ലൈംഗിക താൽപര്യത്തിനു വഴങ്ങിയില്ല, 18കാരിയുടെ തല അടിച്ചുപൊട്ടിച്ചു; പെൺകുട്ടി മരിച്ചെന്ന് കരുതി മുങ്ങിയ യുവാവ് അറസ്റ്റിൽ
മുംബൈ: ലൈംഗിക താൽപര്യത്തിനു വഴങ്ങാതിരുന്ന പെൺകുട്ടിയുടെ തല യുവാവ് അടിച്ചുപൊട്ടിച്ചു. 18 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്ത സംഭവത്തിൽ ‘എഡിറ്ററും കാസ്റ്റിങ് ഡയറക്ടറുമായ’ ദീപക് മലാകറിനെ (26) പൊലീസ് അറസ്റ്റ് ചെയ്തു.
മർദനമേറ്റ പെൺകുട്ടി മരിച്ചെന്നു കരുതി കടന്നുകളഞ്ഞ ബിഹാർ സ്വദേശിയായ ദീപക്കിനെ ഗുജറാത്തിലെ സൂറത്തിൽനിന്നാണു പിടികൂടിയത്. ഓഗസ്റ്റ് 11ന് ആയിരുന്നു സംഭവം. ഡിഗ്രി ഒന്നാം വർഷ വിദ്യാർഥിനിയായ ഇവരെ സമൂഹമാധ്യമം വഴിയാണ് ദീപക് പരിചയപ്പെട്ടത്. സിനിമയിൽ എഡിറ്ററും കാസ്റ്റിങ് ഡയറക്ടറുമാണെന്നാണ് ഇയാൾ സ്വയം പരിചയപ്പെടുത്തിയത്.
കഴിഞ്ഞ വർഷം പെൺകുട്ടി ദീപക്കിനെ ഫെയ്സ്ബുക്കിൽനിന്ന് അൺഫ്രണ്ട് ചെയ്തിരുന്നു. രണ്ടു മാസം മുൻപ്, ദീപക് പെൺകുട്ടിയുടെ മാതാപിതാക്കളെ കാണുകയും മകളെ വിവാഹം ചെയ്യാൻ താൽപര്യമുണ്ടെന്നു അറിയിക്കുകയും ചെയ്തു. ഇത് അംഗീകരിച്ച മാതാപിതാക്കൾ അവരുടെ ഫ്ലാറ്റിൽ താമസിക്കാൻ അനുവദിച്ചു. ഇവിടെ താമസിക്കുന്ന വേളയിലാണു ദീപക് പെൺകുട്ടിയുമായി ശാരീരിക അടുപ്പത്തിനു ശ്രമിച്ചത്.
തനിക്കു പഠനം പൂർത്തിയാക്കിയശേഷം ഹിന്ദി സിനിമയിൽ ഭാഗ്യം പരീക്ഷിക്കാൻ ആഗ്രഹമുണ്ടെന്നും അതിനുശേഷം വിവാഹമാകാമെന്നും പെൺകുട്ടി ഇയാളോടു പറഞ്ഞു. രോഷാകുലനായ ദീപക് പെൺകുട്ടിയെ സുഹൃത്തിന്റെ ഫ്ലാറ്റിലേക്കു കൊണ്ടുപോയി. അവിടെവച്ച് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു. തടഞ്ഞപ്പോൾ പെൺകുട്ടിയുടെ തല ചുമരിൽ ഇടിച്ചു. കുഴഞ്ഞു വീഴുന്നതുവരെ തല ഇടിച്ചുകൊണ്ടിരുന്നു. ബോധരഹിതയായി പെൺകുട്ടി നിലത്തു വീണപ്പോൾ മരിച്ചെന്നു കരുതി. ഉടൻ ഫ്ലാറ്റിനു പുറത്തു കടന്ന്, നഗരം വിട്ടു പോവുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
ഒരു മണിക്കൂറിനു ശേഷം ബോധം തെളിഞ്ഞപ്പോൾ പെൺകുട്ടി സഹായം അഭ്യർഥിച്ചു നിലവിളിച്ചു. ബഹളം കേട്ട് അയൽക്കാർ എത്തി പെൺകുട്ടിയെ രക്ഷിക്കുകയും പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. പെൺകുട്ടിയുടെ തലയോട്ടിയിൽ നിരവധി പൊട്ടലുകളുണ്ട്. രണ്ടു ദിവസം ഐസിയുവിൽ കഴിഞ്ഞ പെൺകുട്ടി ആരോഗ്യം വീണ്ടെടുക്കുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
‘‘ദീപക് ഫോൺ സ്വിച്ച് ഓഫ് ചെയ്താണു സ്ഥലം വിട്ടത്. പക്ഷേ സുഹൃത്തുക്കളെ ടെലഫോൺ ബൂത്തുകളിൽനിന്ന് ഇടയ്ക്കിടെ വിളിച്ചിരുന്നു. കാൽനട യാത്രക്കാരുടെ ഫോണുകളിൽനിന്നും കൂട്ടുകാരെ വിളിച്ചു. ഈ കോളുകൾ പരിശോധിച്ചപ്പോൾ പ്രതിയുള്ളത് സൂറത്തിലാണെന്നു മനസ്സിലായി. എടിഎമ്മിൽനിന്നു പണം പിൻവലിച്ചതും ഇയാളെ കണ്ടെത്താൻ സഹായിച്ചു. അറസ്റ്റിലായ ദീപക് കുറ്റം സമ്മതിച്ചു’’– മുംബൈ പൊലീസ് പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക