മക്കയിലെ ഹറം പള്ളിയിൽ ജുമുഅ നമസ്കാരത്തിനിടെ ഇമാം തളർന്ന് വീണു; ശെയ്ഖ് സുദൈസ് നമസ്കാരം പൂർത്തിയാക്കി – വീഡിയോ

മക്കയിലെ മസ്ജിദുൽ ഹറമിൽ ജുമുഅ നമസ്കാരത്തിനിടെ ഇമാം കുഴഞ്ഞ് വീണു. ജുമുഅ നമസ്കാരത്തിന് നേതൃത്വം നൽകിയിരുന്ന ശൈഖ് മാഹിർ അൽ മുഅൈഖ്ലിയാണ് തളർന്ന് വീണത്. ഖുതുബ പ്രഭാഷണം നിർവ്വഹിച്ച ശേഷം നമസ്കാരത്തിൽ സൂറത്തുൽ ഫാതിഹ പാരായണം ചെയ്യുന്നതിനിടെയായിരുന്നു തളർച്ച അനുഭവപ്പെട്ടത്. ഇതോടെ നമസ്കാരം പൂർത്തിയാക്കാനാകാതെ അദ്ദേഹം പ്രയാസപ്പെട്ടു. തുടർന്ന് ഇരുഹറം മതകാര്യ മേധാവി ശെയ്ഖ് അബുൽ റഹ്മാൻ അൽ സുദൈസ് നമസ്കാരത്തിന് നേതൃത്ത്വം നൽകി.

ആദ്യ റകഅത്തിൽ സൂറത്തുൽ ഫാത്തിഹ  ഓതികൊണ്ടിരിക്കെ “ഇഹ്ദിന സ്വിറാത്തൽ മുസ്തഖീം” എന്ന് ഓതി മുഴുവനാക്കിയപ്പോഴേക്കും ഇമാം തളർന്നു. തുടർന്ന് നമസ്കാരത്തിന് ഭംഗം വരാതെ തന്നെ അൽപ നിമിഷത്തിന് ശേഷം ഷെയ്ഖ് അബ്ദുൽ റഹ്മാൻ അൽ സുദൈസ് തുടർന്നുള്ള ഭാഗങ്ങൾ പാരായണം ചെയ്തു കൊണ്ട് നമസ്കാരം പൂർത്തിയാക്കുകയായിരുന്നു.

കുഴഞ്ഞു വീണ ശൈഖ് മാഹിറിനെ വൈദ്യപരിശോധനക്കായി ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹം പൂർണ ആരോഗ്യവാനാണെന്നും സുഖം പ്രാപിച്ച് വരികയാണെന്നും ഇരുഹറം പ്രസിഡൻസി പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.

ശബ്ദമാധുര്യം കൊണ്ടും നല്ല പാരായണം കൊണ്ടും വേറിട്ടുനിൽക്കുന്ന “ശെയ്ഖ് മാഹിറിൻ്റെ” രോഗശാന്തിക്കും ആരോഗ്യത്തിനും വേണ്ടിയുള്ള പ്രാർഥനകളാൽ വിശ്വാസികൾ സോഷ്യൽ മീഡിയകളിലെ വാർത്ത ലിങ്കിന് താഴെ കമൻ്റുകൾ ചെയ്തു.

2012 ൽ നിയമശാസ്ത്രത്തിൽ പിഎച്ച്ഡി നേടിയ ഇസ്ലാമിക ലോകത്തെ ഏറ്റവും പ്രശസ്തരായ ഖുർആൻ പാരായണക്കാരിൽ ഒരാളാണ് ശെയ്ഖ് മാഹിർ. തൻ്റെ വ്യത്യസ്ഥമായ ശബ്ദമാധുര്യം കൊണ്ട് ലോകമെമ്പാടുമുള്ള വിശ്വാസികളുടെ മനസിൽ അദ്ദേഹത്തിന് പ്രത്യേകമായ സ്ഥാനം തന്നെയുണ്ട്.

ഹിജ്റ 1428 ലെ റമദാൻ മാസത്തിലാണ് ശെയ്ഖ് മാഹിറിനെ മസ്ജിദുൽ ഹറമിലെ ഔദ്യോഗിക ഇമാമായി നിയമിക്കുന്നത്.

 

വീഡിയോ കാണാം…

 

ശെയ്ഖ് മാഹിർ ഇന്ന് നടത്തിയ ഖുത്തുബ പ്രഭാഷണത്തിൽ നിന്നുള്ള ഭാഗം

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!