് അതിനുള്ള അവകാശമുണ്ട്’’ എന്നും വിദ്യാർഥിനി വ്യക്തമാക്കി.

 

വിഡിയോ വൈറലായതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ വിമർശനവും കടുത്തു. ‘അവരെന്തിനാണ് പഠിക്കുന്നത്?’, ‘പൊതുസ്ഥലത്ത് പുകവലിയും മദ്യപാനവും അനുവദനീയമല്ലെന്ന് സാമാന്യബുദ്ധിയുള്ള ആര്‍ക്കും അറിയാം. പക്ഷേ അവർക്ക് അതറിയില്ല’ തുടങ്ങിയ കമന്റുകളാണ് വിഡിയോയ്ക്കു ലഭിക്കുന്നത്.

 

വീഡിയോ കാണാം….

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!