വിമാനത്തിൽ നിന്നും യാത്രക്കാരെ തിരിച്ചിറക്കി, ദുബൈ-കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു

ദുബൈ-കൊച്ചി എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം പുറപ്പെടാൻ വൈകുന്നതിനാൽ യാത്രക്കാരെ വിമാനത്തിൽ നിന്നിറക്കി. യു.എ.ഇ സമയം വൈകുന്നേരം 6.25 ന് പുറപ്പെടേണ്ടവിമാനം ഒരു മണിക്കൂറിലേറേ വൈകുമെന്ന് നേരത്തേ അറിയിച്ചിരുന്നു. എന്നാൽ രാത്രി 7.40 ന് വിമാനത്തിൽ കയറിയ യാത്രക്കാരെ തിരിച്ചിറക്കുകയായിരുന്നു. സാങ്കേതിക തകരാറാണെന്നാണ് വിമാനകമ്പനി ജീവനക്കാരുടെ വിശദീകരണം.

 

യാത്രക്കാരെല്ലാം ഇപ്പോൾ വിമാനത്താവളം ടെർമിനലിൽ കാത്തിരിക്കുകയാണ്. അല്പം മുമ്പ് വിമാന കമ്പനി ജീവനക്കാർ വന്ന് എഞ്ചിനീയർ വിമാനം പരിശോധിക്കുന്നുണ്ടെന്നും അതിന് ശേഷം എപ്പോൾ വിമാനം പുറപ്പെടുമെന്ന് അറിയിക്കാമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഇതുവരെ ഇതു സംബന്ധിച്ച യാതൊരു വിവരവും യാത്രക്കാർക്ക് ലഭിച്ചിട്ടില്ല. വിമാനം എപ്പോൾ പുറപ്പെടുമെന്ന കാര്യത്തിൽ അനശ്ചിതത്വം തുടരുകയാണ്.

മരണം  പോലുള്ള ചില അടിയന്തിര  കാര്യങ്ങൾക്ക് നാട്ടിലെത്തേണ്ട ആളുകളും ഇക്കൂട്ടത്തിലുണ്ട്. അവരിൽ ചിലർ മറ്റ് വിമാനങ്ങളിൽ യാത്ര ചെയ്യാനുള്ള  ടിക്കറ്റെടുത്ത് യാത്രയായി. സ്ത്രീകളും വൃദ്ധരും കുട്ടികളുമുൾപ്പെടെ നിരവധി പേരാണ് വിമാനത്താവള ടെർമിനലിൽ കുടുങ്ങിയത്.

 

അതേ സമയം, സാങ്കേതിക തകരാറിനെത്തുടർന്ന് മുംബൈയിൽ നിന്നുള്ള വിമാനം വൈകുന്നത് നെടുമ്പാശ്ശേരിയിൽ യാത്രക്കാരെ വലച്ചു. നെടുമ്പാശേരിയിൽ നിന്ന് വിദേശത്തേക്കു പോകേണ്ടവരാണ് ദുരിതത്തിലായത്. രാത്രി 7.20ന് മുംബൈയിൽ നിന്നെത്തി, നെടുമ്പാശേരിയിൽ നിന്ന് 8.30ന് മുംബൈയിലേക്ക് പോകേണ്ട എയർ ഇന്ത്യാ വിമാനമാണ് എത്താത്തത്. യാത്രികർ പ്രതിഷേധിച്ചതിനെത്തുടർന്ന് ചിലരെ 9.15 നുള്ള വിമാനത്തിൽ യാത്രയാക്കി. മറ്റുള്ളവരെ ഹോട്ടലുകളിലേക്കും മാറ്റി.

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!