ഹരിയാനയിൽ മുസ്‌ലിം വിഭാഗത്തെ ബഹിഷ്‌കരിക്കാനുള്ള നിർദേശത്തിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി; മണിപ്പൂരിൽ ലൈംഗികാതിക്രമം ആയുധമാക്കുന്നതായും സുപ്രീം കോടതി തുറന്നടിച്ചു

ന്യൂഡൽഹി: ഹരിയാനയിലെ നൂഹിൽ സംഘർഷമുണ്ടായതിന്റെ പശ്ചാത്തലത്തിൽ മുസ്‌ലിം വിഭാഗത്തെ ബഹിഷ്‌കരിക്കണമെന്നുള്ള മഹാപ‍ഞ്ചായത്തിന്റെ നിർദേശത്തിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. മുസ്‌ലിം വിഭാഗത്തെ ബഹിഷ്‌ക്കരിക്കണമെന്നുള്ള ആഹ്വാനം അംഗീകരിക്കാനാകില്ല. സമുദായങ്ങൾക്കിടയിൽ യോജിപ്പും സൗഹാർദവും വേണം. അക്രമത്തിന് പിന്നാലെയുള്ള ബഹിഷ്‌കരണ അഹ്വാനങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

വിദ്വേഷ പ്രസംഗങ്ങൾ അന്വേഷിക്കുന്നതിനായി ഡിജിപിയുടെ നേതൃത്വത്തിൽ നാലംഗ സമിതി വേണമെന്നും കോടതി നിർദേശിച്ചു.  മുസ്‌ലിം വിഭാഗത്തെ സാമ്പത്തികമായി ബഹിഷ്‌കരിക്കണമെന്ന ഹിന്ദു മഹാപഞ്ചായത്തിന്റെ ആഹ്വാനത്തിന് എതിരെയായിരുന്നു ഹർജി. മുസ്‍‌ലിം വിഭാഗക്കാരുടെ കച്ചവടസ്ഥാപനങ്ങളിൽ പോകരുതെന്നടക്കമാണ് മഹാപഞ്ചായത്തിൽ നിർദേശിച്ചത്.

അതേസമയം വിദ്വേഷപ്രസംഗങ്ങളെ അംഗീകരിക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ കോടതിയില്‍ നിലപാടെടുത്തു. ജസ്റ്റിസുമാരായ  സഞ്ജീവ് ഖന്ന, എസ്‌വിഎൻ ഭട്ടി എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. വിദ്വേഷ പ്രസംഗം ആർക്കും നല്ലതിനല്ല. ആർക്കുമത് അംഗീകരിക്കാനാകില്ലെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു.

 

കലാപം തുടരുന്ന മണിപ്പുരിൽ, എതിർവിഭാഗത്തിനു മേൽ ആധിപത്യം നേടിയെന്ന് വരുത്താൻ ലൈംഗികാതിക്രമങ്ങളെ ഉപയോഗപ്പെടുത്തുകയാണെന്ന് സുപ്രീം കോടതി തുറന്നടിച്ചു.  സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നതിൽ കടുത്ത ആശങ്ക അറിയിച്ച സുപ്രീം കോടതി, ഇതിനെതിരെ സംസ്ഥാന സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. മണിപ്പുരിലെ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താൻ ചുമതലപ്പെടുത്തിയ വനിതാ ജഡ്ജിമാരുടെ മൂന്നംഗ സമിതിയോട്, മേയ് നാലിന് സ്ത്രീകൾക്കെതിരെ നടന്ന അതിക്രമങ്ങളെക്കുറിച്ച് പരിശോധിക്കാനും സുപ്രീം കോടതി നിർദ്ദേശം നൽകി.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്. ജഡ്ജിമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവർ കൂടി ഉൾപ്പെടുന്നതാണ് ബെഞ്ച്. കേസ് ഇനി ഒക്ടോബർ 13നു പരിഗണിക്കും.

‘‘സ്ത്രീകളെ അക്രമങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതും ലൈംഗികാതിക്രമത്തിന് ഇരകളാക്കുന്നതും അംഗീകരിക്കാനാകില്ല. അക്രമികൾ സ്ത്രീകൾക്കെതിരായ അതിക്രമത്തിന് മുതിരുന്നതിന് പലവിധ കാരണങ്ങളുണ്ടാകാം. വലിയൊരു സംഘത്തിന്റെ ഭാഗമായിട്ടാണ് ഇത്തരമൊരു അതിക്രമം നടത്തുന്നതെങ്കിൽ പിടിക്കപ്പെടില്ലെന്നും അവർ കരുതുന്നുണ്ടാകാം’ – സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

‘‘ഇത്തരം ചേരിതിരിഞ്ഞുള്ള അക്രമങ്ങൾക്കിടെ, ഒരു വിഭാഗത്തിൽപ്പെട്ട സ്ത്രീകളെ തിരഞ്ഞുപിടിച്ച് ലൈംഗികാതിക്രമങ്ങൾക്ക് ഇരകളാക്കുന്നതിലൂടെ ആധിപത്യം നേടിയെന്ന് തെളിയിക്കാൻ മറുവിഭാഗം ശ്രമിക്കും. സംഘർഷത്തിനിടെ സ്ത്രീകൾക്കെതിരെ നടത്തുന്ന ഇത്തരം അതിക്രമങ്ങൾ കടുത്ത ക്രൂരതയാണ്. അത്തരം അക്രമങ്ങളിൽ നിന്ന് ആളുകളെ തടയുകയും അക്രമികൾ ലക്ഷ്യമിടുന്നവരെ സംരക്ഷിക്കുകയും ചെയ്യേണ്ടത് ഭരണകൂടത്തിന്റെ കടമയാണ്. ഏറ്റവും പ്രധാനപ്പെട്ട കടമ’ – സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

കുറ്റവാളികളുമായി ഒത്തുകളിച്ച പൊലീസ് ഉദ്യോഗസ്ഥരുൾപ്പെടെ കുറ്റക്കാരാണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് സ്വമേധയാ വിഷയത്തിൽ ഇടപെടുന്നതെന്ന് കോടതി വ്യക്തമാക്കി. ഇത് നീതിന്യായ സംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസം വർധിപ്പിക്കുമെന്നും ഉത്തരവിൽ പറയുന്നു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!