ജോലിസ്ഥലത്ത് ഉറക്കത്തിൽ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം ഖബറടക്കി

സൗദി തലസ്ഥാന നഗരത്തിൽനിന്ന് 1500 കിലോമീറ്ററകലെ അറാറിൽ മരിച്ച മലപ്പുറം മഞ്ചേരി തൃക്കലങ്ങോട് മരത്താണി സ്വദേശി പി.സി. അബ്ദുൽ റഷീദിന്‍റെ മൃതദേഹം ഖബറടക്കി. അറാർ-റഫ്ഹ റോഡിലെ ഒഗീലയിലാണ് ഖബറടക്കിയത്. അറാർ ഒഗീലയിൽ മസാജ് സെൻററിൽ ഫിസിയോതെറാപ്പിസ്റ്റ് ആയിരുന്നു അബ്ദുൽ റഷീദ്.

ഈ മാസം അഞ്ചിന് പകൽ 11നാണ് അബ്ദുൽ റഷീദ് മരിച്ചത്. 10 വർഷത്തോളമായി സൗദിയിൽ പ്രവാസിയായ അബ്ദുൽ റഷീദ് കഴിഞ്ഞ ഒന്നര വർഷം മുമ്പാണ് ഒഗീലയിൽ ജോലിക്ക് എത്തിയത്. ജോലി ചെയ്യുന്ന സ്ഥാപനത്തിൽ രാത്രിയിൽ ഉറക്കത്തിൽ മരണപ്പെട്ടതിനാൽ പൊലീസ്, ഫോറൻസിക് പരിശോധനകൾക്ക് ശേഷമാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. മൃതദേഹം ഇവിടെ അടക്കം ചെയ്യുന്നതിന് കുടുംബം അവശ്യപ്പെട്ടതനുസരിച്ച് ഒഗീലയിലെ അരീക്കോട് സ്വദേശി ഷഫീഖിനെ പവർ ഓഫ് അറ്റോർണിയായി ചുമതലപ്പെടുത്തുകയും റിയാദ് ഇന്ത്യൻ എംബസിയിൽ നിന്നും ദിവസങ്ങൾക്കുള്ളിൽ എൻ.ഒ.സി ലഭിക്കുകയും ചെയ്തു.

ഫോറൻസിക് പരിശോധനയുമായി ബന്ധപ്പെട്ട നടപടികൾ ഉണ്ടായതിനാൽ പൊലീസ് റിപ്പോർട്ട് തിങ്കളാഴ്ചയാണ് ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഷഫീഖും റഷീദിെൻറ സ്പോൺസറും ഒഗീല പോലീസ് സ്റ്റേഷനിൽ അന്വേഷിച്ചു കൊണ്ടിരുന്നു. മൃതദേഹം ഖബറടക്കാൻ വേണ്ട നിയമനടപടികൾ പൂർത്തിയാക്കാൻ ജിദ്ദയിൽ നിന്ന് മുഹമ്മദ്കുട്ടി പാണ്ടിക്കാട്, റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ എന്നിവർ അറാർ കെ.എം.സി.സി പ്രവർത്തകരെ സഹായിച്ചു.

 

നാട്ടിൽ നിന്നും പവർ ഓഫ് അറ്റോർണി തയാറാക്കി അയക്കാൻ തൃക്കലങ്ങോട് പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി പ്രസിഡൻറ് കെ.ടി. ജലീൽ, അബ്ദുൽ റഷീദിെൻറ കുടുംബത്തോടൊപ്പം ഉണ്ടായിരുന്നു. അറാർ കെ.എം.സി.സി പ്രസിഡൻറ് അബ്ദുൽ ഹക്കീം അലനല്ലൂർ, ജനറൽ സെക്രട്ടറി സലാഹുദ്ദീൻ വെണ്ണക്കോട്, ഫൈസൽ കണ്ണൂർ, ഇർഷാദ് തിരൂർ, ഷഫീഖ് അരീക്കോട്, ഉമർ കാവനൂർ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!