വിമാനത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു മുന്നിൽ സ്വയംഭോഗം; ഡോക്ടർ അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു മുന്നിൽ വിമാനത്തിലിരുന്ന് സ്വയംഭോഗം ചെയ്തെന്ന പരാതിയിൽ ഡോക്ടർ അറസ്റ്റിൽ. ഇന്ത്യൻ വംശജനായ ഡോ.സുദീപ്ത മൊഹന്തിയാണ് യുഎസിൽ അറസ്റ്റിലായത്. കഴിഞ്ഞ വർഷം നടന്ന സംഭവത്തിലാണ് അറസ്റ്റ്. ഹവായിയിൽനിന്ന് ബോസ്റ്റണിലേക്കുള്ള വിമാനത്തിലിരുന്ന് 14 വയസ് മാത്രം പ്രായമുള്ള പെൺകുട്ടിക്കു മുന്നിലാണ് ഇയാൾ സ്വയംഭോഗം ചെയ്തതെന്നാണ് പരാതി. എഫ്ബിഐയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അറസ്റ്റ് വിവരം എഫ്ബിഐയുടെ ബോസ്റ്റൺ വിഭാഗം എക്സ് പ്ലാറ്റ്‌ഫോമിലൂടെ സ്ഥിരീകരിച്ചു. ബോസ്റ്റണിലെ ഫെഡറൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ, ജാമ്യത്തിൽ വിട്ടു. കേസിൽ ഡോ.സുദീപ്ത കുറ്റക്കാരനാണെന്നു തെളിഞ്ഞാൽ 90 ദിവസം ജയിൽശിക്ഷ ലഭിക്കും. ഇതിനു പുറമെ ഒരു വർഷത്തെ നല്ല നടപ്പും 5000 യുഎസ് ഡോളർ വരെ പിഴയും ലഭിച്ചേക്കാം.
മാസച്യുസെറ്റ്സിലെ കേംബ്രിജിൽ താമസിക്കുന്ന മുപ്പത്തിമൂന്നുകാരനായ സുദീപ്ത, 2022 മേയ് ഏഴിനാണ് ഹവായിയൻ എയർലൈൻസ് വിമാനത്തിൽ പെൺകുട്ടിക്കു മുന്നിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ചത്. 14 വയസ്സുള്ള പെൺകുട്ടിക്കു മുന്നിൽ വസ്ത്രം മാറ്റിയ ഇയാൾ, സ്വയംഭോഗത്തിൽ ഏർപ്പെട്ടെന്നാണ് പരാതിയിലുള്ളത്. ഒരു വനിതാ സുഹൃത്തിനൊപ്പമാണ് ഡോ. സുദീപ്ത യാത്ര ചെയ്തിരുന്നത്. സംഭവം നടക്കുമ്പോൾ ഈ സുഹൃത്ത് സുദീപ്തയുടെ തോളിൽ തലചായ്ച്ച് ഉറങ്ങുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
കഴുത്തുവരെ ഒരു പുതപ്പു കൊണ്ടു മൂടിയാണ് ഇയാൾ യാത്ര ചെയ്തിരുന്നത്. ഇടയ്ക്ക് പുതപ്പ് താഴെ പോയപ്പോൾ സുദീപ്തയുടെ പാന്റ്സിന്റെ സിബ് ഊരി ലൈംഗികാവയവം പുറത്തിട്ട നിലയിലായിരുന്നു. അസ്വസ്ഥത തോന്നിയ പെൺകുട്ടി ഉടൻ സീറ്റ് മാറിയിരുന്നു. വിമാനം ബോസ്റ്റണിൽ എത്തിയ ഉടനെ, പെൺകുട്ടി കുടുംബാംഗങ്ങളോട് ഇക്കാര്യം പറഞ്ഞു. തുടർന്ന് കുടുംബം പരാതി നൽകി.
ഇതേക്കുറിച്ച് അധികൃതർ ചോദിച്ചപ്പോൾ, ‘അങ്ങനെയൊരു സംഭവം ഓർമിക്കുന്നില്ല’ എന്നായിരുന്നു സുദീപ്തോയുടെ മറുപടിയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക