പൈപ്പിൽനിന്ന് വെള്ളമെടുക്കുന്നതിനെച്ചൊല്ലി കുടുംബവഴക്ക്; തിരുവനന്തപുരത്ത് പ്രാദേശിക കോൺഗ്രസ് നേതാവ് വെട്ടേറ്റ് മരിച്ചു
തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രാദേശിക നേതാവും മാറനല്ലൂര്‍ നെല്ലിമൂട് സ്വദേശിയുമായ സാം ജെ. വത്സലത്തെ ആക്രമിച്ച് കൊലപ്പെടുത്തിയത് അഞ്ചംഗസംഘമെന്ന് വെളിപ്പെടുത്തല്‍. ബന്ധുവായ സ്ത്രീയാണ് ആദ്യം വടികൊണ്ട് സാമിന്റെ തലയ്ക്കടിച്ചതെന്നും പിന്നീട് മറ്റൊരാള്‍ തലയ്ക്ക് വെട്ടിയെന്നും ദൃക്‌സാക്ഷി മാധ്യമങ്ങളോട് പറഞ്ഞു.
ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് സാമിന് നേരേ ആക്രമണമുണ്ടായത്. കുടുംബവഴക്കാണ് ആക്രമണത്തിലും കൊലപാതകത്തിലും കലാശിച്ചത്. സാമും ബന്ധുക്കളും തമ്മില്‍ നേരത്തെ തര്‍ക്കങ്ങളുണ്ടായിരുന്നതായാണ് വിവരം. ശനിയാഴ്ച രാത്രി ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കായി സാമിനെ വിളിച്ചുവരുത്തിയ ബന്ധുക്കള്‍, ആസൂത്രിതമായി ആക്രമിച്ചെന്നാണ് ആരോപണം. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച മരണം സംഭവിക്കുകയായിരുന്നു.
പൈപ്പില്‍നിന്ന് കുടിവെള്ളം എടുക്കുന്നതുമായി ബന്ധപ്പെട്ട് സാമും സമീപത്തെ ബന്ധുക്കളും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നതായാണ് വിവരം. പൈപ്പില്‍നിന്ന് വെള്ളമെടുക്കാന്‍ സാമിന്റെ കുടുംബത്തെ ബന്ധുക്കള്‍ അനുവദിച്ചിരുന്നില്ല. ശനിയാഴ്ച രാത്രി ഈ പ്രശ്‌നത്തെച്ചൊല്ലി സാമും ബന്ധുക്കളും തമ്മില്‍ വാക്കേറ്റമുണ്ടായെന്നും പിന്നീട് ഒത്തുതീർപ്പ് ചർച്ചക്കിടെ ബന്ധുക്കൾ സാമിനെ ആക്രമിക്കുകയായിരുന്നുവെന്നുമാണ് പറയപ്പെടുന്നത്.
അതേ സമയം കുടുംബത്തിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് വാക്കുതർക്കത്തിലേക്കും അക്രമത്തിലേക്കും നയിച്ചതെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. കുടുംബാംഗങ്ങളുമായി മുൻപും വഴക്കുണ്ടായതായും പൊലീസ് വ്യക്തമാക്കി.
ഒരു സ്ത്രീയാണ് വടി കൊണ്ട് സാമിനെ ആദ്യം തലയ്ക്കടിച്ചതെന്നായിരുന്നു ദൃക്‌സാക്ഷിയുടെ പ്രതികരണം. ഇതിനിടെ പിന്നിലൂടെ എത്തിയ മറ്റൊരാള്‍ സാമിന്റെ തലയ്ക്ക് വെട്ടി. പിന്നാലെ തുടരെ തലയ്ക്ക് വെട്ടിപരിക്കേല്‍പ്പിച്ചെന്നും ദൃക്‌സാക്ഷി പറഞ്ഞു.
അതിനിടെ, സംഭവത്തില്‍ പോലീസ് പ്രതികളുമായി ഒത്തുകളിക്കുകയാണെന്ന് കോണ്‍ഗ്രസും നാട്ടുകാരും ആരോപിക്കുന്നുണ്ട്. വെട്ടേറ്റ് ബോധരഹിതനായി കിടക്കുന്നത് കണ്ട് നാട്ടുകാര്‍ അറിയിച്ചിട്ടും പോലീസ് ഇടപെട്ടില്ലെന്നും മരണം സംഭവിച്ചിട്ട് പോലീസുകാര്‍ ആശുപത്രിയില്‍ എത്തിയില്ലെന്നുമാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം. ആശുപത്രിയില്‍നിന്ന് വിവരം നല്‍കിയതിന് ശേഷവും പോലീസ് വന്നില്ലെന്നാണ് ഇവര്‍ പറയുന്നത്.
അതേസമയം, സാമിനെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ബന്ധുക്കളായ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
കാട്ടാക്കട സ്വദേശിയായ സാം, കർഷക കോൺഗ്രസ് മുൻ നിയോജക മണ്ഡലം പ്രസിഡന്റായിരുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക