7 നവജാത ശിശുക്കളെ നഴ്‌സ് കൊലപ്പെടുത്തി; പിടികൂടിയത് ഇന്ത്യൻ ഡോക്ടറുടെ ഇടപെടലിലൂടെ
യുകെയിലെ ആശുപത്രിയില്‍ ഏഴ് നവജാത ശിശുക്കളെ കൊലപ്പെടുത്തകയും ആറ് കുഞ്ഞുങ്ങളെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ ആരോപണവിധേയയായ നഴ്‌സ് കുറ്റക്കാരിയാണെന്ന് കണ്ടെത്തല്‍. (ചിത്രത്തിൽ പ്രതി ലൂസി ലെറ്റ്ബി)
33-കാരിയായ ബ്രിട്ടീഷ് നഴ്‌സ് ലൂസി ലെറ്റ്ബിയാണ് ക്രൂരമായ കുറ്റകൃത്യം നടത്തിയത്. അസുഖമുള്ളതോ മാസം തികയാതെ ജനിച്ചതോ ആയ കുഞ്ഞുങ്ങളായിരുന്നു ഇരകള്‍. ഞരമ്പുകളിലും വയറിലും വായു കുത്തിവെച്ചും, അമിതമായി പാല്‍ നല്‍കിയും ഇന്‍സുലിനില്‍ വിഷം ചേര്‍ത്ത് നല്‍കിയുമൊക്കെയാണ് ലൂസി തന്റെ പരിചരണത്തിലുള്ള കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയത്.
കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ നടത്തി വരുന്ന വിചാരണയ്‌ക്കൊടുവില്‍ മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതിയാണ് പ്രതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്.
2015 നും 2016 നും ഇടയില്‍ കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ആശുപത്രിയിലെ നവജാത ശിശുക്കളുടെ വാര്‍ഡിലാണ് ക്രൂരതഅരങ്ങേറിത്. 13 കുഞ്ഞുങ്ങള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇതില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു.
സ്വാഭാവിക മരണമാണെന്ന് വരുത്തി തീര്‍ത്ത് സഹപ്രവര്‍ത്തകരെ കബളിപ്പിച്ചുകൊണ്ടായിരുന്നു ലൂസിയുടെ കൊലപാതക പരമ്പര അരങ്ങേറിയിരുന്നത്.
ഇന്ത്യന്‍ വംശജനായ ശിശുരോഗ വിദഗ്ദ്ധന്‍ രവി ജയറാം അടക്കമുള്ള ഡോക്ടര്‍മാര്‍ ഉയര്‍ത്തിയ ആശങ്കകളാണ് ലൂസിയെ പിടികൂടുന്നതിനും കുറ്റക്കാരിയാണെന്ന് കണ്ടെത്തുന്നതിലേക്കും സഹായകരമായത്.
2015 ജൂണില്‍ മൂന്ന് കുഞ്ഞുങ്ങള്‍ മരിച്ചതിന് പിന്നാലെയാണ് ഡോ.രവി ജയറാമും സഹപ്രവര്‍ത്തകരും ലൂസിയെ കുറിച്ച് ആശങ്കകള്‍ പങ്കുവെച്ചത്. ആശുപത്രി അധികൃതരോട് ഇവര്‍ പലതവണ ചര്‍ച്ചകള്‍ നടത്തി.
എന്നാല്‍ ഡോക്ടര്‍മാര്‍ ഉന്നയിച്ച ആശങ്കകള്‍ ആശുപത്രി മാനേജ്‌മെന്റ് ആദ്യം തള്ളി കളയുകയാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2016 ഡ്യൂട്ടിയില്‍ നിന്ന് മാറ്റിയതിനെതിരെ ലൂസി പരാതി നല്‍കുയും ചെയ്തു. തുടര്‍ന്ന് 2017 മാത്രമാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. തങ്ങളുയര്‍ത്തിയ ആശങ്കകളില്‍ ഉടനെ അന്വേഷണം നടക്കുകയായിരുന്നെങ്കില്‍ മൂന്നോളം കുഞ്ഞുങ്ങളെയെങ്കിലും രക്ഷിച്ചെടുക്കാമായിരുന്നുവെന്ന് ഡോ.രവി ജയറാം പ്രതികരിച്ചു.
‘ഞാന്‍ അവരെ കൊന്നു’
കേസെടുത്തതിന് പിന്നാലെ മൂന്ന് തവണകളിലായിട്ടാണ് ലൂസിയെ പോലീസ് അന്വേഷണത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്തത്. ഇതിനിടെ അവരുടെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ ചില കുറിപ്പുകളും പോലീസ് കണ്ടെത്തിയിരുന്നു.
‘എനിക്ക് ജീവിക്കാന്‍ അര്‍ഹതയില്ല. അവരെ പരിപാലിക്കാന്‍ ഞാന്‍ യോഗ്യനല്ലാത്തതിനാല്‍ ഞാന്‍ അവരെ മനഃപൂര്‍വം കൊന്നു’ ഒരു കുറിപ്പില്‍ എഴുതി. മറ്റൊന്നില്‍ ‘ഞാന്‍ വലിയ ദുഷ്ടയാണ്, അത് ചെയ്തു’ എന്നൊക്കെ വലിയ അക്ഷരങ്ങളില്‍ തന്നെ എഴുതിയിട്ടുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം കോടതിയില്‍ വ്യക്തമാക്കി.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക