വിസ സേവനങ്ങൾ പരിഷ്കരിക്കുന്നു; 2024 മുതൽ പ്രവാസികൾക്ക് പാസ്‌പോർട്ടും മറ്റ് സേവനങ്ങളും ലഭിക്കുക ഏകീകൃത കേന്ദ്രത്തിൻ്റെ ശാഖകളിൽ നിന്ന്

വിസ സേവനങ്ങൾ ഉൾപ്പെടെയുള്ള ഔട്ട്‌സോഴ്‌സ് കോൺസുലർ സേവനങ്ങൾ നവീകരിക്കാൻ ഇന്ത്യൻ നയതന്ത്ര കേന്ദ്രങ്ങൾ തീരുമാനിച്ചു. ഇതേ തുടർന്ന് യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് 2024 മുതൽ പാസ്‌പോർട്ടും അറ്റസ്റ്റേഷൻ സേവനങ്ങളും ലഭിക്കുക പുതിയ, ഏകീകൃത കേന്ദ്രത്തിന്റെ ശാഖകളിൽ നിന്നായിരിക്കും.

സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിനും കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനും മെച്ചപ്പെട്ട കാര്യക്ഷമതയും പ്രവേശനക്ഷമതയും ഉറപ്പാക്കുന്നതിനും വേഗത്തിലുള്ളതും സുതാര്യവുമായ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന സേവന ദാതാക്കളിൽ നിന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി അപേക്ഷകൾ (ബിഡ്) ക്ഷണിച്ചു. 2024 മുതൽ പുതിയ ഏകീകൃത കേന്ദ്രത്തിന്റെ ശാഖകളിൽ നിന്ന് പാസ്‌പോർട്ടും അറ്റസ്റ്റേഷൻ സേവനങ്ങളും യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് സ്വന്തമാക്കാം.

 

ഔട്സോഴ്സിങ് സേവനങ്ങൾ

ഇന്ത്യൻ എംബസിയിലും ഇന്ത്യൻ കോൺസുലേറ്റിലും കോൺസുലർ-പാസ്‌പോർട്ട്-വീസ (സിപിവി), അറ്റസ്റ്റേഷൻ, ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ (ഒസിഐകൾ) എന്നിവയ്‌ക്കുള്ള ഔട്ട്‌സോഴ്‌സിങ് സേവനങ്ങൾക്കായുള്ള പ്രപ്പോസൽ (ആർഎഫ്‌പി) അഭ്യർഥന മിഷൻ പ്രസിദ്ധീകരിച്ചു.

നിലവിൽ രണ്ട് വ്യത്യസ്ത സേവന ദാതാക്കളാണ് ഇന്ത്യൻ പ്രവാസികൾക്ക് ഔട്ട്സോഴ്സ് സേവനങ്ങൾ നൽകുന്നത്. ബിഎൽഎസ് ഇന്റർനാഷനൽ പാസ്‌പോർട്ട് ഇതിലൊന്നാണ്. വീസ അപേക്ഷകൾ സ്വീകരിച്ച് നടപടികൾ പൂർത്തിയാക്കുന്നതാണ് പ്രധാന സേവനം. രണ്ടാമത്തേത്  െഎവിഎസ്  ഗ്ലോബൽ. ഡോക്യുമെന്റ് അറ്റസ്റ്റേഷൻ സേവനങ്ങളാണ് ഇവർ കൈകാര്യം ചെയ്യുന്നത്. ചില സേവനങ്ങൾ എംബസിയും കോൺസുലേറ്റും നേരിട്ട് കൈകാര്യം ചെയ്യുന്നു.

 

പ്രധാന സ്ഥലങ്ങളിലെ ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്റർ

എല്ലാ എമിറേറ്റുകളിലും ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്റർ (ഐസിഎസി) എന്ന സംവിധാനത്തിന് കീഴിൽ കോൺസുലാർ സേവനങ്ങൾ പുതിയ സേവന ദാതാവ് സംയോജിപ്പിക്കും. അപേക്ഷകരുടെ വീട്ടുപടിക്കലും ഇന്ത്യൻ സിപിവി സേവനങ്ങൾ നൽകാൻ ഔട്ട്‌സോഴ്‌സ് ചെയ്ത സേവന ദാതാവിനെ അനുവദിച്ചിട്ടുണ്ട്. ഐസിഎസിയുടെ ശാഖകൾക്ക് യുഎഇയിൽ താമസിക്കുന്ന ഏകദേശം 35 ലക്ഷം ഇന്ത്യക്കാർക്കും ഇന്ത്യൻ വീസ സേവനങ്ങൾ തേടുന്ന വിദേശികൾക്കും ഇവിടത്തെ ഇന്ത്യൻ മിഷനുകൾ വഴി സേവനം ലഭ്യമാകും.

കോവിഡിന് മുൻപ് 2017 മുതൽ 2019 വരെയുള്ള മൂന്നു വർഷത്തെ കാലയളവിൽ യുഎഇയിലെ ഇന്ത്യൻ മിഷനുകൾ ഒന്നിച്ച് പ്രതിവർഷം ഏകദേശം 4 ലക്ഷം സേവനങ്ങൾ/ഇടപാടുകൾ പ്രോസസ് ചെയ്തതായി ആർഎഫ്പി പറഞ്ഞു.  അപേക്ഷകർക്ക് പ്രവേശനം സുഗമമാക്കുന്നതിനും സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിനും കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനും രാജ്യത്തുടനീളമുള്ള പ്രധാന സ്ഥലങ്ങളിൽ ഐസിഎസി -കൾ സ്ഥാപിക്കുന്നത് ആർഎഫ് പിയുടെ ഏറ്റവും നിർണായകമായ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. ഇവ വിശാലമായ പാർക്കിങ് സൗകര്യങ്ങളോട് കൂടിയതായിരിക്കും.

 

എംബസി നിർദേശിച്ച സ്ഥലങ്ങൾ

അബുദാബി :അൽ ഖാലിദിയ, അൽ റീം, മുസഫ, അൽ ഐൻ, ഗയാതി.

ദുബായ് : കരാമ/ഊദ് മേത്ത, മറീന, അൽ ഖൂസ്/അൽ ബർഷ, ദെയ്‌റ, ഖിസൈസ്.

ഷാർജ : അബു ഷഗാറ, റോള,  ഖോർഫക്കാൻ.

കൂടാതെ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിൽ  ഓരോ കേന്ദ്രങ്ങൾ വീതമുണ്ടാകും.

ബിഡിൽ ഉദ്ധരിക്കേണ്ട അപേക്ഷകൾ പ്രോസസ് ചെയ്യുന്നതിന് െഎസിഎസികൾക്ക് സേവന ഫീസ് ഈടാക്കാം. ഓപ്ഷനൽ സേവനങ്ങൾക്കുള്ള ഫീസ് ആർഎഫ്പിയിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഓപ്ഷനൽ സേവനങ്ങളുടെ പേരിൽ മറഞ്ഞിരിക്കുന്ന നിരക്കുകളൊന്നും അനുവദിക്കില്ലെന്നും വ്യക്തമാക്കി. കൂടാതെ, മൂന്നു വർഷത്തെ കരാറിന്റെ കാലയളവിൽ സേവന ഫീസിൽ ഒരു പരിഷ്കരണവും ഉണ്ടാകില്ല.

 

ഫീസുകളിൽ കാര്യമായ മാറ്റമില്ല

ഫോം പൂരിപ്പിക്കൽ, ഫൊട്ടോഗ്രാഫുകൾ (ഓരോന്നിനും 30 ദിർഹം) ഉൾപ്പെടെ വിവിധ ഓപ്ഷനൽ സേവനങ്ങളുടെ ഫീസിൽ കാര്യമായ മാറ്റങ്ങളൊന്നുമില്ല. എങ്കിലും ചില പുതിയ ഓപ്‌ഷനൽ സേവനങ്ങൾക്കുള്ള ഫീസ്, കിയോസ്‌കിൽ ഫോം ഫയൽ ചെയ്യുന്നതിനായി 30 മിനിറ്റ് ഇന്റർനെറ്റ് സൗകര്യമുള്ള കംപ്യൂട്ടർ ( 15ദിർഹം), ടൈപ്പിങ് ( 20ദിർഹം), വിവർത്തനം (20ദിർഹം ) എന്നിങ്ങനെ സൂചിപ്പിച്ചിരിക്കുന്നു. ഒസിെഎ കൾക്കുള്ള ഫോം പൂരിപ്പിക്കൽ, ടൈപ്പിങ് ഫീസ് 50 ദിർഹം വീതം.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!