കെഎസ്ഇബിയുടെ സ്വാതന്ത്ര്യദിന ‘സമ്മാനം’, സെസ് നിരക്ക് കൂട്ടിയക്കും
മഴ കുറഞ്ഞതോടെ മെലിഞ്ഞ അണക്കെട്ടുകളിലെ വൈദ്യുതി ഉദ്പാദനം വെട്ടിക്കുറച്ചു. പുറമെ നിന്ന് വൈദ്യുതി വാങ്ങാൻ അമിത വില. കടുത്ത പ്രതിസന്ധി മറി കടക്കുന്നതിന് വൈദ്യുതി സെസ് കൂട്ടാനൊരുങ്ങി കെ.എസ്.ഇ.ബി. വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി നാളെ വിളിച്ചു കൂട്ടുന്ന ഉന്നതതല യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനമുണ്ടായേക്കും.
വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാനുളള സമയപരിധി മൂന്ന് മാസങ്ങൾക്ക് മുമ്പ് കഴിഞ്ഞെങ്കിലും ,ഹൈക്കോടതി തടഞ്ഞതിനാൽ പുതിയ നിരക്ക് പ്രഖ്യാപിക്കാനായിട്ടില്ല. പുറമെ നിന്ന് വൈദ്യുതി വാങ്ങുന്നതിന്റെ നഷ്ടം നികത്താൻ അതത് മാസം സെസ് പിരിക്കാൻ കെ.എസ്.ഇ.ബിക്ക് അനുമതിയുണ്ടെങ്കിലും അത് യൂണിറ്റിന് 10 പൈസയായി റെഗുലേറ്ററി കമ്മിഷൻ കുറച്ചിട്ടുണ്ട്. വൈദ്യുതി വാങ്ങാൻ കോടികൾ ചെലവായാലും സെസ് അധികം പിരിക്കാനാകാത്ത സ്ഥിതി. അതേ സമയം ,കേന്ദ്ര നിയമമനുസരിച്ച് പരിധിയില്ലാതെ സെസ് ഏർപ്പെടുത്താനുമാകും. നഷ്ടം നികത്തുന്നതിന് നിയമപരമായി എന്ത് ചെയ്യാനാകുമെന്ന് നാളത്തെ യോഗം വിലിരുത്തും.
വൈദ്യുതി വാങ്ങാൻ ദിവസം 10 കോടി
ജലവൈദ്യുതി ഉൽപാദനം കുറഞ്ഞതിനൊപ്പം,450 മെഗാവാട്ടിന്റെ ദീർഘകാല കരാർ റദ്ദാക്കേണ്ടി വന്നതോടെയുള്ള വൈദ്യുതി കമ്മി പരിഹരിക്കാൻ വേറെ ഇടക്കാല കരാർ ഉണ്ടാക്കാനാകാതെ വന്നതുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.പുറമെ നിന്ന് വൈദ്യുതി വാങ്ങുന്നതിനായി ദിവസം 10കോടിയിലേറെ രൂപയാണ് ഇപ്പോൾ ചെലവ്. പ്രതിദിന വൈദ്യുതി ഉപഭോഗം 63 ദശലക്ഷം യൂണിറ്റാണിപ്പോൾ. ഓണം അടുക്കുന്നതോടെ ഉപഭോഗം കൂടും. അതോടെ കൂടുതൽ വൈദ്യുതി വാങ്ങേണ്ടി വരും.
നാല് ദീർഘകാല കരാറുകൾ റദ്ദാക്കിയത് മൂലമാണ് 450 മെഗാവാട്ടിന്റെ ലഭ്യത ഇല്ലാതായത്. പകരം വൈദ്യുതി കരാറുകളുണ്ടാക്കാൻ കഴിഞ്ഞ മാസം റെഗുലേറ്ററി കമ്മിഷൻ അനുമതി നൽകി.അതിന് ടെൻഡർ വിളിക്കുകയും ചെയ്തു. സെപ്തംബർ 4നാണ് ടെൻഡർ തുറക്കുന്നത്. പിന്നീട് വർക്ക് ഓർഡർ കൊടുത്ത് വൈദ്യുതി എത്താൻ മൂന്ന് മാസമെങ്കിലുമെടുക്കും.അതു വരെ വൻ തുകയ്ക്ക് പുറമെ നിന്ന് വൈദ്യുതി വാങ്ങേണ്ടിവരും.
നിലവിൽ ഉദ്പാദനം 12 ദശ ലക്ഷം യൂണിറ്റ്
നിലവിൽ 12 ദശലക്ഷം യൂണിറ്റാണ് ജലവൈദ്യുതി ഉൽപാദനം.15 മുതൽ 20 മെഗാവാട്ട് വരെ ഉൽപാദിക്കാനായാലേ പിടിച്ചു നിൽക്കാനാവൂ.
- സംസ്ഥാനത്ത് കാലവർഷം ഇതുവരെ 43% കുറവ്. അണക്കെട്ടുകൾ ഏറെയുള്ള ഇടുക്കിയിൽ മഴ 59% കുറവ്
- ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയിൽ 32 % വെള്ളം
- കക്കി,ഇടുക്കി,പമ്പ,ഷോളയാർ,ഇടലമയാർ,കണ്ടാല,മാട്ടുപ്പെട്ടി തുടങ്ങി വൻകിട അണക്കെട്ടുകളിലെല്ലാം കൂടി 36 % വെള്ളം
- കെ.എസ്.ഇ.ബിയുടെ 22 അണക്കെട്ടുകളിലെ മൊത്തം സംഭരണ ശേഷിയുടെ 37% വെള്ളം
- ഇതുപയോഗിച്ച് ഉൽപാദിക്കാവുന്ന വൈദ്യുതി 1543 ദശലക്ഷം യൂണിറ്റ്.
- കഴിഞ്ഞ വർഷം ഇതേ സമയത്ത് 344 5 ദശലക്ഷം യൂണിറ്റ് വൈദ്യുതിയുണ്ടാക്കാനുള്ള വെള്ളം.
- കുറവ് 1902 ദശലക്ഷം യൂണിറ്റ്.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക