ഗൾഫിനേക്കാൾ നല്ലത് ലഹരി കച്ചവടം: കാർപൻ്റർ പണിക്കെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങും; മാൾ കേന്ദ്രീകരിച്ച് ലഹരി വിൽപന നടത്തിയ പ്രവാസിയും സുഹൃത്തും പിടിയിൽ

കോഴിക്കോട് പാലാഴിയിൽ മാൾ കേന്ദ്രീകരിച്ച് ലഹരിമരുന്നു വിൽപന നടത്തിയ രണ്ടു യുവാക്കൾ പരിസരത്തെ ഹോട്ടൽ മുറിയിൽനിന്നും പിടിയിലായി. 29.30 ഗ്രാം എംഡിഎംഎയുമായി നല്ലളം സ്വദേശികളായ മാളിയേക്കൽ പറമ്പ് തറോപ്പടി ഹൗസിൽ എം.പി. അബ്ദുൾ റൗഫ് (29), നിറംനിലവയൽ കെ.ടി. മുഹമ്മദ് ദിൽഷാദ് (22) എന്നിവരാണ് അറസ്റ്റിലായത്. മാളിന്റെ പരിസരത്ത് ഹോട്ടലിൽ മുറി എടുത്താണ് ഇവർ കോളജ് വിദ്യാർഥികൾക്ക് ഉൾപ്പെടെ ലഹരി മരുന്ന് വിൽപന നടത്തിയത്. വിപണിയിൽ ഒന്നര ലക്ഷംരൂപ വില വരുന്ന എംഡിഎംഎയാണ് പിടികൂടിയത്. ലഹരിമരുന്ന് വിൽപനയിൽ ലഭിച്ച 26,000 രൂപയും മൊബൈൽ ഫോണുകളും ഇരുചക്ര വാഹനവും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

 

ആർക്കും സംശയം തോന്നാത്ത വിധത്തിൽ വീട്ടിൽനിന്നും കാർപന്റർ ജോലിക്ക് പോകുകയാണെന്ന വ്യാജേന പണി ആയുധങ്ങളുമായി രാവിലെ ഇറങ്ങുന്ന റൗഫ്, ലോഡ്ജുകളിൽ മുറിയെടുത്ത് ലഹരി കച്ചവടം നടത്തുകയും ലഹരി വിൽപന കഴിഞ്ഞാൽ വൈകിട്ട് വീട്ടിലേക്ക് മടങ്ങുകയുമായിരുന്നു പതിവ്. പ്രവാസിയായിരുന്ന ദിൽഷാദ് അടുത്തിടെയാണ് നാട്ടിലെത്തിയത്. ഗൾഫിൽ പോകുന്നതിനേക്കാൾ വരുമാനം ഇവിടെ ഉണ്ടാക്കാമെന്ന് പറഞ്ഞ് ദിൽഷാദിനെ ലഹരിമരുന്ന് കച്ചവടത്തിൽ പങ്കാളിയാക്കുകയായിരുന്നു. മുൻപ് കേസുകളിൽ പെട്ടിട്ടില്ലാത്തതിനാൽ പൊലീസ് പിടികൂടില്ല എന്ന വിശ്വാസത്തിലായിരുന്നു ഇരുവരും. ആവശ്യക്കാർ ഫോണിൽ വിളിച്ചാൽ മാളിന്റെ പരിസരത്ത് എത്താനായി അറിയിച്ച് കൈമാറ്റം നടത്തുന്നതാണ് രീതി.

 

ഇവർക്ക് ലഹരിമരുന്ന് എത്തിച്ചവരെയും ആർക്കെല്ലാമാണ് വിൽപന നടത്തിയതെന്നും അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഫോൺ രേഖകളും പരിശോധിച്ചു വരികയാണ്. നർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ ടി.പി.ജേക്കബിന്റെ നേത്യത്വത്തിലുള്ള ഡാൻസാഫും പന്തീരാങ്കാവ് പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഡാൻസാഫ് സ്ക്വാഡിലെ സബ് ഇൻസ്പെക്ടർ മനോജ് ഇടയേടത്, എഎസ്ഐ അബ്ദുറഹ്മാൻ, കെ. അഖിലേഷ്, അനീഷ് മൂസേൻ വീട്, ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, അർജുൻ അജിത്ത് എന്നിവരും പന്തീരാങ്കാവ് പൊലീസ് ഇൻസ്പെക്ടർ എൻ. ഗണേഷ് കുമാർ, എഎസ്ഐ പ്രബീഷ്, രഞ്ജിത്ത്, സുബീഷ്, ജ്യോതിലക്ഷ്മി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!