പതിനൊന്നുവയസ്സുകാരനെ കൊന്ന് കട്ടിലിൻ്റെ അറയിൽ ഒളിപ്പിച്ചു; പിതാവിൻ്റെ പെണ്‍സുഹൃത്ത് അറസ്റ്റിൽ
ന്യൂഡല്‍ഹി: പതിനൊന്നുവയസ്സുകാരനെ വീട്ടില്‍ക്കയറി കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍. കുട്ടിയുടെ പിതാവിന്റെ പെണ്‍സുഹൃത്തും ഡല്‍ഹി സ്വദേശിയുമായ പൂജ കുമാരി (24) യെയാണ് പോലീസ് പിടികൂടിയത്. ആണ്‍സുഹൃത്തിനെ വിവാഹം കഴിക്കാന്‍ കുട്ടി തടസ്സമാകുമെന്ന് കരുതിയാണ് യുവതി കൃത്യം നടത്തിയതെന്നും നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചശേഷമാണ് ഒളിവിലായിരുന്ന പ്രതിയെ പിടികൂടിയതെന്നും പോലീസ് പറഞ്ഞു.
ഓഗസ്റ്റ് പത്താംതീയതിയാണ് 11 വയസ്സുകാരനായ ദിവ്യാന്‍ഷിനെ ഡല്‍ഹി ഇന്ദ്രപുരിയിലെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിയിലെ കട്ടിലിനടിയിലെ അറയില്‍ ഒളിപ്പിച്ചനിലയിലായിരുന്നു മൃതദേഹം. കുട്ടിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയതോടെ പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പോലീസ് പരിശോധിക്കുകയും പ്രതിയായ യുവതിയെ തിരിച്ചറിയുകയും ചെയ്തു. തുടര്‍ന്ന് നഗരത്തിലെ മുന്നൂറോളം സിസിടിവി ക്യാമറകള്‍ പരിശോധിച്ചശേഷമാണ് പ്രതിയെ പിടികൂടിയത്.
കൊല്ലപ്പെട്ട 11-കാരന്റെ പിതാവായ ജിതേന്ദ്രയും പ്രതി പൂജാ കുമാരിയും നേരത്തെ ഒരുമിച്ച് താമസിച്ചവരാണെന്നാണ് പോലീസ് പറയുന്നത്. വിവാഹിതനായ ജിതേന്ദ്രയും പൂജാ കുമാരിയും നേരത്തെ അടുപ്പത്തിലായിരുന്നു. 2019 മുതല്‍ ഇരുവരും ഒരുമിച്ച് താമസം തുടങ്ങി. എന്നാല്‍, മൂന്നുവര്‍ഷത്തിന് ശേഷം ജിതേന്ദ്ര പൂജാ കുമാരിയെ ഉപേക്ഷിച്ച് ഭാര്യയുടെ അടുത്തേക്ക് മടങ്ങി. തുടര്‍ന്ന് ഇന്ദ്രപുരിയില്‍ ഭാര്യയ്ക്കും മകനും ഒപ്പമായിരുന്നു ഇയാളുടെ താമസം.
ജിതേന്ദ്ര തന്നെ ഉപേക്ഷിച്ച് കുടുംബത്തിനോടൊപ്പം താമസിക്കാന്‍ തുടങ്ങിയതോടെ പൂജാ കുമാരിക്ക് പകയായി. ഓഗസ്റ്റ് പത്താംതീയതി ഒരു സുഹൃത്തിന്റെ സഹായത്തോടെയാണ് ജിതേന്ദ്രയും കുടുംബവും താമസിക്കുന്ന ഇന്ദ്രപുരിയിലെ വിലാസം പ്രതി മനസിലാക്കിയത്. ഇവിടെ എത്തിയപ്പോള്‍ വീടിന്റെ വാതില്‍ തുറന്നിട്ടനിലയിലായിരുന്നു. അകത്തുകയറിയപ്പോള്‍ കുട്ടി ഉറങ്ങികിടക്കുന്നതും കണ്ടു. വീട്ടില്‍ മറ്റാരുമില്ലെന്ന് ഉറപ്പിച്ചതോടെ പ്രതി ഉറങ്ങികിടക്കുകയായിരുന്ന കുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്നു. പിന്നാലെ മൃതദേഹം കട്ടിലിനടിയില്‍ ഒളിപ്പിച്ചു. കട്ടിലിനടിയിലെ അറയില്‍ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങളെല്ലാം പുറത്തെടുത്തശേഷമാണ് മൃതദേഹം ഇവിടെ ഒളിപ്പിച്ച് പ്രതി കടന്നുകളഞ്ഞത്.
സംഭവത്തില്‍ അന്വേഷണം നടത്തിയ പോലീസ് സംഘം പരിസരത്തെ സിസിടിവി ദൃശ്യങ്ങളില്‍നിന്ന് പ്രതിയെ തിരിച്ചറിഞ്ഞു. എന്നാല്‍, യുവതി സ്ഥിരമായി ഒരിടത്തും താമസിക്കാത്തത് അന്വേഷണത്തില്‍ വെല്ലുവിളിയായി. രണ്‍ഹോല, നിഹാര്‍വിഹാര്‍, റിഷാല്‍ ഗാര്‍ഡന്‍, നജഫ്ഘട്ട് എന്നിവിടങ്ങളിലെ മുന്നൂറോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് പ്രതി നഗരംവിട്ട് പോയിട്ടില്ലെന്ന് പോലീസ് സ്ഥിരീകരിച്ചത്. ഡല്‍ഹിയിലെ വിവിധ ഒളിയിടങ്ങളില്‍ മാറിമാറി കഴിഞ്ഞിരുന്ന പ്രതിയെ ഒടുവില്‍ സംഭവം നടന്ന് മൂന്നുദിവസത്തിന് ശേഷം പോലീസ് പിടികൂടുകയായിരുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക