വിമാനനിരക്കിൽ പകച്ച് പ്രവാസികൾ: യാത്ര മാറ്റിവെച്ചത് നാല് തവണ; ടിക്കറ്റ് നിരക്ക് കുറയുമെന്ന് പ്രതീക്ഷിച്ചവർക്ക് മൂന്നിരട്ടി പ്രഹരം
ദുബായ്: വിമാനനിരക്ക് വർധിച്ചതോടെ മടക്ക യാത്ര പല തവണ നീട്ടി പ്രവാസികൾ. പലർക്കും അവധി തീരും മുൻപ് തിരിച്ചെത്താൻ വഴി തെളിയുന്നില്ല. സെപ്റ്റംബർ ആദ്യ വാരം വരെ 1000 ദിർഹത്തിന് മുകളിലാണ് (22000 രൂപ) കേരളത്തിൽ നിന്നുള്ള നിരക്ക്. 4 പേരടങ്ങുന്നുന്ന കുടുംബത്തിനു മടങ്ങിയെത്താൻ ചുരുങ്ങിയത് 5000 ദിർഹമെങ്കിലും വേണം (1.12 ലക്ഷം രൂപ). നേരിട്ടല്ലാത്ത വിമാനങ്ങളിലും നിരക്കിൽ വലിയ മാറ്റമില്ല. അധിക നിരക്ക് നൽകുന്നതിനൊപ്പം 24 മണിക്കൂറിലധികം യാത്രയ്ക്കും നഷ്ടമാകും.
കൊച്ചി –അബുദാബിയാണ് അൽപമെങ്കിലും ആശ്വാസ നിരക്ക് നൽകിയിരുന്ന റൂട്ട്. ഈ മാസം 17ന് ഇവിടേക്കുള്ള ഏറ്റവും കുറഞ്ഞ നിരക്ക് 1196 ദിർഹമാണ് (ഏകദേശം 27000 രൂപ). എയർ അറേബ്യയിലാണ് ഈ നിരക്ക്. ബജറ്റ് എയൽലൈനുകളായ സ്പൈസ് ജെറ്റിലും എയർ ഇന്ത്യ എക്സ്പ്രസിലും 17ന് കുറഞ്ഞ നിരക്ക് 1306, 1386 എന്നിങ്ങനെയാണ് (ഏകദേശം 30000 രൂപ).
ഈ മാസം 17നു കോഴിക്കോട്ട് നിന്ന് എയർ ഇന്ത്യാ എക്സ്പ്രസ് ദുബായിലേക്ക് സർവീസ് നടത്തുന്നത് 1250 ദിർഹത്തിനാണ് (28000 രൂപ). തിരുവനന്തപുരം– ദുബായ് ഏറ്റവും കുറഞ്ഞ നിരക്ക് 1333 ദിർഹമാണ്. (ഏകദേശം 30000 രൂപ). കൊച്ചി– ദുബായ് എയർ ഇന്ത്യാ എക്സ്പ്രസ് 1250 ദിർഹമാണ് ഈടാക്കുന്നത്.
∙ നിരക്ക് കൂടാൻ കാരണം ഓണം
സാധാരണ ഓഗസ്റ്റ് പകുതിയാകുമ്പോഴേക്കും കേരളത്തിൽ നിന്നുള്ള നിരക്ക് കുറയേണ്ടതാണെങ്കിലും ഓണം കാരണം അൽപം പോലും താഴാതെ തുടരുകയാണെന്നു ട്രാവൽ ഏജൻസികൾ പറയുന്നു. പ്രവാസികളുടെ മധ്യവേനൽ അവധി ഓഗസ്റ്റ് പകുതിയിൽ കഴിയുന്നതോടെ ടിക്കറ്റ് നിരക്കുകൾ കുറയും. ഇത്തവണ ഓണം ഓഗസ്റ്റിൽ തന്നെ വന്നതോടെ പലരും നാട്ടിൽ തന്നെ കൂടി. അവധി നീട്ടിയെടുത്ത് ഓണം ആഘോഷിച്ചു മടങ്ങാമെന്ന തീരുമാനിത്തിലാണ് പലരും. കോവിഡിനു ശേഷം ഇത്രയധികം ആളുകൾ ഒരുമിച്ചു നാട്ടിലേക്കു പോകുന്നതും ആദ്യമാണെന്ന് ട്രാവൽ ഏജൻസികൾ പറയുന്നു.
∙ മസ്കത്ത് വഴി യുഎഇയിലേക്ക്
തിരുവനന്തപുരത്ത് നിന്നു മസ്കത്ത് വഴി ഫുജൈറയിലേക്കും കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നു മുംബൈ വഴി റാസൽഖൈമയിലേക്കുമുള്ള വിമാന സർവീസിനും ആളുകൾ ബുക്ക് ചെയ്യുന്നുണ്ട്. ബുക്കിങ് കൂടിയതോടെ ടിക്കറ്റ് നിരക്ക് 1100 – 1250 ദിർഹത്തിലെത്തി. 31ന് കൊച്ചിയിൽ നിന്നു മസ്കത്ത് വഴി 12 മണിക്കൂറു കൊണ്ടു ദുബായിൽ എത്തുന്ന എയർ ഇന്ത്യാ എക്സ്പ്രസിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. 970 ദിർഹം.
∙ നീളുന്ന മടക്കയാത്ര…
വിദേശത്തേക്കു വരാൻ ശ്രമിക്കുന്ന പലരും യാത്ര മാറ്റിവയ്ക്കുന്ന കഥയാണ് മാധ്യമങ്ങളോട് പങ്കുവച്ചത്. അൽഐനിലേക്ക് കുട്ടികളുമായി വരാൻ ശ്രമിക്കുന്ന സഞ്ജു പി.ബാബു 4 തവണയാണ് യാത്ര മാറ്റിവച്ചത്.
ഭാര്യ പ്രസവശേഷം നേരത്തേ അൽഐനിൽ എത്തി. സഞ്ജുവിന്റെ അമ്മയും മൂത്ത കൂട്ടിയും അടക്കം 4 പേരാണ് യാത്ര ചെയ്യാനിരിക്കുന്നത്. സെപ്റ്റംബർ അവസാന വാരത്തിലേക്കാണ് ഇപ്പോൾ ടിക്കറ്റ് നോക്കുന്നത്. അപ്പോഴേക്കും മൂത്ത കുട്ടിയുടെ സ്കൂൾ തുറക്കും.
ഷാർജയിൽ ജോലി ചെയ്യുന്ന അനുജ വർഗീസും കുടുംബവും ഇനിയും ടിക്കറ്റ് ബുക്ക് ചെയ്തിട്ടില്ല. ഓഗസ്റ്റ് 28ന് ആണ് അനുജയ്ക്ക് ജോലിയിൽ തിരികെ കയറേണ്ടത്. നാട്ടിലേക്കു പോകുമ്പോൾ ഉയർന്ന നിരക്കായതിനാൽ മടക്കയാത്രാ ടിക്കറ്റ് എടുത്തിരുന്നില്ല. റേറ്റ് കുറയുമെന്നു കാത്തിരുന്നെങ്കിലും മൂന്ന് ഇരട്ടിവരെ വർധിച്ചു. ഓണം ഈ മാസം അവസാന വാരമായതാണ് തിരിച്ചടിയായത്. ഓണത്തിനായി നാട്ടിൽ വരുന്നവരും നിലവിൽ അവധിയിലുള്ളവർ ഓണം കഴിഞ്ഞിട്ടു മടങ്ങാമെന്നു തീരുമാനിച്ചതും ടിക്കറ്റ് നിരക്ക് കൂടാൻ കാരണമായി.
(കടപ്പാട് – മനോരമ)
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക