കോഴിക്കോട് രാജ്യാന്തര വിമാനത്താവളം സ്വകാര്യവൽക്കരിക്കും – കേന്ദ്ര വ്യോമയാന മന്ത്രാലയം

കോഴിക്കോട് രാജ്യാന്തര വിമാനത്താവളം 2025 ന് അകം സ്വകാര്യവൽക്കരിക്കുമെന്നു കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച് കേന്ദ്രസർക്കാരും കേരള സർക്കാരും പരസ്പരം പഴിചാരുന്നതിനിടെയാണ്, രാജ്യസഭയിൽ ജെബി മേത്തറെ വ്യോമയാന സഹമന്ത്രി വി.കെ.സിങ് ഇക്കാര്യം അറിയിച്ചത്.

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കൈവശമുള്ള 25 വിമാനത്താവളങ്ങളാണ് 2022– 25 കാലയളവിൽ സ്വകാര്യവൽക്കരിക്കാൻ നിശ്ചയിച്ചിരിക്കുന്നത്. ഭുവനേശ്വർ, വാരാണസി, അമൃത്‌സർ, തിരുച്ചിറപ്പള്ളി, ഇൻഡോർ, റായ്പുർ, കോയമ്പത്തൂർ, നാഗ്പുർ, പട്ന, മധുര, സൂററ്റ്, റാഞ്ചി, ജോധ്പുർ, ചെന്നൈ, വിജയവാഡ, വഡോദര, ഭോപാൽ, തിരുപ്പതി, ഹുബ്ലി, ഇംഫാൽ, അഗർത്തല, ഉദയ്പുർ, ഡെറാഡൂൺ, രാജമുന്ദ്രി എന്നിവയും പട്ടികയിലുണ്ട്. ചിലതിന്റെ സ്വകാര്യവൽക്കരണ നടപടികൾ ആരംഭിച്ചിട്ടുമുണ്ട്.

3 വർഷം മുൻപ് വിമാനാപകടം ഉണ്ടായതിനു ശേഷം കോഴിക്കോടു വിമാനത്താവളത്തിലേക്കുള്ള വലിയ വിമാനങ്ങളുടെ സർവീസ് നിർത്തിവച്ചിരിക്കുകയായിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിന്റെ ഉത്തരവാദിത്തം സംസ്ഥാനത്തിനാണെന്നു വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഈ സമ്മേളനത്തിലും പറഞ്ഞിരുന്നു.

സ്വകാര്യവൽക്കരണം ലക്ഷ്യമാക്കിയാണു ഇവിടെ വികസന പദ്ധതികൾ നടപ്പാക്കാത്തതെന്നു നേരത്തേ തന്നെ വിവിധ സംഘടനകൾ ആരോപണമുന്നയിച്ചിരുന്നു. വ്യോമയാന വിദഗ്ധരുടെയും കോഴിക്കോടു നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെയും സഹായത്തോടെ തയാറാക്കിയ ചെലവു കുറഞ്ഞ ബദൽ പ്ലാൻ എം.കെ.രാഘവൻ എംപി 2 വർഷം മുൻപ് എയർപോർട്ട് അതോറിറ്റിക്കു നൽകിയിരുന്നു.

നിലവിലെ റൺവേയുടെ കിഴക്ക് അതോറിറ്റിയുടെ കയ്യിലുള്ള 19.46 ഏക്കർ (721 മീറ്റർ നീളം, 108 മീറ്റർ വീതി) ഭൂമിക്ക് പുറമേ 43.11 ഏക്കർ ഭൂമി മാത്രം ഏറ്റെടുക്കുകയാണെങ്കിൽ റൺവേ 3400 മീറ്ററായി വികസിപ്പിക്കാൻ സാധിക്കുമെന്ന് പ്ലാനിൽ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ ഇതു പരിഗണിക്കപ്പെട്ടില്ല.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!