ഗൾഫിൽ സ്കൂൾ തുറക്കാൻ ഒരാഴ്ച; കുതിച്ചുയർന്ന് വിമാനനിരക്ക്, മടക്കയാത്രയിൽ വലഞ്ഞ് മലയാളികളുൾപ്പെടെയുള്ളവർ
ഗൾഫിൽ സ്കൂൾ തുറക്കാൻ ഒരാഴ്ച ശേഷിക്കെ കേരളത്തിൽനിന്ന് ജിസിസി രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. മധ്യവേനൽ അവധിക്കു നാട്ടിലേക്ക് പോയി മടങ്ങുന്ന കുടുംബങ്ങൾ ഇതോടെ പ്രതിസന്ധിയിലായി. നേരിട്ടുള്ള വിമാനങ്ങളിൽ സീറ്റും ലഭ്യമല്ല.
പരിമിത സീറ്റിന് പൊള്ളുന്ന നിരക്കാണ്. വിവിധ സെക്ടർ വഴിയുള്ള കണക്‌ഷൻ വിമാനത്തിലാണ് പലരും ടിക്കറ്റ് എടുത്തതെങ്കിലും നിരക്കിന് വ്യത്യാസമില്ല. ഇന്നു കൊച്ചിയിൽനിന്ന് ദുബായിലേക്ക് വൺവേ ടിക്കറ്റിന് 40,000 രൂപയാണ്. ഇതനുസരിച്ച് നാലംഗ കുടുംബത്തിന് ദുബായിലേക്കു വരാൻ 1,60,000 രൂപ വേണം.
കഴിഞ്ഞ ആഴ്ച വരെ വൺവേയ്ക്ക് 19,500 രൂപ വരെയായിരുന്നു. വരും ദിവസങ്ങളിൽനിരക്ക് ഇനിയും കൂടുമെന്ന് ട്രാവൽ ഏജൻസികളും സൂചിപ്പിച്ചു. എയർ ഇന്ത്യ, എമിറേറ്റ്സ്, ഇത്തിഹാദ്, ഖത്തർ എയർവേയ്സ് തുടങ്ങിയ എയർലൈനുകളിൽ ഇപ്പോൾ തന്നെ വൺവേ നിരക്ക് 60,000–90,000 രൂപയാണ്. തിരക്ക് കൂടുന്തോറും നിരക്കും കൂടും. നേരിട്ടുള്ള വിമാനങ്ങളിൽ സീറ്റില്ലാത്തതാണ് പ്രതിസന്ധിയിലാക്കുന്നത്.
ചെറിയ കുട്ടികളെയുമായി കണക്‌ഷൻ വിമാനങ്ങളിൽ മണിക്കൂറുകളോളം യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടാണെന്ന് മലയാളി കുടുംബങ്ങൾ സൂചിപ്പിച്ചു. അതുകൊണ്ടു തുക അൽപം കൂടിയാലും നേരിട്ടുള്ള വിമാനങ്ങളിൽ യാത്ര ചെയ്യുകയാണ് പതിവ്.
എന്നാൽ സീറ്റ് കിട്ടാതെ പ്രയാസത്തിലാണ് പലരും. ജൂലൈയിൽ പോയി ഓഗസ്റ്റിൽ തിരിച്ചുവരാൻ നാലംഗ കുടുംബത്തിന് 3 ലക്ഷത്തോളം രൂപ ടിക്കറ്റിനു മാത്രം ചെലവാക്കേണ്ടി വരുന്നെന്ന് മലയാളികൾ പറഞ്ഞു.
സീറ്റില്ലാത്തതിനാൽ പലരും യാത്ര രണ്ടാഴ്ചത്തേക്കു നീട്ടിവച്ചു. ഓണം നാട്ടിൽ കൂടിയ ശേഷം തിരിച്ചുവരാനാണ് പദ്ധതി. ഇതുമൂലം സെപ്റ്റംബർ 15 വരെ ഗൾഫിലേക്കുള്ള വിമാനങ്ങളിൽ തിരക്കുതന്നെ. സെപ്റ്റംബർ മൂന്നാം വാരം മുതലേ നിരക്ക് കുറയൂ.
മധ്യവേനൽ അവധി കഴിഞ്ഞ് ജിസിസി രാജ്യങ്ങളിൽ ഈ മാസാവസാനം സ്കൂളുകൾ തുറക്കുന്നതിനാൽ യഥാസമയം തിരിച്ചെത്താനായില്ലെങ്കിൽ കുട്ടികളുടെ പഠനം മുടങ്ങുമെന്ന വേവലാതിയും രക്ഷിതാക്കൾക്കുണ്ട്. ഇതു മനസ്സിലാക്കി ഗൾഫിലേക്ക് അധിക വിമാന സർവീസ് ഏർപ്പെടുത്തണമെന്നാണ് ആവശ്യം.
കണ്ണൂർ ഉൾപ്പെടെ കേരളത്തിലെ എല്ലാ വിമാനത്താവളത്തിലേക്കും സർവീസ് നടത്താൻ കൂടുതൽ വിമാനക്കമ്പനികൾക്ക് അനുമതി നൽകിയാൽ പ്രശ്നത്തിന് താൽക്കാലിക ആശ്വാസമാകുമെന്നും പറയുന്നു.
സൌദി അറേബ്യയിലെ ഇൻ്റർനാഷണൽ ഇന്ത്യൻ സ്കൂളുകളിൽ കടുത്ത ചൂട് മൂലം സ്കൂൾ തുറക്കുന്നതിൽ മാറ്റം വരുത്തിയിട്ടുണ്ട്. ജിദ്ദ, ദമ്മാം, റിയാദ് എന്നിവിടങ്ങളിലെ ഇൻ്റർനാഷണൽ ഇന്ത്യൻ സ്കൂളുകളിൽ ഈ മാസം 31 വരെ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് അധ്യായനം ഉണ്ടായിരിക്കില്ല. ഒമ്പതാം ക്ലാസ് മുതലുള്ള കുട്ടികൾക്ക് ഇന്ന് മുതൽ ഓണ്ലൈനായിട്ടായിരിക്കും അധ്യായനം. അതിനാൽ ഈ കുട്ടികൾക്ക് നാട്ടിൽ നിന്നും ക്ലാസിൽ ചേരാവുന്നതാണ്. കെ.ജി മുതല്‍ 12 ക്ലാസുവരെയുള്ളവര്‍ക്ക് റഗുലര്‍ ക്ലാസുകള്‍ സെപ്തംബര്‍ മൂന്നിനാണ് തുടങ്ങുക.
റിയാദിലെ സേവ സ്‌കൂള്‍, അല്‍യാസ്മിന്‍, മിഡില്‍ ഈസ്റ്റ് ഇന്റര്‍നാഷണല്‍ സ്‌കൂളുകളും ഇന്ന് തുറക്കില്ല. എന്നാല്‍ അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂളിൽ ഇന്ന് അധ്യായനം ആരംഭിക്കും. 11.30 മണിവരെയാണ് സ്‌കൂള്‍ സമയം. അല്‍ആലിയ, യാര ഇന്റര്‍നാഷണല്‍, മോഡേണ്‍ സ്‌കൂളുകളും ഇന്ന് തുറക്കും
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക