മെമ്മറി കാർഡ് ചോർന്ന കേസിൽ വാദം കേൾക്കുന്നത് മാറ്റണമെന്ന ദിലീപിൻ്റെ ആവശ്യം ഹൈക്കോടതി തള്ളി

നടിയെ പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ, മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ അതിജീവിത നൽകിയ ഹർജിയിൽ വാദം കേൾക്കുന്നത് മാറ്റിവയ്ക്കണമെന്ന നടൻ ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളി. അതിജീവിതയുടെ ഹർജിയിൽ വിധിപറയുന്നത് ഹൈക്കോടതി മാറ്റി. മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ അതിജീവിത നൽകിയ പരാതിയിൽ കോടതിയെ സഹായിക്കാൻ അഡ്വ. രഞ്ജിത് മാരാരെ അമിക്കസ്ക്യൂറിയായും ഹൈക്കോടതി നിയമിച്ചു. കേസിൽ വാദം കേട്ട ജഡ്ജി വിധിപറയുന്നത് തടയുകയാണ് അതിജീവിതയുടെ ഹർജിയുടെ ഉദ്ദേശ്യമെന്നു ചൂണ്ടിക്കാട്ടിയാണ്, വാദം കേൾക്കുന്നത് മാറ്റിവയ്ക്കണമെന്ന് ദിലീപ് ആവശ്യമുന്നയിച്ചത്.

അതേസമയം, ഇരയെന്ന നിലയിൽ തന്റെ മൗലിക അവകാശം സംരക്ഷിക്കാൻ കോടതിക്ക് ഉത്തരവാദിത്തമുണ്ടെന്നായിരുന്നു അതിജീവിതയുടെ വാദം. അതിന് അന്വേഷണം നടക്കണമെന്നും സംഭവത്തിനു പിന്നിലുള്ള പ്രതികളെ പുറത്തുകൊണ്ടുവരണമെന്നും അതിജീവിത ആവശ്യപ്പെട്ടു. ഇതിനെ സംസ്ഥാന സർക്കാരും പിന്തുണച്ചു. തുടർന്ന് കോടതി ഈ ഹർജിയിൽ വിധി പറയുന്നത് മാറ്റിവയ്ക്കുകയായിരുന്നു.

അതിജീവിത നൽകിയ ഹർജിക്ക് മറ്റു പല ഉദ്ദേശ്യങ്ങളുമുണ്ടെന്നാണ് ദിലീപ് ആരോപിച്ചത്. ഈ കേസിൽ 250ലധികം സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയ ജഡ്ജി വിധി പറയുന്നത് തടയുകയെന്ന ഉദ്ദേശ്യവും അതിജീവിതയ്ക്കും പ്രോസിക്യൂഷനുമുണ്ട്. മാത്രമല്ല, മെമ്മറി കാർഡ് ചോർന്നു എന്നു പറയുന്നത് തെറ്റായ വ്യാഖ്യാനമാണ്. അതിനുള്ള തെളിവ് കൈവശമുണ്ട്. വിചാരണ വേളയിൽ അക്കാര്യങ്ങൾ പുറത്തുകൊണ്ടുവരും. ഫൊറന്‍സിക് സയന്‍സ് ലാബോറട്ടറി (എഫ്എസ്എൽ) സാക്ഷികളെ ഇനിയും വിസ്തരിക്കാനുണ്ട്. ആ ഘട്ടത്തിൽ ഇതെല്ലാം പുറത്തു കൊണ്ടുവരുമെന്നും, ഇപ്പോൾ പുറത്തുവിട്ടാൽ വിചാരണയെ ബാധിക്കുമെന്നുമാണ് വാദം. എന്തുകൊണ്ട് കേസ് മാറ്റിവയ്ക്കണമെന്ന കാര്യത്തിൽ തന്റെ വാദങ്ങൾ സീൽഡ് കവറിൽ കോടതിയിൽ ഹാജരാക്കാനും ദിലീപ് സന്നദ്ധത അറിയിച്ചു.

നടിയെ ആക്രമിച്ചെന്ന കേസിൽ വിചാരണ നീട്ടാനാണു ശ്രമമെന്നും തന്റെ ജീവിതമാണു കേസുകാരണം നഷ്ടമായതെന്നും ദിലീപ് ഇതേ ഹർജി മുൻപു പരിഗണിക്കുമ്പോൾ ദിലീപ് ചൂണ്ടിക്കാട്ടിയിരുന്നു. നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ മെമ്മറി കാർഡ് പരിശോധിച്ചതിൽ അന്വേഷണം ആവശ്യപ്പെടുന്നതു വിചാരണ നീട്ടിക്കൊണ്ടുപോകാനാണ്. ഈ നീക്കത്തിൽ പ്രോസിക്യൂഷൻ കൈകോർക്കുകയാണെന്നും ദിലീപ് ഹൈക്കോടതിയിൽ ആരോപിച്ചിരുന്നു.

അതേസമയം, കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡ് അനധികൃതമായി തുറന്നതുവഴി നിർണായകമായ തെളിവു നശിപ്പിക്കാനുള്ള കൃത്യമായ ശ്രമമാണു നടന്നതെന്നാണ് അതിജീവിതയുടെ വാദം. സാമൂഹമാധ്യമ അക്കൗണ്ടുകളുള്ള മൊബൈൽ ഫോണിൽ മെമ്മറി കാർഡ് ഇട്ടിട്ടുണ്ടെന്നും ശാസ്ത്രീയമായ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാരിയായ അതിജീവിത കോടതിയെ സമീപിച്ചത്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!