നഗരസൗന്ദര്യത്തിനു കോട്ടമുണ്ടാക്കുന്ന പൊടിപിടിച്ച വാഹനങ്ങൾ നീക്കം ചെയ്യുന്നു; നടപടി കടുപ്പിച്ച് നഗരസഭ

നഗരസൗന്ദര്യത്തിനു കോട്ടമുണ്ടാക്കുന്ന ഉപേക്ഷിക്കപ്പെട്ടതും പൊടിപിടിച്ചതുമായ കാറുകൾ അബുദാബി നഗരസഭ നീക്കം ചെയ്യുന്നു. അൽദഫ്റ മേഖലയിൽ ആരംഭിച്ച ക്യാംപെയ്ൻ എമിറേറ്റിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കും.

പാർക്കിങ് ദുരുപയോഗം ചെയ്ത് മാസങ്ങളോളം നിർത്തിയിട്ട വാഹനങ്ങളും നീക്കം ചെയ്യും. മുനിസിപ്പാലിറ്റിയുടെ മുന്നറിയിപ്പ് അവഗണിച്ച് മാറ്റാത്ത ഡസൻകണക്കിന് വാഹനങ്ങളും നഗരത്തിൽനിന്ന് നീക്കം ചെയ്തു. ദീർഘകാല അവധിക്കു രാജ്യം വിടുന്നവർ വാഹനം വൃത്തിയായി സൂക്ഷിക്കാനുള്ള ഏർപ്പാട് ചെയ്യണമെന്നും നഗരസഭ ആവശ്യപ്പെട്ടു.

നിയമലംഘകരുടെ വാഹനത്തിൽ നഗരസഭ മുന്നറിയിപ്പ് നോട്ടിസ് പതിക്കും. നിശ്ചിത ദിവസത്തിനകം വൃത്തിയാക്കുകയോ മാറ്റുകയോ ചെയ്തില്ലെങ്കിൽ ഉടമകൾക്ക് 3000 ദിർഹം വരെ പിഴ ചുമത്തും. നഗര ശുചിത്വ നിയമങ്ങൾ പാലിക്കാതെ വാഹനങ്ങൾ എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ  ദീർഘകാലമായി നിർത്തിയിട്ടിരിക്കുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് കടുത്ത നടപടിയുമായി മുനിസിപ്പാലിറ്റി രംഗത്തിറങ്ങിയത്. മുന്നറിയിപ്പ് അവഗണിച്ചും നിർത്തിയിടുന്ന വൃത്തിഹീനമായ വാഹനങ്ങൾ കണ്ടുകെട്ടുകയാണ് പതിവ്. ഇവ വീണ്ടെടുക്കുന്നതിന് 1500 ദിർഹം അടയ്ക്കണം. 30 ദിവസത്തിന് ശേഷമാണ് തിരിച്ചെടുക്കുന്നതെങ്കിൽ പിഴ 3000 ദിർഹമാകും.

3 ദിവസത്തെ മുന്നറിയിപ്പ്

ഉപേക്ഷിക്കപ്പെട്ടതോ പൊടിപിടിച്ചതോ ആയ വാഹനങ്ങൾ കണ്ടെത്തിയാൽ വിൻഡ് സ്ക്രീനിൽ 3 ദിവസത്തെ മുന്നറിയിപ്പ് നോട്ടിസ് പതിക്കും. ഈ ദിവസത്തിനകം വൃത്തിയാക്കുകയോ വാഹനം നീക്കുകയോ ചെയ്തിട്ടില്ലെങ്കിൽ മുനിസിപ്പാലിറ്റി അധികൃതരെത്തി വാഹനം കെട്ടിവലിച്ച് യാഡിലേക്കു മാറ്റും.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!