അമ്മയുടെ പ്രാർത്ഥന സഫലം; യുഎഇയിൽ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി

അബുദാബിയിലുള്ള അമ്മ മേരി ജെസിന്തയുടെ കണ്ണീരോടെയുള്ള പ്രാർത്ഥന സഫലം. യുഎഇയിൽ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി.  ദുബായ് ദെയറയിൽ നിന്നുമാണ് ദിവസങ്ങൾക്ക് മുൻപ് കാണാതായ  ആലപ്പുഴ ചേർത്തല അർത്തുങ്കൽ കുരിശിങ്കൽ സ്വദേശി സാബു കുരിശിങ്കൽ എന്ന സെബാസ്റ്റ്യനെ (34)നെ കണ്ടെത്തിയെന്ന് സാമൂഹിക ജീവകാരുണ്യ പ്രവർത്തകൻ സിജു പന്തളം അറിയിച്ചു. നിലവിൽ സാബു ദുബായ് സിഐഡിയുടെ കസ്റ്റഡിയിലാണ്. സന്ദർശക വീസയുടെ കാലാവധി പൂർത്തിയായ സാഹചര്യത്തിൽ സാബുവിനെ നാട്ടിലേക്ക് തിരിച്ച് അയയ്ക്കുമെന്നാണ്  അധികൃതരിൽ നിന്നും  ലഭിക്കുന്ന വിവരം.

 

ആലപ്പുഴ ചേർത്തല അർത്തുങ്കൽ കുരിശിങ്കൽ സ്വദേശി സാബു കുരിശിങ്കൽ എന്ന സെബാസ്റ്റ്യനെ (34)യാണ് കഴിഞ്ഞ മാസം 31ന് രാത്രി മുതല്‍ കാണാതായത്. ബന്ധുക്കൾ അന്വേഷണം നടത്തിയിരുന്നു. 2017 മുതൽ യുഎഇയിലുള്ള സാബു വിവിധ എമിറേറ്റുകളിലായി ജോലി ചെയ്തുവരികയായിരുന്നു. കുടിവെള്ളം വിതരണം ചെയ്യുന്ന കമ്പനിയിലായിരുന്നു ആദ്യം ജോലി ചെയ്തിരുന്നത്. കോവിഡ്19 കാലത്ത് ജോലി നഷ്ടപ്പെട്ടു. പിന്നീട് അബുദാബിയിൽ ഒരു കർട്ടൻ നിർമാണ കമ്പനിയിൽ ജോലി ചെയ്തെങ്കിലും അതും വിടേണ്ടി വന്നു. എല്ലാ ദിവസവും അമ്മ മേരി ജസിന്തയെ ഫോണിലൂടെ ബന്ധപ്പെട്ടിരുന്ന സാബു ഇടയ്ക്ക് നേരിട്ട് ചെന്നു കാണാറുമുണ്ടായിരുന്നു. കാണാതാവുന്നതിന് രണ്ട് ദിവസം മുൻപ് അബുദാബിയിലെത്തി അമ്മയെ സന്ദർശിച്ചു. ഷാർജയിൽ പുതിയ ജോലിയിൽ പ്രവേശിക്കുന്നു എന്ന് പറഞ്ഞ് മടങ്ങിയതാണ്. പിന്നീട് വിവരമൊന്നും ലഭിച്ചിരുന്നില്ല.

 

മക്കളെ വളർത്താൻ വീട്ടുജോലിക്കാരിയായിനിർധന മത്സ്യത്തൊഴിലാളി കുടുംബത്തിൽ ജനിച്ച മേരി ജെസിന്തയുടെ ഭർത്താവ് ഇവരുടെ ഇളയ മകൾക്ക് ഒന്നര വയസ്സുള്ളപ്പോൾ മരിച്ചു. 27–ാമത്തെ വയസ്സിൽ വിധവയായ മേരി ജസിന്ത മക്കളെ വളർത്താൻ വേണ്ടി അധ്വാനിക്കാൻ തുടങ്ങി. മകളെ പിന്നീട് കോൺവെന്റിൽ ചേർത്തു പഠിപ്പിച്ചു. നഴ്സിങ് പാസായ മകൾക്ക് ചെറിയ കുട്ടിയുള്ളതിനാൽ ഇപ്പോൾ ജോലിക്ക് പോകുന്നില്ല.

മേരി ജസിന്ത കഠിനമായി അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം കൊണ്ട് മൂന്ന് സെന്റ് സ്ഥലം വാങ്ങി അവിടെ പണിത ഷെഡിലായിരുന്നു താമസം. സാബു അഞ്ചാം ക്ലാസിൽ വച്ച് പഠനം അവസാനിപ്പിച്ചു.

വൃക്ക രോഗി കൂടിയായ മകന് നേരത്തെയും പല അസുഖങ്ങൾക്ക് ചികിത്സ നൽകിയിരുന്നു. ഇതിനായി മേരി ജസിന്തയുടെ സമ്പാദ്യം ഏറെ ചെലവഴിച്ചിരുന്നു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

Share
error: Content is protected !!